സുരക്ഷിതമായ സൗകര്യങ്ങളിൽനിന്ന് പുറത്തുകടന്ന് ദൈവീക ദൗത്യത്തിലേക്ക് ധീരമായി മുന്നേറണം : റവ. ജെയിംസ് കെ ജോൺ

Spread the love

ഡാളസ് : വ്യക്തിപരമായ സുഖസൗകര്യങ്ങൾക്കും ഭൗതിക നേട്ടങ്ങൾക്കും മാത്രം മുൻഗണന നൽകുന്ന ആത്മീയ ജീവിതത്തിൽനിന്ന് മാറി, ദൈവീക ദൗത്യത്തിലേക്ക് ധീരമായി ഇറങ്ങിച്ചെല്ലേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ഡാലസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവക പാരിഷ് മിഷൻ വാർഷിക കൺവെൻഷന് തുടക്കമായി. ഒക്ടോബർ 23 മുതൽ 26 വരെയാണ് കൺവെൻഷൻ നടക്കുന്നത്.

ഒക്ടോബർ 23 വെള്ളിയാഴ്ച നടന്ന ഉദ്ഘാടനയോഗത്തിൽ ലബ്ബക്കിലെ വികാരി റവ. ജെയിംസ് കെ ജോൺ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹഗ്ഗായി പ്രവാചകന്റെ പുസ്തകത്തെ ആസ്പദമാക്കി അദ്ദേഹം നൽകിയ സന്ദേശം വിശ്വാസികളുടെ മുൻഗണനകളെക്കുറിച്ചുള്ള ഗൗരവമായ ആത്മപരിശോധനയ്ക്ക് ആഹ്വാനം ചെയ്യുന്നതായിരുന്നു.

സ്വന്തം വീടുകളുടെയും ജീവിതസൗകര്യങ്ങളുടെയും കാര്യത്തിൽ മാത്രം ശ്രദ്ധാലുക്കളായി, ദൈവത്തിന്റെ ദൗത്യങ്ങളെയും ഉത്തരവാദിത്വങ്ങളെയും നീട്ടിവയ്ക്കുന്ന പ്രവണത വിശ്വാസികൾ ഗൗരവമായി പരിശോധിക്കണമെന്ന് സന്ദേശം ഓർമിപ്പിച്ചു. സഭയുടെ കെട്ടിടങ്ങളും സ്ഥാപനങ്ങളും സംരക്ഷിക്കുന്നതിൽമാത്രം ഒതുങ്ങിപ്പോകാതെ, ദൈവം നൽകിയിരിക്കുന്ന സമയവും വിഭവങ്ങളും ഉപയോഗിച്ച് ലോകത്തിലേക്ക് സ്നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശം എത്തിക്കാൻ ഓരോ വിശ്വാസിയും തയ്യാറാകേണ്ടതുണ്ട്.

“സഭയ്ക്കുള്ളിൽ മാത്രം ജീവിക്കാനല്ല, സഭയിലൂടെ ലോകത്തെ സേവിക്കാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്” എന്ന ഓർമ്മപ്പെടുത്തലോടെ, സുരക്ഷിതമായ സൗകര്യങ്ങളിൽനിന്ന് പുറത്തുകടന്ന് ധീരമായ ദൗത്യത്തിലേക്ക് മുന്നേറണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് അച്ചൻ തന്റെ പ്രസംഗം ഉപസംഹരിച്ചത്.

ഇടവക വികാരി ഡോ. റെജിൻ രാജു സ്വാഗതം ആശംസിച്ചു. അലക്സാണ്ടർ ഫിലിപ്പ്, ജോൺ ശമുവേൽ, പ്രൊഫ. റെയ്‌ന ജോർജ്, മിനി അനിൽ എന്നിവർ വിവിധ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ആത്മീയ നവീകരണത്തിനും വിശ്വാസജീവിതത്തിന്റെ വളർച്ചയ്ക്കും അവസരമൊരുക്കുന്ന കൺവെൻഷന്റെ തുടർന്നുള്ള ദിവസങ്ങളിലും ഇടവകാംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

P.P.Cherian BSc, ARRT(R) CT(R)
Freelance Reporter
Notary Public(State of Texas)

Leave a Reply

Your email address will not be published. Required fields are marked *