തൊഴിലുറപ്പ് രണ്ടാംഘട്ട സമരം ജനുവരി 13,14 തീയതികളില്‍ : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

Spread the love

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ കണ്ണൂര് ഡിസിസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം 10.1.26.

പുതിയ നിയമനിര്‍മാണത്തിലൂടെ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകര്‍ത്ത മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രണ്ടാംഘട്ട സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 13,14 തീയതികളില്‍ രാജ്ഭവനു മുന്നില്‍ രാപ്പകല്‍ സമരം നടത്തും. മുഴുവന്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സമരം നടത്തുന്നത്. ഈ സമരം വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് എല്ലാ പഞ്ചായത്ത് വാര്‍ഡുകളിലും തൊഴിലുറപ്പ് സംരക്ഷണദിനമായി ആചരിക്കും.

പദ്ധതിയെ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാരും ദേശീയനേതാക്കളും പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ സമരം നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ കണ്ണുതുറന്നില്ല. എഐസിസിയുടെ ആഹ്വാനപ്രകാരം കേരളത്തിലും വലിയ സമരങ്ങള്‍ നടത്തി. രാജ്ഭവന്റെ മുന്നിലും ജില്ലകളിലും ഗ്രാമപഞ്ചായത്തുകളിലും കെപിസിസിയുടെ സമരങ്ങള്‍ നടന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് രണ്ടാംഘട്ട സമരമെന്ന് സണ്ണി ജോസഫ് വിശദീകരിച്ചു.

മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഗ്രാമീണ സ്ത്രീകളുടെ ജീവിതം തന്നെ പദ്ധതി മാറ്റിമറിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിനു രൂപ പദ്ധതിക്കുവേണ്ടി ചെലവഴിച്ചിട്ടുണ്ട്. കേരളം പദ്ധതിയുടെ വലിയ ഗുണഭോക്താവാണ്. ഒരു പഞ്ചായത്തില്‍ മാത്രം പത്തുപതിനഞ്ചുകോടി രൂപ പ്രതിവര്‍ഷം പദ്ധതിയിലൂടെ ലഭിച്ചിട്ടുണ്ട്. ഗ്രാമീണമേഖലയില്‍ പ്രത്യേകിച്ച് സ്ത്രീതൊഴിലാളികള്‍ക്ക് നൂറില്‍ കുറയാത്ത തൊഴില്‍ ദിനങ്ങള്‍ കിട്ടുകയും ചെയ്തു.

ഇപ്പോള്‍ രാഷ്ട്രപിതാവിന്റെ പേരു തന്നെ പദ്ധതിയില്‍നിന്ന് നീക്കം ചെയ്തു. പദ്ധതിയുടെ അന്തസത്ത ചോര്‍ത്തിക്കളഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളെ പട്ടിണിക്കിടുന്ന സമീപനമാണ് സ്വീകരിക്കുന്നത്. 100 ദിവസം ഉറപ്പായിരുന്ന തൊഴില്‍ദിനങ്ങള്‍ ഇല്ലാതാക്കി. തൊഴില്‍ചെയ്തു ജീവിക്കാമെന്ന മൗലികാവകാശത്തിലുള്ള കടന്നുകയറ്റമാണ് പുതിയ നിയമത്തിലൂടെ നടത്തിയിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു വേതനംനല്കാന്‍ സംസ്ഥാനത്തിന്റെ വിഹിതം കൂട്ടിയതോടെ കേരളത്തിനു മാത്രം പ്രതിവര്‍ഷം 2000 കോടി രൂപയുടെ ബാധ്യതയുണ്ട്. ഏറ്റവും തിരക്കേറിയ കൃഷിപ്പണിയുടെ സമയത്ത് 60 ദിവസം വരെ തൊഴില്‍ മരവിപ്പിക്കാമെന്ന ഭേദഗതി തൊഴിലാളി വിരുദ്ധമാണ്. ഡിമാന്‍ണ്ടിന് അനുസരിച്ച് ജോലി നല്കുന്നതിനു പകരം കേന്ദ്രീകൃത സംവിധാനത്തിലൂടെ തൊഴില്‍ നല്കുന്നതും പദ്ധതിയെ ദുര്‍ബലപ്പെടുത്തുമെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

Author

Leave a Reply

Your email address will not be published. Required fields are marked *