പാവങ്ങള്‍ക്ക് വീട് വയ്ക്കാനുള്ള പണത്തില്‍ നിന്നും ഒന്നരക്കോടി എടുത്താണോ ആഘോഷം നടത്തുന്നത്? : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (03/11/2025).

അതിദരിദ്രര്‍ ഇല്ലെന്ന പ്രഖ്യാപനം പി.ആര്‍ പ്രൊപ്പഗന്‍ഡ; കള്ളക്കണക്കെന്നു ചൂണ്ടിക്കാട്ടിയവര്‍ക്കെതിരെ സി.പി.എം സൈബര്‍ ആക്രമണം നടത്തുന്നു; പാവങ്ങള്‍ക്ക് വീട് വയ്ക്കാനുള്ള പണത്തില്‍ നിന്നും ഒന്നരക്കോടി എടുത്താണോ ആഘോഷം നടത്തുന്നത്? അറിയേണ്ട കാര്യങ്ങളൊന്നും എം.വി ഗോവിന്ദന്‍ അറിയുന്നില്ല; മന്ത്രിസഭയും മുന്നണിയും പാര്‍ട്ടിയും അറിയാതെ പി.എം ശ്രീയില്‍ ഒപ്പിട്ടത് തെറ്റായിപ്പോയെന്ന് തിരിച്ചറിഞ്ഞത് ഇപ്പോള്‍.

തിരുവനന്തപുരം : സര്‍ക്കാര്‍ 64000 പേരെ സഹായിക്കാന്‍ തീരുമാനിച്ചാല്‍ പ്രതിപക്ഷം എന്തിനാണ് അതിനെ എതിര്‍ക്കുന്നത്? സി.പി.എം ആയിരുന്നെങ്കില്‍ എതിര്‍ത്തേനെ. ഒന്‍പതര കൊല്ലം കഴിഞ്ഞ് പോകുന്ന പോക്കില്‍ കേരളം അതിദാരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമാണെന്ന പ്രഖ്യാപനത്തെയാണ് പ്രതിപക്ഷം എതിര്‍ത്തത്. അല്ലാതെ 64000 പേരെ സഹായിച്ചതിനെ പ്രതിപക്ഷം ഒരിടത്തും വിമര്‍ശിച്ചിട്ടില്ല. അവര്‍ക്ക് സര്‍ക്കാര്‍ പറയുന്നതു പോലെ ഒരു സഹായവും നല്‍കിയിട്ടില്ല. ബജറ്റ് വിഹിതം പോലും ചെലവഴിച്ചിട്ടില്ല. പി.ആര്‍ പ്രൊപ്പഗന്‍ഡ മാത്രമാണ് ഈ പ്രഖ്യാപനം. അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനമുണ്ടായ അന്ന് തിരുവനന്തപുരത്ത് പട്ടിണി മരണമുണ്ടായി. സര്‍ക്കാരിന്റേത് തെറ്റായ കള്ളക്കണക്കാണ്. അത് ചൂണ്ടിക്കാട്ടിയ ആര്‍.വി.ജി മേനോനെയും ഡോ. കെ.പി കണ്ണനെയും എം.കെ ദാസിനെയും ഡോ. എം.എ ഉമ്മനെയും അരവിന്ദാക്ഷനെയും സി.പി.എം സൈബര്‍ സെല്ലുകള്‍ എത്ര മോശമായാണ് ആക്രമിച്ചത്. നാടു കടത്താന്‍ പിണറായി വിജയന് അധികാരമില്ലാത്തതു കൊണ്ടാണ്, അല്ലെങ്കില്‍ അവരെ നാടുകടത്തിയേനെ.

എതിര്‍പ്പിനെ പേടിയാണ്. അധികാരത്തില്‍ ആര് ഇരുന്നാലും അവരെ വിമര്‍ശിക്കും. അത് പ്രതിപക്ഷത്തിന്റെ ജോലിയാണ്. മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന എം.ബി രാജേഷ് ഇന്നലെ എത്ര മോശമായാണ് പ്രതിപക്ഷത്തെ വിമര്‍ശിച്ചത്. പ്രതിപക്ഷ നേതാവ് വിളിച്ച് കൂകുകയാണെന്നാണ് പറഞ്ഞത്. കോണ്‍ഗ്രസുകാരെല്ലാം എഴുത്തും വായനയും അറിയാത്തവരാണെന്നും അവരെല്ലാം ബുദ്ധിജീവികളാണെന്നുമാണ് പറയുന്നത്. ബുദ്ധിജീവി നാട്യം നടിക്കുന്നവരുടെ നാവില്‍ നിന്നും വരുന്ന വാക്കുകളാണിത്. കേരളത്തിലെ പ്രതിപക്ഷ നേതാവ് സര്‍ക്കാരിന്റെ ഒരു നടപടിയെ വിമര്‍ശിച്ചപ്പോള്‍ പട്ടി ഓരിയിടുന്നതു പോലെ, കുറുക്കന്‍ ഓരിയിടുന്നതു പോലെ വിളിച്ചു കൂകുന്നു എന്ന വാക്കാണ് മന്ത്രി പറഞ്ഞത്. അസഹിഷ്ണുതയാണ് ഇവരുടെ മുഖമുദ്ര. പിണറായി വിജയന്റെ സ്വഭാവം ഇവരിലേക്കൊക്കെ വന്നരിക്കുകയാണ്. ആരും വിമര്‍ശിക്കാന്‍ പാടില്ല.

