പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (24/12/2025).
രാജ്യത്ത് ഉടനീളെ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നു; ആരാധന നടത്താനോ ക്രിസ്മസ് ആഘോഷിക്കാനോ അനുവദിക്കുന്നില്ല; പാലക്കാട്ടെ ആക്രമണത്തെ ബി.ജെ.പി ന്യായീകരിക്കുന്നു; മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ സംഘ്പരിവാര്‍ തയാറാകണം.
തിരുവനന്തപുരം : ക്രിസ്മസ് കാലത്തും രാജ്യത്ത് ഉടനീളെ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്. 2024-ല്‍ മാത്രം 830 ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായത്. ഈ വര്‍ഷം ഒക്ടോബര്‍ വരെ 706 അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ക്രിസ്മസ് ആരാധനകളും പ്രാര്‍ത്ഥനാ കൂട്ടായ്മകളും തടയുകയും ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയുമാണ്. ജബല്പൂരില് കാഴ്ചപരിമിതിയുള്ള സ്ത്രീയെ ആരാധനയ്ക്കിടയില്‍ സംഘ്പരിവാര്‍ ആക്രമിച്ചു. ഛത്തീസ്ഗഡില്‍ ശവസസ്കാരം അനുവദിക്കാതിരിക്കുകയും തുടര്‍ന്നുണ്ടായ അക്രമത്തില്‍ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ കത്തിക്കുകയും ചെയ്തു. ക്രിസ്മസ് തലേന്ന് ബന്ദ് പ്രഖ്യാപിച്ച് ഒരു തരത്തിലുള്ള ക്രിസ്മസ് ആരാധനകളും നടത്തരുതെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ക്രിസ്മസ് അവധി പിന്‍വലിച്ചു. ബൈബിള്‍ വിതരണം ചെയ്തതിന്റെ പേരില്‍ പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു. ബൈബില്‍ വിതരണം ചെയ്യുന്നത് എങ്ങനെയാണ് കുറ്റകരമാകുന്നത്? ഇക്കാര്യം അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ക്രിസ്മസുമായി ബന്ധപ്പെട്ട നക്ഷത്രങ്ങളും അലങ്കാരങ്ങളും വില്‍ക്കുന്ന കടകള്‍ വരെ ആക്രമിക്കപ്പെടുകയാണ്. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ ബൈബിള്‍ വിതരണവും ആരാധാനയും പ്രാര്‍ത്ഥനാ കൂട്ടായ്മകളും നടത്തുന്നതിനെതിരെ കേസെടുക്കുകയാണ്.
കേരളത്തില്‍ സമാധാനപരമാണെന്ന് പറയുമ്പോഴും പാലക്കാട്, കരോള്‍ സംഘത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആക്രമണത്തെ ബി.ജെ.പി നേതാക്കള്‍ ന്യായീകരിക്കുകയാണ്. തിരുവനന്തപുരം പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസിലെ ക്രിസ്മസ് ആഘോഷത്തില്‍ ആര്.എസ്.എസ് ഗണഗീതം കൂടി ഉള്‍പ്പെടുത്തണമെന്നാണ് ബി.എം.എസ് നേതാവ് ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ക്രിസ്മസ് ആഘോഷം പിന്‍വലിച്ചു. കേരളത്തിലേക്കും സംഘ്പരിവാര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ ക്രിസ്മസിനും ഈസ്റ്ററിനും കേക്കും വൈനുമായി ആഘോഷിക്കാന്‍ വരുന്നവരാണ് രാജ്യത്ത് ഉടനീളെ ക്രൈസ്തവരെ ആക്രമിക്കുന്നതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ന്യൂനപക്ഷ കമ്മിഷന് അഞ്ച് വര്‍ഷമായി പ്രവര്‍ത്തനരഹിതമാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനും പ്രവര്‍ത്തിക്കുന്നില്ല. മതേതര രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങളെയും സംരക്ഷിക്കേണ്ടവര്‍ ആരാധന നടത്താനോ ക്രിസ്മസ് ആഘോഷിക്കാനോ അനുവദിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധവും ചെറുത്തു നില്പും ഉയര്‍ന്നു വരേണ്ടതുണ്ട്. രാജ്യത്ത് ഉടനീളെയുള്ള ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയാത്ത ക്രൈസ്തവ സഹോദങ്ങള്‍ക്ക് നാം ഓരോരുത്തരും പിന്തുണ നല്‍കണം. മത ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിച്ച് ആയുധം താഴെ വയ്ക്കാന്‍ സംഘ്പരിവാര്‍ സംഘടനകളും തയാറാകണം.