മാറുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാൻ കേരളത്തിനാകണം : മന്ത്രി കെ എൻ ബാലഗോപാൽ

Spread the love

ലോകത്തെ മാറുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാൻ കേരളത്തിനാകണമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. തൊഴിലും നൈപുണ്യവും വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ ദി ക്വയിലോൺ ബീച്ച് ഹോട്ടലിലെ ഓർക്കിഡ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗിഗ് ഇക്കോണമി പോലുള്ള സംവിധാനങ്ങൾ വളരുന്ന കാലത്ത് കേരളം വർഷങ്ങളായി പിന്തുടരുന്ന സമത്വം, നീതി, സുരക്ഷിതവും മാന്യവുമായ തൊഴിൽ അന്തരീക്ഷം തുടങ്ങിയവ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിൽ ഉയർന്ന ജീവിതനിലവാരം ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്ത്രീകളുടെ പങ്കാളിത്തം പരമ്പരാഗത വ്യവസായ- തൊഴിൽ മേഖലകളിൽ ഉൾപ്പെടെ ശ്രദ്ധേയമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കൂലി നൽകുന്നത് കേരളത്തിലാണ്. മിനിമം വേതനം ഉൾപ്പടെ പ്രഖ്യാപിച്ചു. സ്ത്രീകൾക്കായി ധാരാളം ക്ഷേമപദ്ധതികൾ നടപ്പാക്കി സാമൂഹിക ജീവിതം മെച്ചപ്പെടുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

സമസ്ത മേഖലകളിലും വികസനവും ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കുന്നു. സാമൂഹിക ക്ഷേമ പെൻഷൻ 2000 രൂപയാക്കി. വീട്ടമ്മമാർ, യുവതിയുവാക്കൾ, അങ്കണവാടി, ആശാ പ്രവർത്തകർ, പാചക തൊഴിലാളികൾ തുടങ്ങി എല്ലാവരെയും സർക്കാർ ചേർത്തു പിടിക്കുന്നു. ആഭ്യന്തര വരുമാനത്തിൽ കേരളം മുന്നിലാണ്; ഈ വർഷം 95000 കോടി രൂപയാണ്. അടുത്ത വർഷം ഇത് ഒരു ലക്ഷം കോടി രൂപയാകും. സംസ്ഥാനത്തിന് അർഹമായ അനുകൂല്യങ്ങൾ ലഭിക്കുന്നില്ലെങ്കിലും ചെലവ് കുറച്ചിട്ടില്ല. 1,75000 കോടി രൂപയാണ് സർക്കാർ വിവിധ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കുമായി ചെലവാക്കിയത്.

സംഘടിത തൊഴിൽ ഇടങ്ങളുടെ അഭാവം, ഗിഗ് തൊഴിൽ രീതിയുടെ വെല്ലുവിളികൾ, നിർമിതബുദ്ധി ഉണ്ടാക്കുന്ന തൊഴിലില്ലായ്മ പ്രശ്നങ്ങൾ തുടങ്ങിയ അവസ്ഥകളെ എങ്ങനെ മറികടക്കാമെന്ന ആശയങ്ങൾ ഈ സെമിനാറിലൂടെ ഉരുത്തിരിയണമെന്നും ട്രേഡ് യൂണിയൻ പ്രതിനിധികളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി തൊഴിൽ അവകാശങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ അവതരിപ്പിച്ചു. എം.എൽ.എമാരായ എം നൗഷാദ്, സുജിത്ത് വിജയൻപിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, ജില്ലാ കലക്ടർ എൻ ദേവിദാസ്, മുൻ മന്ത്രിമാരായ എളമരം കരീം, ജെ മേഴ്‌സികുട്ടിഅമ്മ, സ്വാഗതസംഘം കൺവീനർ എസ് ജയമോഹൻ, എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടർ സൂഫിയാൻ അഹമദ്, ടെരുമോ പെൻപോൾ മുൻ എം.ഡി സി പത്മകുമാർ, പ്ലാനിങ് ബോർഡ് അംഗം ഡോ. രവി രാമൻ, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയേഷ്, ഐ എൽ ഒ നാഷണൽ പ്രൊജക്റ്റ് കോർഡിനേറ്റർ കരുൺ ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *