വാർധക്യത്തിലെ ചില പോസിറ്റീവ് ചിന്തകൾ- PART- 3 : ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

Spread the love

പ്രായമാകാൻ തുടങ്ങിയോ എന്നൊരു സംശയം !

‘അപ്‌ഡേറ്റ്’ ചെയ്യാൻ മറന്ന പഴയ മോഡൽ ശരീരം!

ഒരു സുപ്രഭാതത്തിൽ ഉറക്കമുണരുമ്പോഴാണ് നാം ആ സത്യം തിരിച്ചറിയുന്നത്—നമ്മുടെ ശരീരത്തിന് ഒരു അൺസോളിസിറ്റഡ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വന്നിരിക്കുന്നു! അതും നമ്മളോട് ഒരു വാക്ക് ചോദിക്കാതെ, ടേംസ് ആൻഡ് കണ്ടീഷൻസ് നമ്മൾ വായിച്ചുനോക്കാൻ പോലും നിൽക്കാതെ!

ആദ്യത്തെ മാറ്റം എക്സ്റ്റീരിയറിലാണ്. തലമുടിക്ക് കറുപ്പ് നിറം മടുക്കുന്നു; പകരം ‘സോൾട്ട് ആൻഡ് പെപ്പർ’ സ്റ്റൈൽ സ്വയം സെലക്ട് ചെയ്യുന്നു. തൊലിപ്പുറത്ത് ചെറുതായി ചുളിവുകൾ വീണുതുടങ്ങുന്നു. ഒപ്പം ഒരു പ്രത്യേക കഴിവ് കൂടി ശരീരത്തിന് കൈവരുന്നു—എവിടെ തട്ടി എന്നറിയാതെ ഉണ്ടാകുന്ന വലിയ നീലിച്ച പാടുകൾ! കട്ടിലിന്റെയോ മേശയുടെയോ കാല് കൃത്യമായി അവിടെത്തന്നെയുണ്ടെന്ന് അറിയാമെങ്കിലും, ശരീരം പോയി ഇടിച്ചിട്ടേ അടങ്ങൂ.

അടുത്തത് നമ്മുടെ അസ്ഥികൂടത്തിന്റെ സംഗീത കച്ചേരിയാണ്. സോഫയിൽ നിന്ന് എഴുന്നേൽക്കുക എന്നത് കേവലം ഒരു ശാരീരിക ചലനമല്ല, അതൊരു വലിയ ശബ്ദപ്രഭാവമാണ്! ഓരോ മുട്ടു മടക്കുമ്പോഴും പഴയ ബബിൾ റാപ്പ് പൊട്ടിക്കുന്ന പോലെയുള്ള ‘പടപടാ’ ശബ്ദങ്ങൾ. പണ്ട് വലിയ ഭാരങ്ങൾ നിഷ്പ്രയാസം ചുമന്ന മനുഷ്യനാണ്; ഇപ്പോൾ ഒരു 5 കിലോ അരി സഞ്ചി പൊക്കാൻ രണ്ട് ദിവസത്തെ മാനസിക തയ്യാറെടുപ്പും, മൂന്ന് ദിവസത്തെ പെയിൻ ബാം പുരട്ടലും വേണം. രാത്രി കിടക്കുമ്പോൾ കഴുത്ത് അല്പം നാല് ഡിഗ്രി ചരിഞ്ഞുപോയാൽ മതി, അടുത്ത ഒരാഴ്ചത്തേക്ക് ആ ഭാഗത്തേക്ക് തിരിയാൻ പോലും പറ്റില്ല!

ഇന്റേണൽ സിസ്റ്റം നോക്കിയാലോ, അതെല്ലാം ‘ലോ-പവർ മോഡിൽ’ ആണ്. പണ്ട് പാതിരാത്രിയിൽ പൊറോട്ടയും ബീഫും ഒന്നിച്ച് അകത്താക്കി ദഹിപ്പിച്ച ആമാശയം, ഇന്ന് ഒരു നുള്ള് എണ്ണ കണ്ടാൽ ഉടൻ സമരം പ്രഖ്യാപിക്കും. ഹോട്ടലിൽ പോയാൽ മെനു കാർഡ് വായിക്കാൻ കൈ നീട്ടിപ്പിടിച്ച്, ഫോണിന്റെ ടോർച്ച് ഓൺ ചെയ്യേണ്ട അവസ്ഥ. ടിവിയുടെ വോളിയം 60-ൽ താഴെ വെച്ചാൽ ഒരു ഡയലോഗും കേൾക്കില്ല. ഇനി നിന്നുകൊണ്ട് പാന്റ്സോ സോക്സോ ഇടാൻ നോക്കിയാൽ സർക്കസിലെ അഭ്യാസിയെപ്പോലെ ബാലൻസ് പോകും.

ഏറ്റവും രസം നമ്മുടെ ‘മെമ്മറി പ്രൊസസ്സർ’ ആണ്. എന്തോ അത്യാവശ്യ കാര്യം ഓർത്ത് അതിവേഗം അടുക്കളയിലേക്ക് ഓടിച്ചെല്ലും; ഫ്രിഡ്ജിന്റെ മുന്നിൽ വായും പൊളിച്ച് നിന്നിട്ട് ആലോചിക്കും—’ഞാൻ എന്തിനാപ്പാ ഇങ്ങോട്ട് വന്നത്?’. പെട്ടെന്ന് നിത്യോപയോഗ സാധനങ്ങളുടെ പേര് മറന്നുപോകും. ‘എടാ, ആ സാധനം ഇങ്ങെടുത്തേ… ആ വെള്ളം തിളപ്പിക്കുന്ന സംഭവം!’ എന്ന് പറഞ്ഞ് തപ്പിത്തടയും. ബുദ്ധി കുറഞ്ഞതൊന്നുമല്ല, ബാക്ക്‌ഗ്രൗണ്ടിൽ ഒത്തിരി ടാബുകൾ തുറന്നുവെച്ച് പഴയ മോഡൽ പ്രൊസസ്സർ ചെറുതായി ഹാങ്ങായി പോകുന്നതാണ്!

Dr.Mathew Joys

 

Leave a Reply

Your email address will not be published. Required fields are marked *