16-കാരിയായി ആൾമാറാട്ടം; ന്യൂയോർക്കിൽ 28-കാരി പിടിയിൽ

Spread the love

ന്യൂയോർക്ക്: ഹൈസ്കൂൾ വിദ്യാർത്ഥിനിയാണെന്ന് നടിച്ച് സ്കൂളിൽ പ്രവേശനം നേടിയ 28-കാരിയെ ന്യൂയോർക്ക് പോലീസ് അറസ്റ്റ് ചെയ്തു. ബ്രോങ്ക്സിലെ വെസ്റ്റ്ചെസ്റ്റർ സ്ക്വയർ അക്കാദമിയിലാണ് സിറ്റി ഹൈസ്കൂൾ അധികൃതരെ കബളിപ്പിച്ച് കാസി ക്ലാസൻ എന്ന യുവതി പഠിക്കാനെത്തിയത്.

ഷമാറ റഷാദ് എന്ന പേരിൽ 16-കാരിയാണെന്ന് അവകാശപ്പെട്ടാണ് ക്ലാസൻ ഏപ്രിൽ 13-ന് സ്കൂളിൽ ചേർന്നത്.

യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രിൻസിപ്പൽ മാർക്വെസ് റിച്ച്, ഫേസ്ബുക്കിലൂടെ നടത്തിയ തിരച്ചിലിലാണ് ഇവരുടെ യഥാർത്ഥ വിവരങ്ങൾ കണ്ടെത്തിയത്. തുടർന്ന് പ്രിൻസിപ്പൽ തെളിവുകൾ സഹിതം ചോദ്യം ചെയ്തതോടെ ക്ലാസൻ കുറ്റം സമ്മതിച്ചു.

കൂടുതൽ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റാൻ ഒരു സുഹൃത്ത് തന്നെ നിർബന്ധിച്ചതിനാലാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് യുവതിയുടെ മൊഴി.
സ്കൂളിലെ മറ്റ് വിദ്യാർത്ഥികളോട് ‘മൃതദേഹങ്ങൾ ഒളിപ്പിക്കുന്നതിനെക്കുറിച്ച്’ സംസാരിച്ച് യുവതി ഭീതി പരത്തിയതായും റിപ്പോർട്ടുകളുണ്ട്.

അറസ്റ്റ് ചെയ്ത യുവതിക്കെതിരെ അതിക്രമിച്ചു കയറൽ, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തി. സംഭവത്തെത്തുടർന്ന് സ്കൂളിൽ താൽക്കാലിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. പ്രതി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *