തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

(തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു കൊണ്ട് പ്രതിപക്ഷ നേതാവ് എറണാകുളം ബി.ടി.എച്ച് ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനം  24-11-2025).

കൊച്ചി :  തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള യു.ഡി.എഫിന്റെ പ്രകടനപത്രിക അഭിമാനത്തോടെ അവതരിപ്പിക്കുന്നു. വിശദമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് യു.ഡി.എഫ് പ്രകടന പത്രിക അവതരിപ്പിക്കുന്നത്. അധികാരവികേന്ദ്രീകരണം വന്ന ശേഷമുള്ള നേട്ടങ്ങളെയും കോട്ടങ്ങളെയും വിലയിരുത്തിയ ശേഷമാണ് അധികാര വികേന്ദ്രീകരണം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ രാജ്യത്തിന് മാതൃകയാകുന്ന തരത്തില്‍ കേരളത്തില്‍ നടപ്പാക്കാനാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്. നടപ്പാക്കാന്‍ പറ്റാത്ത ഒരു പ്രഖ്യാപനങ്ങളും ഈ പ്രകടന പത്രികയില്‍ ഇല്ല. നടപ്പാക്കാന്‍ സാധിക്കുമെന്ന് പൂര്‍ണമായും ബോധ്യമുള്ള പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്.

*പുതിയ കേരളത്തിനായി പുതിയ പദ്ധതികള്‍.

ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനായി യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന, എല്‍ ഡി എഫ് സര്‍ക്കാര്‍ തമസ്‌കരിച്ച ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടമായി ‘ആശ്രയ 2.0’ ആരംഭിക്കും.

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളുടെ ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യാനും, ലഘൂകരിക്കാനും പ്രത്യേക കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും.

കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ ഇന്ദിര കാന്റീന്‍ പോലുള്ള മെച്ചപ്പെട്ട കാന്റീനുകള്‍ ആരംഭിക്കും.

ലോകോത്തര ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും.

100% വീടുകളില്‍ നിന്നും ബയോ വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യ ശേഖരണം ഉറപ്പാക്കും.

എല്ലാ വാര്‍ഡുകളിലും കമ്പോസ്റ്റ് യൂണിറ്റുകളും എല്ലാ നഗരങ്ങളിലും ബയോഗ്യാസ് പ്ലാന്റുകളും ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കും.

തെരുവ് നായ പ്രശ്‌നങ്ങളില്‍ നിന്നും ശാശ്വത പരിഹാരം. മാംസ മാലിന്യ നിര്‍മ്മാജനത്തോടൊപ്പം എബിസി കര്‍ശനമായി നടപ്പിലാക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആധുനിക അറവുശാലകള്‍ സ്ഥാപിക്കും.
വാര്‍ഡുകള്‍ തോറും മാസത്തിലൊരിക്കല്‍ വന്ധ്യംകരണത്തിനും, വാക്സിനേഷന്‍ ഡ്രൈവുകള്‍ക്കുമായി ഒരു മൊബൈല്‍ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) യൂണിറ്റ് സ്ഥാപിക്കും.
ഓരോ നിയമസഭാ മണ്ഡലത്തിലും ഡോഗ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും.
റാബീസ് പിടിപെട്ട് തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യും.

പൊതുജനാരോഗ്യ സംരക്ഷണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യ ചുമതലയാക്കും. അമീബിക് മസ്തിഷ്‌കജ്വരം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ എന്നിവ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ശുചീകരണം ഉറപ്പുവരുത്തുന്നതിനായി പ്രത്യേകം സ്‌ക്വാഡ് രൂപീകരിക്കും.
ന്മ അങ്കണവാടികള്‍ ആധുനികവല്‍ക്കരിക്കും. ജീവനക്കാര്‍ക്ക് അധിക ആനുകൂല്യം നല്‍കും.
ന്മ വന്യജീവികളില്‍ നിന്ന് സംരക്ഷണം. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക സ്‌ക്വാഡ്.

എല്ലാവര്‍ക്കും മുടക്കമില്ലാതെ ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പുവരുത്തും.
കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ പുതിയ ലാബുകള്‍ ആരംഭിക്കുകയും സ്‌കൂള്‍, കോളേജ് ലാബുകളും ഉപയോഗപ്പെടുത്തുകയും ചെയ്യും. പൈപ്പുകള്‍ പൊട്ടി കുടിവെള്ളം നിലയ്ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക ടാസ്‌ക്ക് ഫോഴ്സ് രൂപീകരിക്കും.
കൂടുതല്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ സ്പോഞ്ച് പാര്‍ക്കുകള്‍ വികസിപ്പിക്കും, അവ എല്ലാ ഓടകളും കനാലുകളുമായും പമ്പിംഗ് യൂണിറ്റുകളുമായും ബന്ധിപ്പിക്കും.
കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ മഴവെള്ള സംഭരണികള്‍ ആരംഭിക്കുതിനു നടപടികള്‍ സ്വീകരിക്കും.

നഗരത്തില്‍ വെള്ളക്കെട്ട് തടയാന്‍ പ്രത്യേക കര്‍മ്മപദ്ധതി. ഓപ്പറേഷന്‍ അനന്ത മോഡല്‍ നടപ്പിലാക്കും.
വെള്ളക്കെട്ടുകള്‍, പ്രളയം എന്നിവ തടയാന്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പ്രതിമാസ മാലിന്യം നീക്കല്‍, കനാല്‍ ശുചീകരണം, പരിപാലനം എന്നിവ ഉറപ്പാക്കും.

എല്ലാവര്‍ക്കും വീട് യാഥാര്‍ത്ഥ്യമാക്കും. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് വീട് വാടകയ്ക്ക് എടുത്ത് നല്‍കും. ഭവന പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുതിനുള്ള അപ്രായോഗിക മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തും. ഗ്രാമസഭകള്‍ വഴി അപേക്ഷ സ്വീകരിച്ച് ഗുണഭോക്താക്കളെ പ്രാദേശികമായി കണ്ടെത്തും.
വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് രേഖകളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിന് പ്രത്യേക കാമ്പയിന്‍ നടത്തും.
തൊഴിലുറപ്പ് പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. മുള, വൃക്ഷം വച്ചുപിടിപ്പിക്കല്‍, ക്ഷീരവികസനം, ഭവനനിര്‍മ്മാണം എന്നിവ കൂടി ഉള്‍പ്പെടുത്തി പരിഷ്‌ക്കരിക്കും.

ലൈബ്രറികള്‍ വിപുലീകരിക്കുകയും. ആധുനികവല്‍ക്കരിക്കുകയും ചെയ്യും. വായന പ്രോത്സാഹിപ്പിക്കുവാന്‍ പ്രത്യേക പരിപാടി.
നൈപുണ്യ വികസന പരിപാടികള്‍ വിപുലീകരിക്കും. നൈപുണ്യ വികസന പരിപാടിയില്‍ ന്യൂ ജനറേഷന്‍ കോഴ്സുകള്‍ ആരംഭിക്കും
പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളെ ഗ്രേഡ് ചെയ്യുകയും ആവശ്യമായ സഹായങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.
സാംസ്‌കാരിക കേന്ദ്രങ്ങള്‍ വിപുലമാക്കും.
കായിക വികസനത്തിനും യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക പദ്ധതി. സ്വകാര്യപങ്കാളിത്തത്തോടെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കും. ഷീ-സ്‌പോര്‍ട്‌സ് സെന്ററുകള്‍ ആരംഭിക്കും.
ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.

ഗതാഗതം, അടിസ്ഥാന സൗകര്യവികസനം എന്നിവ മെച്ചപ്പെടുത്തും. തദ്ദേശ റോഡുകള്‍ സ്മാര്‍ട്ടാക്കും. 48 മണിക്കൂറിനുള്ളില്‍ റോഡിലെ കുഴികള്‍ നികത്താനുള്ള എമര്‍ജന്‍സി ടീം സജ്ജമാക്കും.

ടൂറിസം വിപുലമാക്കും. കാര്‍ പാര്‍ക്കിങ്ങ്, കുറഞ്ഞ നിരക്കില്‍ ഹോം സ്റ്റേ എന്നിവ ഉറപ്പാക്കും.
അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് പ്രത്യേക കര്‍മ്മ പരിപാടി.
തെരുവുവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് പ്രത്യേക കര്‍മ്മ പരിപാടി. തെരുവുകള്‍ തോറും ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍.

അറവുശാലകള്‍ ആധുനികവല്‍ക്കരിക്കും. പരിശോധനകള്‍ കര്‍ശനമാക്കും.
മാര്‍ക്കറ്റുകള്‍ വിപുലീകരിക്കും, വിദേശ മാതൃകയില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പൊതു ചന്തകള്‍ ഇല്ലാത്ത ഇടങ്ങളില്‍ പുതിയ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കും.

പൊതുശ്മശാനങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കും. ആചാരാനുഷ്ഠാനങ്ങള്‍ യഥാവിധി നിര്‍വഹിക്കുവാന്‍ കഴിയുന്ന തരത്തില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.
വൃത്തിഹീനമായ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. സ്ഥിരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കംഫര്‍ട്ട് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ശുചിത്വവും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കും. ഷിടോയ്‌ലറ്റ്, ബയോ ടോയ്‌ലറ്റ് എന്നിവയുടെ എണ്ണവും സൗകര്യവും വര്‍ദ്ധിപ്പിക്കും.
വിദ്യാര്‍ത്ഥികളെ പ്രാദേശിക വികസനത്തില്‍ തല്‍പരരാക്കുവാന്‍ സ്‌ക്കൂള്‍ പഞ്ചായത്ത്/സ്‌കൂള്‍ നഗരസഭ എന്ന പേരില്‍ പ്രത്യേക പദ്ധതി.
പാര്‍ക്കുകള്‍ നവീകരിക്കും. പാര്‍ക്കുകള്‍, സ്റ്റേഡിയങ്ങള്‍, ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തും.
ജോലി ചെയ്യുന്ന അമ്മമാരെ ഡേ-കെയര്‍ സൗകര്യങ്ങളോടെ പിന്തുണ നല്‍കാന്‍ എല്ലാ കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും അര്‍ബന്‍ അങ്കണവാടികളും ശിശു സംരക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കും.
സ്ത്രീകള്‍ക്ക് സുരക്ഷയും ശുചിത്വവും ഉറപ്പാക്കിക്കൊണ്ട് ജില്ലകളിലെ ട്രാന്‍സിറ്റ് പോയിന്റുകളിലും മാര്‍ക്കറ്റുകളിലുമായി പിങ്ക് വാഷ്റൂമുകള്‍ സ്ഥാപിക്കും

വിവിധ സംരംഭങ്ങളുമായി മുന്നോട്ട് വരുന്ന വനിതാ സംരംഭകരെ സീഡ് ഫണ്ടിംഗ്, ഇ-കൊമേഴ്സ് എന്നിവ നല്‍കുന്നതിനായി വനിതാ സംരംഭക ഫണ്ട് ആരംഭിക്കും
ക്ലാസ് 5 മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി അടിസ്ഥാന ‘അക ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ്’ നല്‍കുന്ന ലേണിംഗ് സെന്ററുകള്‍ ആരംഭിക്കും
UPSC, PSC,SSC എിങ്ങനെയുള്ള മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഉയര്‍ന്ന നിലവാരത്തിലുള്ള റീഡിംഗ് റൂമുകള്‍ ആരംഭിക്കും.

കുഴികള്‍ നിറഞ്ഞ പഞ്ചായത്ത് റോഡുകള്‍ അധികാരത്തില്‍ എത്തി 100 ദിവസത്തിനകം നന്നാക്കുകയും, 30-45 ദിവസത്തിനകം പൗരന്മാര്‍ക്ക് ആവശ്യമായ അറ്റകുറ്റപ്പണികള്‍ റിപ്പോര്‍ട്ട് ചെയ്യാനും ട്രാക്ക് ചെയ്യാനുമായി പൊതുജനങ്ങള്‍ക്കു വേണ്ടി ഒരു സ്മാര്‍ട്ട് റോഡ് ഫിക്സ് പ്ലാറ്റ്ഫോം ആരംഭിക്കുകയും ചെയ്യും.
തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ ലോക്കല്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ സ്പോട്ടുകള്‍ വികസിപ്പിക്കും. ഫാം, കൊയ്ത്ത് നടക്കുന്ന പാടങ്ങള്‍, മത്സ്യത്തൊഴിലാളി മേഖലയില്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സ്പോട്ടുകളില്‍ ലോക്കല്‍ ടൂറിസം പരിപോഷിപ്പിക്കും.
ടൂറിസ്റ്റ് കേന്ദ്രങ്ങളായ വാര്‍ഡുകളില്‍ പബ്ലിക് ടോയ്ലറ്റുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, മികച്ച സൈന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചുകൊണ്ട് കേരള ടൂറിസം എന്‍ഹാന്‍സ്മെന്റ് മിഷന്‍ നടപ്പിലാക്കും.

*ക്ഷേമ പദ്ധതികള്‍: സമത്വത്തിലേക്കുള്ള ചുവടുവയ്പ്പ്*

ആശാവര്‍ക്കര്‍മാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവന്‍സ്.
വിധവകള്‍ക്ക് വനിതാഘടക പദ്ധതിയില്‍ പെടുത്തി 3% അധികം ഫണ്ട് വിഹിതം വര്‍ദ്ധിപ്പിക്കും.
യുവശക്തി നാടിന്‍ സമ്പത്ത്’ – യുവാക്കള്‍ക്ക് പ്രത്യേക ഘടകപദ്ധതി. ഇതിനായി പ്രത്യേക ഫണ്ട് നീക്കിവെക്കും. തൊഴില്‍ രഹിതര്‍ ഇല്ലാത്ത തദ്ദേശസ്ഥാപനങ്ങള്‍ ലക്ഷ്യമിടും.
വയോജനക്ഷേമത്തിനായി പ്രത്യേക പരിപാടി. പകല്‍ വീട്, മാനസികോല്ലാസ കേന്ദ്രങ്ങള്‍ വിപുലീകരിക്കും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിപാടി.

ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ എല്ലാവര്‍ഷവും മസ്റ്ററിംഗ് നടത്തണമെന്നും പുനര്‍ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്നും വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നുമുള്ള നിബന്ധന ഒഴിവാക്കും. ഇവ രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന രീതിയിലേക്ക് മാറ്റം വരുത്തും.
പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസനം കൂടുതല്‍ മികവോടെ നടപ്പിലാക്കും. യുവാക്കളുടെ വിദ്യാഭ്യാസം തൊഴില്‍ ലഭ്യത എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍.

മത്സ്യവകുപ്പിന്റെ അംഗീകൃത മത്സ്യഗ്രാമങ്ങള്‍ ഉള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ മത്സ്യത്തൊഴിലാളി ഘടക പദ്ധതി നിഷ്‌ക്കര്‍ഷിക്കും (FCP).കടല്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. മത്സ്യവിപണന മാര്‍ക്കറ്റുകള്‍ ഹൈടെക് ആക്കും
ശിശു ക്ഷേമത്തിനായി സിക്കിം മാതൃകയില്‍ ചൈല്‍ഡ് എംപവര്‍മെന്റ് സെന്റര്‍ തുടങ്ങും. 6 മാസം പ്രായമായ കുട്ടികള്‍ക്ക് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ക്രഷുകളും, നേഴ്‌സറികളും സ്ഥാപിക്കും.

