ദുബായ്/ യുഎഇ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ജ്വല്ലറി ഡെസ്റ്റിനേഷനായ ‘ജ്യുവൽ ഓഫ് ജോയ്’ ദുബായ് ഗോൾഡ് സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ കീഴിലുള്ള പുതിയ ഷോറൂമിന്റെ ഉദ്ഘാടനം യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി നിർവഹിച്ചു. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ വിഷ്ണുവർധൻ റെഡ്ഡി, ഇത്ത്റ ദുബായ് സിഇഒ ഇസ്സാം ഗലധാരി, ദുബായ് ഗോൾഡ് ഡിസ്ട്രിക്ട് വ്യാപാര വിഭാഗം സീനിയർ ഡയറക്ടർ റാഷിദ് അൽ ഹർമൂദി, ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ ത്വഹിദ് അബ്ദുള്ള, ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോൺ പോൾ ആലുക്കാസ്, ജോയ്ആലുക്കാസ് കുടുംബാംഗങ്ങൾ, വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലോകോത്തര ജ്വല്ലറി ഷോപ്പിംഗ് അനുഭവം സാധ്യമാകുന്ന തരത്തിൽ, 25000 ചതുരശ്രയടി വിസ്തീർണത്തിലാണ് പുതിയ ഷോറൂം ഒരുക്കിയിട്ടുള്ളത്. പരമ്പരാഗത സ്വർണാഭരണങ്ങൾ, വിവാഹാവശ്യങ്ങൾക്കുള്ള ആഭരണ സെറ്റുകൾ, വജ്രാഭരണങ്ങൾ, അപൂർവ രത്നങ്ങൾ എന്നിങ്ങനെ വിപുലമായ ആഭരണശേഖരമാണ് ഷോറൂമിലുള്ളത്.
ആഭരണങ്ങൾ വാങ്ങുന്നതിനൊപ്പം വ്യത്യസ്തമായ അനുഭവങ്ങളും ലഭിക്കുന്ന രീതിയിലാണ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ഷോറൂമിന്റെ പ്രധാന ആകർഷണമായ ‘റോയൽ ബാംഗിൾ വോക്ക്’, ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ വിഷ്ണുവർധൻ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ഭീമാകാര വളയുടെ മാതൃകയിൽ ഒരുക്കിയ റോയൽ ബാംഗിൾ വോക്കിലൂടെ ഉപഭോക്താക്കൾക്ക് പ്രവേശിക്കാനും ആഭരണങ്ങൾ പർച്ചേസ് ചെയ്യാനുമുള്ള സൗകര്യമാണുള്ളത്. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ആഭരണങ്ങൾ രൂപകൽപ്പന ചെയ്യാനുള്ള ഡിസൈനർ സ്റ്റുഡിയോ, സ്വകാര്യതയോടെ ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള വിഐപി ലോഞ്ച്, കുട്ടികൾക്കായുള്ള പ്രത്യേക കളിസ്ഥലം, ആഭരണങ്ങളുടെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനുമുള്ള വിഭാഗം എന്നിവയും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. നാൽപതു വർഷത്തോടടുക്കുന്ന യുഎഇയിലെ ബിസിനസ് പ്രവർത്തനങ്ങളിലെ പ്രധാന നാഴികക്കല്ലായാണ് പുതിയ ഷോറൂമിനെ അവതരിപ്പിക്കുന്നതെന്നും രാജ്യത്തെ സ്വർണവ്യാപാര മേഖലയ്ക്കുള്ള ആദരവാണ് ഷോറൂമെന്നും ജോയ്ആലുക്കാസ് ഗ്രൂപ്പ് അറിയിച്ചു.
ആഭരണ വില്പനയ്ക്കുള്ള ഷോറൂം എന്നതിലുപരി, ജോയ്ആലുക്കാസ് ഗ്രൂപ്പിനെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ദുബായ് നഗരത്തോടുള്ള ആദരവ് കൂടിയാണ് പുതിയ ഷോറൂമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാൽപതു വർഷത്തിനിടയിൽ അതിശയകരമാം വിധം വളർച്ച കൈവരിച്ച നഗരത്തിൽ പുതിയ ഷോറൂം തുറക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. പാരമ്പരാഗതതനിമയും ആധുനിക മികവും സമന്വയിച്ച ആഭരണ ശേഖരമാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചത് നൽകുന്നതിന്റെ ഭാഗമായാണ് ‘റോയൽ ബാംഗിൾ വോക്ക്’ സജ്ജീകരിച്ചതെന്നും, ആഗോള ജ്വല്ലറി ഷോപ്പിംഗ് അനുഭവത്തിനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുൻകൂട്ടി അറിയുകയും അവർക്കായി മികച്ചത് നൽകുകയും ചെയ്തതിന്റെ ഉത്തമ ഉദാഹരണമാണ് ജ്യുവൽ ഓഫ് ജോയ് എന്ന് ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. ആഭരണ വ്യവസായരംഗത്ത് 7 പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ജോയ്ആലുക്കാസിന് 13 രാജ്യങ്ങളിലായി ഇരുനൂറിലധികം ഷോറൂമുകളുണ്ട്.
Photo Caption: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ജ്വല്ലറി ഡെസ്റ്റിനേഷനായ ‘ജ്യുവൽ ഓഫ് ജോയ്’, യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ഉദ്ഘാടനം ചെയ്യുന്നു. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ വിഷ്ണുവർധൻ റെഡ്ഡി, ഇത്ത്റ ദുബായ് സിഇഒ ഇസ്സാം ഗലധാരി, ദുബായ് ഗോൾഡ് ഡിസ്ട്രിക്ട് വ്യാപാര വിഭാഗം സീനിയർ ഡയറക്ടർ റാഷിദ് അൽ ഹർമൂദി, ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ ത്വഹിദ് അബ്ദുള്ള, ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോൺ പോൾ ആലുക്കാസ്, ജോയ്ആലുക്കാസ് കുടുംബാംഗങ്ങൾ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവർ സമീപം .
Julie John