സര്‍ക്കാരിന് എതിരെ സംസാരിച്ചതിന് കല്‍പറ്റ നാരായണനെതിരെ എന്ത് മോശമായാണ് സി.പി.എം സൈബര്‍ ഹാന്‍ഡിലുകള്‍ പ്രതികരിച്ചത്. അതിദാരിദ്ര രഹിത സംസ്ഥാനം എന്ന പ്രഖ്യാപനത്തെ ചോദ്യം ചെയ്തത് ഇടതു സഹയാത്രികരായ സാമൂഹിക പ്രവര്‍ത്തകരാണ്. സര്‍ക്കാര്‍ ചെയ്തത് തെറ്റാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. അവരുടെ ചേദ്യങ്ങള്‍ക്ക് മറുപടിയില്ല. എന്നിട്ടാണ് അവരെ വിമര്‍ശിക്കുന്നതും മെക്കിട്ട് കയറുന്നതും. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് ഓര്‍ക്കണം. ഇവിടെ വിമര്‍ശിക്കുക തന്നെ ചെയ്യും. പി.ആര്‍ പ്രൊപ്പഗന്‍ഡയുമായി ഇറങ്ങിയാല്‍ അതിനെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടും. തിരഞ്ഞെടുപ്പിന്റെ തലേ ആഴ്ച നടത്തുന്ന നമ്പര്‍ ഞങ്ങള്‍ ജനങ്ങളോട് പറയും. നിങ്ങളുടെ മുഖംമൂടി അഴിച്ചു മാറ്റും. രാവിലെ കോടിക്കണക്കിന് രൂപയുടെ പരസ്യവും നല്‍കി, പാവപ്പെട്ടവന് വീട് വച്ചു നല്‍കേണ്ട പണം വകമാറ്റി സിനിമാ താരങ്ങളെ കൊണ്ടു വന്ന് ആഘോഷവും നടത്തി. ഇതൊന്നും കൂടാതെ എം.എല്‍.എമാരെയെല്ലാം തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി മുഖ്യമന്ത്രിയുടെ പ്രസ്താവനയും വായിച്ച് കേള്‍പ്പിച്ച് എന്തിനാണ് ഈ നടാകം നടത്തുന്നത്. ആരെ കബളിപ്പിക്കാനാണ്. അതൊക്കെ ഇനിയും തുറന്നു കാട്ടും.

പാവങ്ങള്‍ക്ക് വേണ്ടി വീട് വയ്ക്കാന്‍ നീക്കി വച്ചിരിക്കുന്ന പണത്തില്‍ നിന്നും ഒന്നരക്കോടി എടുത്താണോ ആഘോഷം നടത്തുന്നതും കോടികളുടെ പരസ്യം നല്‍കുന്നതും നിയമസഭയില്‍ സമ്മേളനം നടത്തുന്നതും? എന്നിട്ടാണ് കേരളം അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന തെറ്റായ സന്ദേശം നല്‍കുന്നത്. അതിനെയാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്.

അറിയേണ്ട കാര്യങ്ങളൊക്കെ പ്രതിപക്ഷ നേതാവ് അറിയുന്നുണ്ട്. ഒന്നും അറിയാതെ പോകുന്നത് എം.വി ഗോവിന്ദനാണ്. മന്ത്രിസഭയിലും ഇടതു മുന്നണിയിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്യാതെ പി.എം ശ്രീയില്‍ ഒപ്പിട്ടത് തെറ്റായിപ്പോയെന്ന് എം.വി ഗോവിന്ദന്‍ ഇപ്പോഴാണ് തിരിച്ചറിഞ്ഞത്.

ട്രെയിനില്‍ സാധാരണക്കാരുടെ സുരക്ഷയ്ക്ക് ഒരു വിലയുമില്ലാത്ത കാലമാണിത്. വളരെ ഗൗരവത്തോടെ റെയില്‍വെയും സംസ്ഥാന സര്‍ക്കാരും പൊലീസും ഈ അവസ്ഥ പരിഹരിക്കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ ഒരുക്കണം. നിരവധി കുട്ടികളും പ്രായമായവരുമൊക്കെ ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണ്. ഇതുപോലുള്ള ക്രിമിനലുകള്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാനുള്ള ഫലപ്രദമായ സംവിധാനം ഒരുക്കാന്‍ റെയില്‍വെയും പൊലീസും തയാറാകണം.

എസ്.ഐ.ആര്‍ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അത് നടപ്പാക്കുന്നത് സത്യസന്ധമാണെന്ന് ഉറപ്പാക്കപ്പെടേണ്ടതുണ്ട്. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗവുമായി സഹകരിക്കും. വോട്ടര്‍ പട്ടികയില്‍ നിന്നും അന്‍പത്തിരണ്ടര ലക്ഷം പേരെയാണ് നീക്കം ചെയ്യുന്നത്. ഒരു നിയോജക മണ്ഡലത്തില്‍ നിന്നും മുപ്പത്തി അയ്യായിരം മുതല്‍ നാല്‍പതിനായിരം വോട്ടുകള്‍ നീക്കം ചെയ്യപ്പെടും. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മനപൂര്‍വമായാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ എസ്.ഐആര്‍ അടിച്ചേല്‍പ്പിക്കുന്നത്. സംസ്ഥാനത്ത് ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറും എസ്.ഐ.ആര്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ മനപൂര്‍വമായി അതു ചെയ്യുകയാണ്. സത്യസന്ധവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് അവര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *