സംസ്ഥാനത്തിന്റെ സമഗ്ര വികസന ലക്ഷ്യവുമായി തുടങ്ങിയ കേരള ബാങ്ക് രൂപീകരണലക്ഷ്യം നേടുന്നതായി സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2025 നവംബറിൽ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ കേരള ബാങ്ക് മികച്ച ബിസിനസ്സ് വളർച്ച കൈവരിച്ചു. 2019-20 സാമ്പത്തിക വർഷത്തിലെ 1.01 ലക്ഷം കോടി രൂപ ബിസിനസ്സ് നിലവിൽ 1.24 ലക്ഷം കോടിയായി ഉയർന്നു. 2024 സെപ്തംബർ മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലയളവിൽ മാത്രം 7900 കോടി രൂപയുടെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020 മാർച്ചിൽ 61037 കോടി രൂപയായിരുന്ന നിക്ഷേപം 71877 കോടി രൂപയായി വർദ്ധിച്ചു. പ്രമുഖ വാണിജ്യ ബാങ്കുകൾക്ക് മാത്രം അവകാശപ്പെടാവുന്ന 50000 കോടി രൂപ വായ്പാ ബാക്കിനിൽപ്പ് എന്ന ചരിത്ര നേട്ടം കേരള ബാങ്ക് പിന്നിട്ടു കഴിഞ്ഞു. 52000 കോടി രൂപ വായ്പാ ബാക്കിനിൽപ്പോടെ കേരള ബാങ്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക കരുത്തായി മാറിയതായി മന്ത്രി പറഞ്ഞു.
പ്രവാസി വായ്പ്പകൾ, കാർഷിക വായ്പ്പകൾ, സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ വായ്പ്പകൾ, വനിതാ വായ്പ്പകൾ, ഉൾപ്പെടെ അൻപതിലധികം വായ്പാ പദ്ധതികൾ കേരള ബാങ്കിലുണ്ട്. ആകെ വായ്പയുടെ 27% ൽ അധികം തുക കാർഷിക മേഖലയ്ക്ക് അനുവദിക്കുന്നു. 2025 മാർച്ചിലെ കണക്ക് പ്രകാരം കാർഷിക വായ്പാ ബാക്കിനിൽപ്പ് 13129 കോടി രൂപയാണ്. സാധാരണ ഉപഭോക്താക്കൾക്ക് മിതമായ പലിശയിൽ അടിയന്തര വായ്പ ലഭ്യമാക്കാൻ ആരംഭിച്ച 100 ഗോൾഡൺ ഡേയ്‌സ് ക്യാമ്പയിൻ വഴി 93 ദിവസങ്ങളിൽ 2374 കോടി രൂപയുടെ വായ്പ അനുവദിച്ചു. 109376 പുതിയ ഗോൾഡ് ലോൺ അക്കൗണ്ടുകളിലൂടെയാണ് ഈ നേട്ടം ബാങ്ക് സ്വന്തമാക്കിയത്. റിസ്‌ക് വെയിറ്റേജ് കുറഞ്ഞ 1 ലക്ഷം രൂപ വരെയുള്ള സ്വർണ്ണപ്പണയ വായ്പയിൽ മാത്രം ഈ കാലയളവിൽ 343 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായതായി മന്ത്രി പറഞ്ഞു.