പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ സർക്കാർ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണം – എം.എം. ഹസ്സൻ

Spread the love

തിരുവനന്തപുരം: പി.എസ്.സിയിലെ നിയമന ക്രമക്കേടുകളുടെയും ഗുരുതരമായ അഴിമതി ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കാൻ സംസ്ഥാന സർക്കാർ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസ്സൻ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും പി.എസ്.സിയുടെ മുൻ ഡെപ്യൂട്ടി സെക്രട്ടറിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായ അഡീഷണൽ സെക്രട്ടറിയെയും അറസ്റ്റ് ചെയ്തുകഴിഞ്ഞു.

പി.എസ്.സി ചെയർമാനെ ക്രൈംബ്രാഞ്ച് ആറു മണിക്കൂറോളം ചോദ്യം ചെയ്തതായും കൂടുതൽ ചോദ്യം ചെയ്യലിനായി വീണ്ടും വിളിച്ചുവരുത്തുമെന്നും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ചെയർമാനടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നതിന് സർക്കാരിന്റെ അനുമതി തേടിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടാകുന്നത്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട് ഇത്രയും ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നതായി അറിയില്ല. ഈ സാഹചര്യത്തിൽ പി.എസ്.സി ചെയർമാനും അംഗങ്ങളും തൽസ്ഥാനങ്ങളിൽ തുടരുന്നതും ഔദ്യോഗിക ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതും നിയമപരമായും ധാർമികമായും ന്യായീകരിക്കാനാവില്ല.

നിയമന ക്രമക്കേടുകളും ഗുരുതരമായ അഴിമതി ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിൽ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ രാഷ്ട്രപതിക്ക് സുപ്രീംകോടതിയോട് അന്വേഷണം നടത്താൻ ആവശ്യപ്പെടാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്.

അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട പി.എസ്.സി അംഗങ്ങളെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽനിന്ന് മാറ്റിനിർത്തുന്നതിനുള്ള ഭരണഘടനാപരമായ സാധ്യതകളും പരിശോധിക്കേണ്ടതാണ്.

കേരളത്തിലെ തൊഴിലില്ലാത്ത യുവാക്കളെ വഞ്ചിക്കുകയും പി.എസ്.സിയുടെ വിശ്വാസ്യത പൂർണമായും തകർക്കുകയും ചെയ്ത ഈ സാഹചര്യത്തിൽ ചെയർമാനെയും അംഗങ്ങളെയും ഒരു നിമിഷംപോലും തൽസ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കരുത്. അവരെ സ്ഥാനത്തുനിന്ന് നീക്കുന്നതിനാവശ്യമായ നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി മുൻകൈയെടുക്കണമെന്നും എം.എം. ഹസ്സൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *