ഡാളസ് /ബാങ്കോക്ക് (തായ്ലൻഡ്) : ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയന്റെ പുതിയ പ്രസിഡന്റായി ഡാലസിൽ നിന്നുള്ള ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് റവ. ജോൺസൺ തരകനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. തായ്ലൻഡിൽ വച്ച് നടന്ന സംഘടനയുടെ ഏഷ്യ പസിഫിക് റീജിയണൽ സമ്മേളനത്തിലാണ് ഈ ചരിത്രപരമായ തീരുമാനം ഉണ്ടായത്. കഴിഞ്ഞ നാല് വർഷമായി ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയന്റെ വൈസ് പ്രസിഡന്റായി മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കാര്യക്ഷമമായ നേതൃത്വവും സംഘടനയുടെ വളർച്ചയ്ക്കായി നൽകിയ സംഭാവനകളും പരിഗണിച്ചാണ് ഈ ഉന്നത പദവിയിലേക്ക് ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തത്.
ഏഷ്യ പസിഫിക് മേഖലയിലെ 23 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായത്. റവ. ജോൺസൺ തരകന്റെ നേതൃത്വത്തിൽ ഏഷ്യ പസിഫിക് മേഖലയിലെ സഭാ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പ്രത്യാശ പ്രകടിപ്പിച്ചു.
1997 മുതൽ 2004 വരെ ജോൺസൺ ചർച്ച് ഓഫ് ഗോഡിന്റെ കൗൺസിൽ അംഗമായി സേവനമനുഷ്ഠിച്ചു. കൗൺസിൽ അംഗമെന്ന നിലയിൽ ഈ കാലഘട്ടങ്ങളിൽ, സഭാ ശുശ്രൂഷയും സ്വയം സഹായ പദ്ധതികളും വികസിപ്പിക്കാൻ അദ്ദേഹം സഹായിച്ചു. 2006 മുതൽ 2012 വരെ ഇന്ത്യയിലെ നാഗ്പൂരിൽ ചർച്ച് ഓഫ് ഗോഡ് മിനിസ്ട്രികളുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം, തുടർന്ന് 2012 ഒക്ടോബർ 30-ന് ചർച്ച് ഓഫ് ഗോഡിന്റെ പ്രസിഡന്റായും ഏകകണ്ഠമായി തിരഞ്ഞൈടുക്കപ്പെട്ടിട്ടുണ്ട്. നിയമത്തിലും ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദത്തിന് പുറമേ, ദിവ്യത്വത്തിലും കലയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹത്തിന്റെ ഭാര്യ ലെത മോളും രണ്ട് കുട്ടികളുമടങ്ങുന്നതാണ് കുടുംബം.
ഏഷ്യ പസിഫിക് മേഖലയിലുടനീളം ആരോഗ്യകരമായ സുവിശേഷ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും , വികസിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്നതിനും താൽപ്പര്യമുള്ള പാസ്റ്റർമാരുടെ ഒരു സംഘത്തെ വളർത്തിയെടുക്കുക എന്നതിലൂടെ സഭകളെ ശാക്തീകരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദർശനം.
P.P.Cherian (Freelance Reporter)