പ്രവാസികള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ വഴി സംരംഭ പദ്ധതി തയ്യാറാക്കും.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വയോജന പാര്‍ക്കുകളും പകല്‍ വീടുകളും ഫിറ്റ്നസ് സെന്ററുകളും ഒരുക്കും.

ഭയാനകമായി ഉയര്‍ന്നു നില്ക്കുന്ന ഗാര്‍ഹിക കൊലപാതങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഒന്നായ മാനസികാരോഗ്യ തകര്‍ച്ച പരിഹരിക്കാന്‍ വേണ്ടി ഉചിതമായ സോഷ്യല്‍ വര്‍ക്ക് പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ പരിഹാര നടപടികള്‍ ആരംഭിക്കും. മാനസിക ഉല്ലാസത്തിന് പ്രത്യേക പരിപാടികള്‍ നടപ്പിലാക്കും.
മാനസികാരോഗ്യം ഉറപ്പാക്കാന്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കും.

മുതിര്‍ന്ന പൗരന്മാര്‍ക്ക് വിശ്രമിക്കാനും, സാമൂഹിക ഇടപെടലുകള്‍ക്കും, വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയുള്ള കമ്മ്യൂണിറ്റി ഹബ്ബുകളായി വിനോദ കേന്ദ്രങ്ങള്‍ വികസിപ്പിക്കും
കിടപ്പിലായ രോഗികള്‍ക്കും, ചലന ശേഷി ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്കും റേഷന്‍ വീട്ടിലെത്തിച്ചു നല്‍കും

24 X 7 സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ്ലൈന്‍ എല്ലാ ജില്ലകളിലും ആരംഭിക്കും. ഇതുവഴി ആംബുലന്‍സ്, പോലീസ്, സോഷ്യല്‍ വര്‍ക്കര്‍ സേവനങ്ങള്‍ 30 മിനിറ്റിനകം ലഭ്യമാക്കും.

ഓരോ ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും പ്ലാനിംഗ്, തൊഴില്‍, വിനോദം, പൗര സംരംഭങ്ങള്‍ എന്നിവയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി പ്രതിമാസം യോഗം ചേരുന്ന 50% വനിതകള്‍ ഉള്‍പ്പെടുന്ന ‘യൂത്ത് അഡൈ്വസറി കൗണ്‍സില്‍’ രൂപീകരിക്കും.

കോര്‍പ്പറേഷനുകളില്‍ ഓരോ 5 കിലോമീറ്ററിലും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും മറ്റ് ഗിഗ് തൊഴിലാളികള്‍ക്കുമായി ഇരിപ്പിടങ്ങള്‍, ടോയ്ലറ്റുകള്‍, കുടിവെള്ളം, ചാര്‍ജിംഗ് പോയിന്റുകള്‍ എന്നിവയുള്ള വിശ്രമ-റീചാര്‍ജ് കേന്ദ്രങ്ങള്‍ ആരംഭിക്കും.
കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഉയര്‍ന്ന ഡിമാന്‍ഡുള്ള പാര്‍ക്കിംഗ് സോണുകളില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ഹബ്ബുകള്‍ സ്ഥാപിക്കും.
ഹൈവേകള്‍ക്ക് സമീപമുള്ള വാര്‍ഡുകളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഇ വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

നയപരമായ മുന്നേറ്റം*

മയക്കുമരുന്ന് മുക്ത വാര്‍ഡുകള്‍ എന്ന ലക്ഷ്യത്തോടെ ലഹരി മരുന്നിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കും.
ലഹരിക്കെതിരെ രക്ഷിതാക്കളെ ബോധവത്കരിക്കുന്ന പരിപാടികള്‍ക്ക് രൂപം നല്‍കും.
ഒഴിഞ്ഞ പൊതു ഇടങ്ങളെ ലഹരി കേന്ദ്രങ്ങളാക്കുന്നത് തടയാന്‍ ശുചീകരിക്കാനും, സൗന്ദര്യവത്കരിക്കാനും നടപടികള്‍ സ്വീകരിക്കും
എല്ലാ താലൂക്ക് ആശുപ്രതികളിലും മയക്കുമരുന്ന് വിമുക്തി കേന്ദ്രങ്ങള്‍ ആരംഭിക്കും.
പുതിയ നഗരവികസന നയം രൂപീകരിച്ച് പദ്ധതി ആസൂത്രണം നടത്തും.

