
ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തുനല്‍കി.
വര്‍ക്കലയില്‍ വെച്ച് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് മദ്യലഹരിയിലായിരുന്ന അക്രമി യുവതിയെ ചവിട്ടി ട്രാക്കിലേക്കിട്ട സംഭവം സ്ത്രീ യാത്രക്കാര്‍ നേരിടുന്ന അപകടസാധ്യത തുറന്നുകാട്ടുന്നതാണ്. അക്രമി അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. ഓടുന്ന ട്രെയിനുകളില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. 2023-24 കാലഘട്ടത്തില്‍ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് റെയില്‍വെയ്ക്ക് ലഭിച്ച പരാതികള്‍ 4.57 ലക്ഷം ആയിരുന്നെങ്കില്‍ 2024-25 ലത് 7.5 ലക്ഷമാണ്. ഈ വര്‍ധനവ് ആശങ്കപ്പെടുത്തുന്നതാണെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ഈ കണക്കുകള്‍ യാത്രക്കാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കുന്നതില്‍ റെയില്‍വെയുടെ അനാസ്ഥതയും അലംഭാവവും വ്യക്തമാക്കുന്നതാണ് . ഈ പ്രശ്‌നത്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇത്തരം അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകളും നടപടികളും അടിയന്തരമായി സ്വീകരിക്കണം. വര്‍ക്കലയില്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് ചികിത്സാ സഹായം നല്‍കാന്‍ റെയില്‍വെ മന്ത്രാലായം തയ്യാറാകണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ട്രെയിനിൽ പെൺകുട്ടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രിയോടും കെസി വേണുഗോപാൽ കത്തിലൂടെ ആവശ്യപ്പെട്ടു.