പാളയത്ത് മുന്‍ മുഖ്യമന്ത്രി ആര്.ശങ്കറിന്റെ പ്രതിമ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് അതിക്രമിച്ച് കയറി ശിലാഫലകം നശിപ്പിക്കുകയും പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനായി കോണ്‍ക്രീറ്റ് തൂണുകള്‍ നാട്ടുകയും ചെയ്ത സ്ഥലം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്, മുന്‍ കെപിസിസി പ്രസിഡന്റുമാരായ എംഎം ഹസന്, കെ.മുരളീധരന് എന്നിവര്‍ സന്ദര്‍ശിച്ചു. കേരളത്തിന്റെ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും അടിത്തറപാകിയ ഭരണാധികാരിയായ ആര്.ശങ്കറിനോട് കാട്ടിയ കടുത്ത അവഹേളനമാണിതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ആര്.ശങ്കറിന്റെ പ്രതിമസ്ഥിതി ചെയ്യുന്ന സ്ഥലത്ത് അതിക്രമിച്ച് കയറിയതും ശിലാഫലകം തകര്‍ത്തും പ്രതിമയെ വികൃതമാക്കുന്ന വിധം പരസ്യ ബോര്‍ഡ് സ്ഥാപിക്കാന്‍ ശ്രമിച്ചതും പ്രതിഷേധാര്‍ഹമാണ്. ഇതിന് ഉത്തരവാദികളായവരെ സര്‍ക്കാര്‍ കണ്ടെത്തണമെന്നും സണ്ണി ജോസഫ് പറഞ്ഞു. ആര്. ശങ്കറിനോട് കാണിച്ച അനാദരവിലും അവഹേളനത്തിലും പ്രതിഷേധിച്ച് കെപിസിസിയുടെ ആഹ്വാന പ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തി.