തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്: പ്രചാരണപ്രവർത്തനങ്ങൾ സമാധാനപരമായിരിക്കണം

Spread the love

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള പ്രചാരണപ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് നിയമങ്ങളും മാതൃകാപെരുമാറ്റചട്ടവും പാലിച്ചുവേണം നടത്താനെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ രാഷ്ട്രീയപാർട്ടികളോടും സ്ഥാനാർത്ഥികളോടും ആവശ്യപ്പെട്ടു.സമാധാനപൂർണമായ പ്രചാരണ പ്രവർത്തനങ്ങളിലൂടെ തിരഞ്ഞെടുപ്പ് നീതിപൂർവവും, നിഷ്പക്ഷവും, സുതാര്യവുമായി നടത്തുന്നതിന് എല്ലാ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും സഹകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അഭ്യർത്ഥിച്ചു.മാതൃകാപെരുമാറ്റചട്ടം, ഹരിതചട്ടപാലനം, മറ്റു തിരഞ്ഞെടുപ്പ് നിയമങ്ങൾ എന്നിവ എല്ലാവരും പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഉടനേതന്നെ ബാലറ്റ്‌ പേപ്പറുംബാലറ്റ്‌ ലേബലുകളും അച്ചടിക്കുന്നതിനായി ബന്ധപ്പെട്ട പ്രസ്സുകളിലേയ്ക്ക് പട്ടിക വരണാധികാരികൾ അയയ്ക്കുന്നതാണ്. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യാൻ വരണാധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.സ്ഥാനാർത്ഥികൾ പ്രചാരണത്തിനായി തുക ചെലവിടുന്നത് നിയമാനുസൃതമാണോയെന്ന് പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാലുടൻ രാഷ്ട്രീയപാർട്ടിപ്രതിനിധികളുടെ യോഗം വിളിക്കാൻ എല്ലാ റിട്ടേണിംഗ് ഓഫീസർമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.സ്ഥാനാർത്ഥികളും പാർട്ടികളും നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളിൽ ചട്ടലംഘനമുണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.
സർക്കാർ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും, മറ്റു പൊതു ഇടങ്ങളിലും ചുവർ എഴുതാനോ, പോസ്റ്റർ ഒട്ടിക്കാനോ, ബാനർ, കട്ടൗട്ട് എന്നിവ സ്ഥാപിക്കാനോ പാടില്ല. പൊതു ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ളവ നീക്കം ചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നോട്ടീസ് ലഭിച്ചിട്ടും നീക്കം ചെയ്തില്ലെങ്കിൽ അവ നീക്കം ചെയ്യുകയും അതിനുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ചേർക്കുകയും ചെയ്യാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കമ്മീഷണർ അറിയിച്ചു.ബന്ധപ്പെട്ട നിയമവ്യവസ്ഥകളും കോടതി ഉത്തരവുകളും പാലിച്ചായിരിക്കണം പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ല. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഉച്ചഭാഷിണി, വാഹനം എന്നിവയ്ക്ക് ആവശ്യമായ അനുമതി ബന്ധപ്പെട്ട അധികാരികളിൽ നിന്നും വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

Author

Leave a Reply

Your email address will not be published. Required fields are marked *