തകർന്ന ജീവിതങ്ങളെ ദൈവകൃപ പുനരുദ്ധരിക്കുന്നു : ബ്രദർ സുരേഷ് ബാബു

Spread the love

ഡാളസ് : ഭയത്തിലും നിരാശയിലും കഴിയുന്ന മനുഷ്യർക്ക് പ്രത്യാശയും പുനഃസ്ഥാപനവും നൽകുന്നതാണ് ദൈവകൃപയെന്ന് സുവിശേഷകൻ ബ്രദർ സുരേഷ് ബാബു പ്രസ്താവിച്ചു. അഗപ്പേ ചർച്ച് സംഘടിപ്പിക്കുന്ന പതിനാറാമത് ‘എഴുന്നേറ്റ് ഉണർന്നു പ്രകാശിക്കുക’ കൺവെൻഷനിൽ ഒക്ടോബർ 17-ന് ശനിയാഴ്ച വൈകിട്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദാവീദ്, യോനാഥാൻ, മെഫീബോശെത്ത് എന്നിവരുടെ ജീവിതസംഭവങ്ങളെ ആസ്പദമാക്കി, പ്രതിസന്ധികളിൽ കരുത്തുപകരുന്ന സൗഹൃദത്തെക്കുറിച്ചും തലമുറകൾക്കപ്പുറം നിലനിൽക്കുന്ന ഉടമ്പടിയുടെ വിശ്വസ്തതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ശൗൽ രാജാവിൽനിന്ന് രക്ഷപ്പെടാൻ മരുഭൂമിയിൽ അഭയം തേടിയ ദാവീദിനെ സന്ദർശിച്ച യോനാഥാൻ, ദൈവത്തിൽ ആശ്രയിക്കാൻ അദ്ദേഹത്തെ ധൈര്യപ്പെടുത്തി. ഭയവും അനിശ്ചിതത്വവും നിറഞ്ഞ സാഹചര്യത്തിലും ദാവീദ് ഇസ്രായേലിന്റെ രാജാവാകുമെന്ന ഉറപ്പ് നൽകി പ്രത്യാശ പകർന്ന യോനാഥാന്റെ സൗഹൃദം ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.

പിന്നീട് യുദ്ധത്തിൽ ശൗലും യോനാഥാനും കൊല്ലപ്പെട്ടതോടെ, യോനാഥാന്റെ അഞ്ചുവയസ്സുകാരനായ മകൻ മെഫീബോശെത്തിന്റെ ജീവിതവും ദുരിതത്തിലായി. കുട്ടിയുമായി പരിചാരിക രക്ഷപ്പെടുന്നതിനിടെ ഉണ്ടായ വീഴ്ചയിൽ മെഫീബോശെത്തിന്റെ ഇരുകാലുകൾക്കും വൈകല്യം സംഭവിച്ചു. തുടർന്ന് ലോ-ദെബാറിൽ കഴിഞ്ഞ അദ്ദേഹത്തിന്റെ ജീവിതം അരക്ഷിതാവസ്ഥയുടെയും ഭയത്തിന്റെയും ചിത്രമായി പ്രസംഗകൻ അവതരിപ്പിച്ചു.

എന്നാൽ രാജാവായ ദാവീദ് യോനാഥാനുമായുള്ള ഉടമ്പടി മറന്നില്ല. യോനാഥാനെ ഓർത്ത് ദയ കാണിക്കാനായി ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച ദാവീദ്, മെഫീബോശെത്തിനെ തന്റെ സന്നിധിയിലേക്ക് വരുത്തി. ഭയപ്പെടേണ്ടതില്ലെന്ന് ആശ്വസിപ്പിച്ച രാജാവ്, ശൗലിന്റെ ഭൂസ്വത്തുകൾ അദ്ദേഹത്തിന് തിരിച്ചുനൽകുകയും രാജകുമാരന്മാരിൽ ഒരാളെപ്പോലെ രാജാവിന്റെ മേശയിൽ നിത്യവും ഭക്ഷണം കഴിക്കാൻ ഇടം നൽകുകയും ചെയ്തു.

യോനാഥാനെ ഓർത്ത് ദാവീദ് മെഫീബോശെത്തിനോടു കാണിച്ച ദയ, യേശുക്രിസ്തുവിലൂടെ മനുഷ്യർക്ക് ലഭിക്കുന്ന ദൈവകൃപയുടെ ദൃഷ്ടാന്തമായി ബ്രദർ സുരേഷ് ബാബു ചൂണ്ടിക്കാട്ടി. സ്വന്തം യോഗ്യതയുടെ അടിസ്ഥാനത്തിലല്ല മെഫീബോശെത്തിന് രാജസന്നിധിയിൽ ഇടം ലഭിച്ചത്; യോനാഥാനുമായുള്ള ദാവീദിന്റെ ഉടമ്പടിയായിരുന്നു അതിന് അടിസ്ഥാനം. അതുപോലെ, പാപഭാരത്തിലും ജീവിതത്തകർച്ചകളിലും കഴിയുന്നവർക്ക് ക്രിസ്തുവിന്റെ ത്യാഗത്തിലൂടെ പിതാവായ ദൈവത്തിന്റെ ക്ഷമയും സ്വീകരണവും ലഭിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

പ്രതികാരത്തിനു പകരം കൃപയും തിരസ്കാരത്തിനു പകരം സ്വീകരണവും പ്രകടമാക്കുന്ന ഈ സംഭവം വിശ്വാസികൾക്ക് പ്രത്യാശ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മറക്കപ്പെട്ടവരെന്നും അയോഗ്യരെന്നും കരുതുന്നവരെ ഉയർത്തി, മാന്യതയും കൂട്ടായ്മയും നൽകാൻ ദൈവകൃപയ്ക്കു കഴിയുമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ലോ-ദെബാറിൽനിന്ന് രാജാവിന്റെ മേശയിലേക്കുള്ള മെഫീബോശെത്തിന്റെ യാത്ര, ദൈവകൃപയാൽ ജീവിതത്തിൽ സംഭവിക്കുന്ന പുനഃസ്ഥാപനത്തിന്റെ ചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 15-ന് ആരംഭിച്ച കൺവെൻഷൻ 18-ന് ഞായറാഴ്ച സമാപിക്കും. സമാപന ദിവസമായ ഞായറാഴ്ച 6:30 ബ്രദർ സുരേഷ് ബാബു വചന സുസ്രൂഷ നടത്തുന്നതായിരിക്കും. ഏവരേയും സ്വാഗതം ചെയ്യുന്നതായും സ്നേഹ വിരുന്നിൽ പങ്കുകൊള്ളണമെന്നും സീനിയർ പാസ്റ്റർ ഷാജി കെ. ഡാനിയേൽ, യൂത്ത് പാസ്റ്റർ ജെഫ്രി ജേക്കബ് എന്നിവർ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. വിലാസം: 2635 North Beltline Road, Sunnyvale, Tx 75182

(വാർത്ത: പി. സി. മാത്യു, ഗാർലാൻഡ്)

 

Leave a Reply

Your email address will not be published. Required fields are marked *