കാര്‍ഷിക വികസനത്തില്‍ പ്രത്യേക ഉപപദ്ധതി. ഇതില്‍ കേന്ദ്ര-സംസ്ഥാന കാര്‍ഷിക പദ്ധതികള്‍ സംയോജിപ്പിക്കും.
‘ന്യായ് പഞ്ചായത്തുകള്‍’ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നിലവില്‍ വരും.
പരിസ്ഥിതി സംരക്ഷണത്തിന് മുന്തിയ പരിഗണന നല്‍കും. ഇതിനായി കാര്‍ബ ന്യൂട്രല്‍ തദ്ദേശസ്വയംഭരണ സ്ഥാപനം യാഥാര്‍ത്ഥ്യമാക്കും. ഇതിന്റെ ഭാഗമായി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് നിത്യേന പ്രസിദ്ധീകരിക്കും. കാലാവസ്ഥ വ്യതിയാന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും.

‘പുഴയൊഴുകാന്‍ കനിവുണരാന്‍’ പദ്ധതിയിലൂടെ കേരളത്തിലെ നദികളെ സംരക്ഷിക്കും.

നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിനായി നിയമാനുസൃതമായി വഴിയോര ഭക്ഷ്യഇടങ്ങളും വ്യാപാര സ്ഥാപനങ്ങളും തുടങ്ങുന്നതിന് സഹായം.
നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഫുഡ് ആന്റ് ഷോപ്പിംഗ് സ്ട്രീറ്റുകള്‍ വികസിപ്പിക്കും.

*അധികാരം അടിത്തട്ടിലേക്ക്*

സംസ്ഥാന സര്‍ക്കാര്‍ വിവിധ ഉത്തരവുകളിലൂടെ തിരിച്ചെടുത്ത അധികാരവും പ്രവര്‍ത്തന സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കും.
ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ എല്ലാ വാര്‍ഡുകള്‍ക്കും ഉപാധിരഹിത വികസന ഫണ്ട് നല്‍കും. ഇതിന്റെ വിനിയോഗത്തിനായി ഗ്രാമ/വാര്‍ഡ് സഭകള്‍ കമ്മ്യൂണിറ്റി പ്ലാന്‍ തയ്യാറാക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വികസന ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അവകാശമാക്കും. ബജറ്റില്‍ സൂചിപ്പിച്ച പ്ലാന്‍ ഫണ്ട് പൂര്‍ണമായും നല്‍കും. ഓരോ വര്‍ഷവും ഫണ്ട് വിഹിതത്തില്‍ 10% വര്‍ദ്ധനവ്.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് തുല്യമായ രീതിയില്‍ 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്തും.

അഴിമതി പൂര്‍ണമായും തുടച്ചുനീക്കുന്നതില്‍ ലക്ഷ്യം കൈവരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അംഗീകാരവും സര്‍ട്ടിഫിക്കറ്റും നല്‍കും.
തദ്ദേശസ്ഥാപനങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന മുഴുവന്‍ തസ്തികകളും നികത്തും. ആവശ്യമായ സ്ഥലങ്ങളില്‍ അധിക തസ്തികകള്‍ അനുവദിക്കുന്നതാണ്.

നിലാവ് പദ്ധതിയില്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ തെരുവ് വിളക്ക് പരിപാലന രംഗത്തെ പ്രതിസന്ധി പരിഹരിക്കും.

വസ്തു നികുതിയുടെ രണ്ടര ശതമാനം നേരിട്ട് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പിടിച്ചെടുക്കുന്ന ഉത്തരവ് റദ്ദാക്കും.
അപകടത്തില്‍പെട്ട അത്യാസന്ന നിലയിലുള്ളവര്‍ക്കും അടിയന്തിര ചികിത്സാസഹായം ആവശ്യമുള്ളവര്‍ക്കും വേണ്ടി പ്രസിഡന്റിന്റെ ദുരിതാശ്വാസനിധി വിപുലീകരിക്കും.
കുടുംബശ്രീയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ഇതിനായി പ്രത്യേക ആക്ട് (നിയമം) കൊണ്ടുവരും.

പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അറുതി വരുത്തും. താല്‍ക്കാലിക നിയമനങ്ങള്‍ സുതാര്യവും നിയമാനുസൃതവുമാക്കും.
ജനപ്രതിനിധികളെ Change Agents (പരിവര്‍ത്തനത്തിന്റെ വക്താക്കള്‍) ആയി ഉയര്‍ത്താന്‍ പ്രത്യേക ശാക്തീകരണ പരിപാടി.

തദ്ദേശ സ്ഥാപനങ്ങളും, സഹകരണ മേഖലയും ചേര്‍ന്ന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.
ഏകീകരിച്ച തദ്ദേശസ്വയംഭരണ വകുപ്പില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹാരം കാണും.

പദ്ധതി പണം 100% കാര്യക്ഷമമായും സമയബന്ധിതമായും വിനിയോഗിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരവും സര്‍ട്ടിഫിക്കറ്റും നല്‍കും.
ആസൂത്രണ നടപടി ക്രമങ്ങള്‍ ലഘൂകരിക്കും. ജില്ലാ പദ്ധതിയുടെ ഗുണമേന്മ ഉറപ്പുവരുത്തുകയും, ജില്ലാ ആസൂത്രണ സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും, പദ്ധതി അംഗീകാര നടപടികള്‍ ലഘൂകരിക്കുകയും പദ്ധതി നിര്‍വഹണം സമയബന്ധിതമാക്കുകയും ചെയ്യും. പദ്ധതി ഭേദഗതികള്‍ അനിവാര്യഘട്ടങ്ങളില്‍ മാത്രം.

സുതാര്യ ഭരണത്തിന് ഇ-ഗവേണന്‍സ്. എ, ഐ ഉള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം ഉറപ്പുവരുത്തും.
ഭരണഘടനാ ഭേദഗതി വിഭാവനം ചെയ്ത പോലെ ഗ്രാമസഭകളെയും വാര്‍ഡുസഭകളെയും ചലനാത്മകമാക്കും. ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഗ്രാമസഭയില്‍ നിക്ഷിപ്തമാക്കും.

ജനസേവനം ഉറപ്പുവരുത്താന്‍ സേവാഗ്രാം കേന്ദ്രങ്ങള്‍ ഓരോ വാര്‍ഡിലും സ്ഥാപിക്കും.
ന്മ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനെ (കില) രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തും.
പ്രാദേശിക പദ്ധതിയിലെ നിര്‍ബന്ധിത വകയിരുത്തലുകള്‍ കുറച്ചു കൊണ്ടുവരും.
സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ ഉള്‍പ്പെടെയുള്ള വകുപ്പുതല പരിപാടികള്‍ ശാസ്ത്രീയമായി സംയോജിപ്പിക്കും.
കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കേന്ദ്രസ്ഥാനം ഉറപ്പാക്കും.

രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടു പിന്നോക്കക്കാരും, മത്സ്യത്തൊഴിലാളികളും , ദരിദ്രരും താമസിക്കുന്ന പ്രദേശങ്ങളില്‍ പതിനായിരത്തോളം വോട്ടര്‍മാരെ ചേര്‍ത്ത വാര്‍ഡുകള്‍ ഉണ്ടാക്കിയ അശാസ്ത്രീയ നടപടികള്‍ക്ക് പരിഹാരം കാണും
മിഷനുകളുടെ പ്രവര്‍ത്തനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവുമായി സംയോജിപ്പിക്കും.

മൃഗസംരക്ഷണം, ക്ഷീരവികസനരംഗത്ത് നൂതനപദ്ധതികള്‍.

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ അക്രഡിറ്റേഷന്‍ സമ്പ്രദായം കൊണ്ടുവരും.

‘എന്റെ വാര്‍ഡ് എന്റെ അഭിമാനം’ ഗ്രാമസ്വരാജ് പങ്കാളിത്ത വികസന പരിപാടി നടപ്പിലാക്കും.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഫണ്ടും കൂടുതല്‍ ഉത്തരവാദിത്വവും.
വ്യവസായ സംരംഭങ്ങള്‍ക്കായി ഓരോ ജില്ലയിലും ‘ലോക്കല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ്’ നടത്തും.
ധനകാര്യകമ്മീഷനും ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷനും സമയബന്ധിതമായി രൂപീകരിക്കും. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കും.

നാഷണല്‍ സര്‍വ്വീസ് സ്‌കീം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്.
വീടുകളില്‍ നടത്തിയിട്ടുള്ള ഗുരുതരമല്ലാത്ത അധിക നിര്‍മ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് സംവിധാനമൊരുക്കും.
ബ്ലോക്ക് പഞ്ചായത്തുകളെ ശാക്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മികവാര്‍ന്ന രീതിയില്‍ കൊണ്ടു പോകുന്നതിനുള്ള നിയമപരവും ഭരണപരവും പ്രായോഗികവുമായ തടസങ്ങളും അനാവശ്യ നിയന്ത്രണങ്ങളും നീക്കം ചെയ്യും. ആസൂത്രണത്തിത്തെയും പദ്ധതി നിര്‍വഹണത്തെയും കാര്യക്ഷമമാക്കും. ഗ്രമപ്രദേശങ്ങളിലെ സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടിയുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കും. അഞ്ച് വര്‍ഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും അടിസ്ഥാനമാറ്റമുണ്ടാക്കുന്ന തരത്തിലുള്ള പദ്ധഥികളാണ് യു.ഡി.എഫ് മുന്നോട്ട് വയ്ക്കുന്നത്. നടപ്പാക്കാനുള്ള സാങ്കേതികമോ നിയമപരമോ ആയ തടസങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയാണ് ഈ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. നടപ്പാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുള്ള പദ്ധതികളാണ് യു.ഡി.എഫ് അവതരിപ്പിക്കുന്നത്. യു.ഡി.എഫിന്റെ പ്രകടനപത്രിക കേരളം നിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കും.

ആന്തൂരില്‍ സ്ഥാനാര്‍ത്ഥി ഒപ്പിട്ട് നല്‍കിയിട്ടും അത് സ്ഥാനാര്‍ത്ഥിയുടെ ഒപ്പല്ലെന്നാണ് വരണാധികാരി പറഞ്ഞത്. കൊന്നുകളയുമെന്നാണ് പരസ്യമായി ഭീഷണിപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും നാട്ടിലാണ് ഇതൊക്കെ നടക്കുന്നത്. റിബല്‍ നിന്ന സി.പി.എമ്മുകാരനെ തട്ടിക്കളയുമെന്ന് പാര്‍ട്ടി ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിസാര കാരണങ്ങള്‍ പറഞ്ഞാണ് നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയത്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയുടെ പത്രിക ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരിയെന്നു പറഞ്ഞ് തള്ളി. കണ്ണൂരും കാസര്‍കോടും അതേ ജോലി ചെയ്യുന്ന നാലു പേരുടെ പത്രിക സ്വീകരിച്ചു. വരണാധികാരികളെ വരെ സി.പി.എം നിയന്ത്രിക്കുകയാണ്. കടമക്കുടിയിലെ ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയെ നോമിനേഷനുമായി വരണാധികാരിയുടെ അടുത്തേക്ക് എത്താന്‍ അനുവദിച്ചില്ല. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിക്കുകയാണ്. ഇങ്ങനെയാണോ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നത്. സി.പി.എം എന്ത് ചെയ്താലും ഉജ്ജ്വലമായ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *