
അമ്പത്തഞ്ചാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ പ്രതിഭകളെ കോൺഗ്രസ് പ്രവർത്തക സമതി അംഗം രമേശ് ചെന്നിത്തല അഭിനന്ദിച്ചു.
മികവിന്റെ കിരീടം ചൂടിയ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ ചെന്നിത്തല പ്രത്യേകം അഭിനന്ദിച്ചു. “മകച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ പ്രിയ സുഹൃത്ത് മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഈ ചിത്രത്തിലെ കൊടുമണ് പോറ്റി, മമ്മൂട്ടിയെന്ന മഹാനടന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയനായ കഥാപാത്രമാണ്. ഇത് എട്ടാം തവണയാണ് മമ്മൂട്ടിക്കു മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. ചെറിയൊരു ഇടവേള രോഗത്തിന്റെ പിടിയിലായ ശേഷം ആരാധകരെ ആനന്ദഭരിതരാക്കിയാണു മമ്മൂട്ടി തിരികെയെത്തിയത്. രണ്ടാം 
വരവിനുള്ള വരദാനമായിട്ടാണു അഭിനയ മികവിന്റെ ഈ പൊൻതൂവൽ കാണുന്നത്. മലയാളിയുടെ പൗരഷത്തിന്റെ പ്രതീകമായ മമ്മൂട്ടിയിൽ നിന്നു ഇനിയും എത്രയോ മികച്ച അഭിനയമുഹൂർത്തങ്ങൾ നമ്മെ കാത്തിരിക്കുന്നു” എന്നും ചെന്നിത്തല ആശംസിച്ചു.
മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ഷംല ഹംസയ്ക്കും ചെന്നിത്തല അഭിനന്ദനം അറിയിച്ചു. ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് ഷംല ഹംസയെ ഈ വലിയ നേട്ടത്തിന് അർഹയാക്കിയത്. മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനെയും ജ്യോതിർമയിയെയും അദ്ദേഹം അഭിനന്ദിച്ചു.
മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ചിദംബരം, മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയ ഫാസിൽ മുഹമ്മദ് എന്നിവർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ. അന്ടപത്തഞ്ചാമത് സംസ്ഥാന അവർഡ് നേടിയ മുഴുവൻ ചലച്ചിത്ര പ്രവർത്തകർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ നേരുന്നതായി ചെന്നിത്തല അറിയിച്ചു.