
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി വിളിപ്പിച്ചത് പോറ്റിയോടൊപ്പം നില്ക്കുന്ന ചിത്രത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ പോറ്റിയോടൊപ്പം നില്ക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ടെന്നും പിറണായി വിജയനെയും ചോദ്യം ചെയ്യണമെന്നും മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്.

കടകംപള്ളി സുരേന്ദ്രനെതിരായ അന്വേഷണം എങ്ങുമെത്താതെ നില്ക്കുന്നു. എസ് ഐ ടിയുടെ അന്വേഷണത്തെ അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. നിയമം അവരുടെ വഴിക്കാണ് ഇപ്പോള്‍ പോകുന്നത്. സിപിഎം ഫ്രാക്ഷ്നില്പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് അതിന്റെ ഭാഗം. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് പുറം ലോകം അറിഞ്ഞത്. എന്നാല്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ 
ചോദ്യം ചെയ്യുന്നതിന് മുന്നെ തന്നെ വാര്‍ത്ത പ്രചരിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ള നടന്ന കാലഘട്ടത്തിലെ ദേവസ്വം വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി അറിയാതെ അവിടെ ഒന്നും നടക്കില്ല. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിന്റെ കടംവീട്ടാനാണ് അടൂര്‍ പ്രകാശിനേയും എസ്.ഐ.ടി ചോദ്യം ചെയ്യാന്‍ തുനിയുന്നത്. ഇത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണിതെന്നും ഹസന് പറഞ്ഞു.യ
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളായ പത്മകുമാറും വാസുവും സ്വര്‍ണ്ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് 45 ദിവസങ്ങളിലായി. രാജ്യ സേവനം നടത്തിയതിന്റെ പേരില്ല അവര്‍ ജയിലില്‍ കഴിയുന്നത്. എന്നിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാതെ സിപിഎം സംരക്ഷിക്കുകയാണ്. അന്വേഷണം ഇപ്പോഴും എത്തേണ്ടവരുടെ അടുത്തെത്തിയില്ല. അതില്‍ ഹൈക്കോടതി വരെ അതൃപ്തി രേഖപ്പെടുത്തി. പ്രതികളായ നേതാക്കളെ ന്യായീകരിക്കുന്നത് സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഎമ്മിനും പങ്കുള്ളതിനാലാണെന്നും ഹസന് ആരോപിച്ചു.