രമേശ് ചെന്നിത്തലയുടെ ജില്ലാതല വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സ് വാക്കത്തോൺ ആദ്യഘട്ട സമാപനം നാളെ കൊച്ചിയിൽ ( 4 ചൊവ്വ)

Spread the love

   

കൊച്ചി : കേരളത്തിനെ കീഴടക്കാൻ ശ്രമിക്കുന്ന ലഹരി മാഫിയക്കെതിരെ പൊതുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി രമേശ് ചെന്നിത്തല നയിക്കുന്ന ജില്ലാതല വാക്കത്തോണുകളുടെ സമാപനം നാളെ (നവംബർ 4 ചൊവ്വ) കൊച്ചിയിൽ നടക്കും.

കേരളത്തിലെ 13 ജില്ലകളിലും സംഘടിപ്പിച്ച ലഹരിക്കെതിരെ സമൂഹ നടത്തം പരിപാടിയുടെ അവസാന ജില്ലാതല പരിപാടി ആണ് കൊച്ചിയിൽ അരങ്ങേറുന്നത്. ഇതോടെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രൗഡ് കേരള സംഘടിപ്പിക്കുന്ന ലഹരി മരുന്നിനെതിരെയുള്ള പോരാട്ടത്തിന്റെ ആദ്യഘട്ടത്തിന് സമാപനമാകും.

പ്രൗഡ് കേരളയുടെ പതിനാലാമത് വാക്ക് ഏഗൻസ്റ്റ് ഡ്രഗ്സ് – ലഹരിക്കെതിരെ സമൂഹ നടത്തം കൊച്ചിയിൽ നാളെ ( 4 ചൊവ്വ) രാവിലെ ആറ് മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യപ്പെടും.

കൊച്ചി മറൈൻഡ്രൈവ് മുതൽ ദർബാർ ഗ്രൗണ്ട് വരെ നീളുന്ന യാത്രയിൽ കൊച്ചിയിലെ രാഷ്ട്രീയസാംസ്കാരിക പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുക്കും. ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ രമേശ് ചെന്നിത്തല ജാഥാംഗങ്ങൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് പ്രതിരോധം തീർക്കുന്നതിന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രൂപംകൊണ്ട രാഷ്ട്രീയ രഹിത മുന്നേറ്റമാണ് പ്രൗഡ് കേരള.

ലഹരിക്കെതിരെ സമൂഹ നടത്തം എന്ന പരിപാടി ആരംഭിച്ചത് കോഴിക്കോട് ആണ്. തുടർന്ന് തിരുവനന്തപുരം കൊല്ലം ആലപ്പുഴ പത്തനംതിട്ട കാസർഗോഡ് മലപ്പുറം തൃശൂർ കണ്ണൂർ വയനാട്, പാലക്കാട്, കോട്ടയം ഇടുക്കി തുടങ്ങിയ ജില്ലകൾ പിന്നിട്ട ശേഷമാണ് ഇത് കൊച്ചിയിൽ സമാപിക്കുന്നത്.

നിയമസഭയിൽ വെളിപ്പെടുത്തപ്പെട്ട കണക്കനുസരിച്ച് 18 വയസിൽ താഴെ പ്രായമുള്ള 588 കുട്ടികളെയാണ് സംസ്ഥാന ഡി അഡിക്ഷൻ സെന്ററിൽ ലഹരിമുക്തി ചികിത്സയ്ക്കു വിധേയരാക്കിയത്. 2024ൽ 2,880 കുട്ടികൾ സർക്കാർ കേന്ദ്രങ്ങളിൽ മാത്രം ലഹരിവിമുക്ത ചികിത്സയ്ക്കു വിധേയരായി. ഇത് 2023നെക്കാൾ 45 ശതമാനം അധികമാണ്. കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ പേടിപ്പിക്കുന്ന കണക്കാണിത്.
ഇന്നത്തെ യുവജന സമൂഹത്തെ ലഹരിക്ക് അടിമകളാക്കി നമ്മുടെ നാടിനെ തകർക്കുകയാണ് ലഹരിമാഫിയയുടെ ലക്ഷ്യം. നേരത്തേ മുംബൈയിലും ഗോവയിലും വേരുറപ്പിച്ചിരുന്ന, പിന്നീട് പഞ്ചാബിനെ ലഹരിയിൽ മുക്കിയ സംഘമാണ് ഇപ്പോൾ കേരളത്തിലേക്ക് ചുവടു മാറ്റുന്നത്. ഇതിനെതിരേ ശക്തമായ ജനമുന്നേറ്റം നടത്തേണ്ടതിലേക്കു വിരൽ ചൂണ്ടുകയാണ് പ്രൗഡ് കേരള മൂവ്‌മെന്റ് നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങൾ. രാഷ്ട്രീയത്തിനതീതമായി മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണയും പ്രോത്സാഹനവും ഈ സദുദ്യമത്തിനുണ്ടാകണമെന്നും മയക്കുമരുന്ന് വ്യാപനത്തിനെതിരെ എല്ലാ പ്രസ്ഥാനങ്ങളും സംഘടനകളും കൈകോർക്കണമെന്നും സംഘാടകർ അഭ്യർഥിച്ചു.

സ്കൂളുകളും കോളേജുകളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ രാഷ്ട്രീയേതര പ്രസ്ഥാനങ്ങളും ഇതിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *