വൈദ്യുതി : പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ് – മുഖ്യമന്ത്രി വിഡി സതീശൻ

Spread the love

സംസ്ഥാനത്ത് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഇടപെടലില്‍ ദുരൂഹതയുണ്ടെന്നത് ഉള്‍പ്പെടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രധാന ആരോപണങ്ങളിലൊന്ന് ഹിമാചല്‍ പ്രദേശ് യൂണിറ്റിന് 14.5 രൂപയ്ക്ക് ഓഫര്‍ ചെയ്ത കരാര്‍ പിന്നീടവര്‍ 12.5 രൂപയായി കുറച്ചു എന്നതാണ്. ഇത് തെറ്റാണ്. മുഖ്യമന്ത്രിക്ക് വന്ന ഫയലില്‍, അങ്ങ് മികച്ച ഉദ്യോഗസ്ഥനെന്ന് വാര്‍ത്താസമ്മേളനത്തില്‍ സാക്ഷ്യപ്പെടുത്തിയ മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഹിമാചല്‍ താരിഫ് സംബന്ധിച്ച് 29-10-2026-ന് പറഞ്ഞത്; 12.50/kWh Shall not be treated as confirmed unless expressly accepted in writing by the competent HP authority.

12.50 രൂപയ്ക്ക് വൈദ്യുതി നല്‍കുമെന്ന ഉറപ്പ് ഹിമാചല്‍ പ്രദേശ് അധികാരികള്‍ കെ.എസ്.ഇ.ബിക്ക് നല്‍കിയിട്ടില്ലെന്ന് ഇതില്‍ വ്യക്തമാണ്. കെ.എസ്.ഇ.ബി പോലും ലഭിച്ചിട്ടില്ലെന്ന് പറയുന്ന പ്രപ്പോസല്‍ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചത്? ഇത് പുറത്തു വിടാന്‍ അങ്ങ് തയാറാകണം.

പ്രതിപക്ഷ നേതാവ് വാദിക്കുന്ന ഹിമാചല്‍ കരാര്‍ പി.ടി.സി എന്ന ഇടനിലക്കാര്‍ വഴിയാണെന്നും അവരുടെ മാര്‍ജിന്‍ കൂടി ഉള്‍പ്പെടുത്തിയാണ് 14.50 രൂപ നിരക്ക് നിശ്ചയിച്ചതെന്നുമുള്ളത് അങ്ങേയ്ക്ക് അറിയാത്തതാണോ അതോ സൗകര്യപൂര്‍വം മറച്ചുവച്ചതാണോ?

കെ.എസ്.ഇ.ബിയില്‍ നിന്നും രാജസ്ഥാന്‍ റെഗുലേറ്ററി കമ്മിഷനില്‍ നിന്നും ലഭ്യമായ രേഖകള്‍ അനുസരിച്ച് 17-10-2026-നു തന്നെ ഹിമാചലിന്റെ അടിയന്തര ആവശ്യ പ്രകാരം രാജസ്ഥാന്‍ ബോര്‍ഡ് വൈദ്യുതി വാങ്ങാനുള്ള കരാര്‍ അംഗീകരിച്ചുവെന്നും 18-10-2026-ന് കത്ത് നല്‍കിയെന്നും വ്യക്തമാണ്. രാജസ്ഥാന് 15.50 രൂപയ്ക്ക് നല്‍കാമെന്നേറ്റ വൈദ്യുതി എങ്ങനെയാണ് 12.50 രൂപയ്ക്ക് ഹിമാചല്‍ കെ.എസ്.ഇ.ബിക്ക് നല്‍കുന്നത്? അത്തരത്തില്‍ എന്ത് ഉറപ്പ്, ആര്‍ക്ക് നല്‍കിയെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്?

ഹിമാചലിന്റെ പഴയ നിരക്ക് ചൂണ്ടിക്കാട്ടി ജി.എന്‍.എയെ ന്യായീകരിക്കുന്നുവെന്നതാണ് അങ്ങയുടെ മറ്റൊരു വാദം. ഹിമാചലിന്റെ പഴയ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ജി.എന്‍.എയാണ് മികച്ചതെന്ന് അങ്ങ് അംഗീകരിച്ചല്ലോ. ഹിമാചല്‍ കെ.എസ്.ഇ.ബിക്ക് ഒറ്റ നിരക്കു മാത്രമെ നല്‍കിട്ടുള്ളൂ. അതില്‍ പഴയ നിരക്ക്, പുതിയ നിരക്ക് എന്നൊന്നില്ല. ജി.എന്‍.എ ഒരു ഉല്‍പാദന കമ്പനി അല്ലെന്ന് ഇപ്പോള്‍ പറയുന്ന ഇതേ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതേ സ്ഥാപനം വഴി പലവട്ടം വൈദ്യുതി വാങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന് നോട്ടെഴുതി കൊടുത്തവര്‍ അത് മനപൂര്‍വം മറന്നതാണോ? അങ്ങനെയെങ്കില്‍ അവര്‍ അങ്ങയെ നാണം കെടുത്താനാണ് ശ്രമിക്കുന്നത്. ജി.എന്‍.എ വഴി കഴിഞ്ഞ സര്‍ക്കാര്‍ വാങ്ങിയ വൈദ്യുതിയുടെ കണക്കുകള്‍ അങ്ങ് ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ തയാറാണ്.

സംസ്ഥാനത്ത് ഇപ്പോള്‍ വൈദ്യുതി ക്ഷാമം ഇല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയെന്നുമാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ വൈദ്യുതി മന്ത്രി വഴി മുഖ്യമന്ത്രിക്ക് അയച്ച ഫയലില്‍ 29-10-2026-ന് എഴുതിയത് ഞാന്‍ അങ്ങയുടെ അറിവിലേക്ക് പറയട്ടെ;
An immediate decision is imperative, as the proposal has been under consideration for more than two weeks. The State’s existing power shortage, compounded by deficient rainfall, constrained hydro availability and the reported El Niño conditions, leaves little scope to absorb further supply uncertainty. If the available power is lost without an equivalent firm replacement, KSEBL may be left with no practical option but to impose prolonged power cuts, including during the critical summer months. Further delay therefore carries a direct risk to continuity of electricity supply across Kerala.

സെപ്തംബര്‍ മാസത്തില്‍ കേരളത്തില്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ടി വന്നു. തുടര്‍ന്ന് ഒക്ടോബറില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങിയാണ് സംസ്ഥാനം പവര്‍ കട്ടിനെ മറികടന്നത്. കേരളത്തിലെ വൈദ്യുതി സംബന്ധിച്ച അതോറിട്ടിയായ കെ.എസ്.ഇ.ബി ഓപ്പണ്‍ ടെന്‍ഡര്‍ വഴി ആവശ്യമായ വൈദ്യുതി ലഭ്യമല്ലെന്നും പവര്‍ കട്ട് ഒഴിവാക്കാന്‍ അവരുടെ മുന്നിലുള്ള കരാറുകളില്‍ അടിയന്തര തീരുമാനം കൈക്കൊള്ളാനുമാണ് സര്‍ക്കാരിന് ഫയലുകള്‍ സമര്‍പ്പിച്ചത്. പവര്‍ കട്ട് ഒഴിവാക്കാന്‍ ഏതാണ് അഭികാമ്യമെന്ന ചോദ്യമാണ് മുഖ്യമന്ത്രിയുടെ മുന്നില്‍ വച്ചത്. ആ ഫയലിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് നവംബറില്‍ പവര്‍ കട്ട് ഉണ്ടാകുമെന്ന് ഒക്ടോബര്‍ അവസാന വാരം തന്നെ മുഖ്യധാരാ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. അത് തെറ്റായിരുന്നെങ്കില്‍ ആരാണ് അത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്?

വിപണിയില്‍ കൂടുതല്‍ വൈദ്യുതി ലഭ്യമാണ്, ഡാമുകളില്‍ കൂടുതല്‍ വെള്ളമുണ്ട്, പൊതുവിപണിയേക്കാള്‍ മൂന്നര രൂപ ജി.എന്‍.എ അധികം ഈടാക്കുന്നു എന്നൊക്കെയുള്ള വാദങ്ങളും ഉന്നയിച്ചു കണ്ടു.

കെ.എസ്.ഇ.ബി സര്‍ക്കാരിന് നല്‍കിയ ഫയലില്‍ മത്സരാധിഷ്ഠിത മാര്‍ഗങ്ങള്‍ വഴി ആറ് ടെന്‍ഡറുകള്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ DEEP പോര്‍ട്ടല്‍ വഴി നടത്തിയെന്നും സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ഇതില്‍ നിന്നും ലഭ്യമായിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ റെഗുലേറ്ററി കമ്മിഷന് മുന്നില്‍ നല്‍കിയ പ്രപ്പോസലുകളില്‍, സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത കൂടുതലുള്ള നോണ്‍ സോളാര്‍ സമയങ്ങളില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാനുള്ള പ്രെപ്പോസലുകള്‍ ഉണ്ടായിട്ടില്ലെന്നും വ്യക്തമാണ്. പൊതുവിപണിയില്‍ നിന്നും 5 രൂപ നിരക്കില്‍ വൈദ്യുതി ലഭ്യമായാല്‍ ജി.എന്‍.എയ്ക്ക് 3.50 രൂപ അധികമായി നല്‍കേണ്ടി വരുമെന്നതാണ് അങ്ങയുടെ വാദം. അങ്ങനെയെങ്കില്‍ ഹിമാചലിന് നല്‍കേണ്ടി വരുന്നത് ഒരു യൂണിറ്റിന് 9.50 രൂപയാണ്. ഇക്കാര്യം പ്രതിപക്ഷ നേതാവ് പറയാത്തത് പി.ടി.സി എന്ന ഇടനിലക്കാരന്‍ വഴി വന്ന ഹിമാചലിന്റെ പ്രെപ്പോസലിനെ ന്യായീകരിക്കുന്നതിന് തുല്യമല്ലേ?

ഹിമാചല്‍, ജി.എന്‍.എ താരതമ്യത്തില്‍ മുഖ്യമന്ത്രി എടുത്ത തീരുമാനത്തെ അങ്ങ് ചോദ്യം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിക്ക് മുന്നില്‍ വന്ന ഫയലുകള്‍ പരിശോധിച്ച ശേഷം സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം എടുത്തത്. സംസ്ഥാനത്തിന് വൈദ്യുതി ആവശ്യകത ഏറ്റവും കൂടുതലുള്ള നോണ്‍ സോളാര്‍, പീക്ക് അവറുകളില്‍ ആരാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുകയെന്ന പരിശോധനയാണ് നടത്തിയത്. കെ.എസ്.ഇ.ബി ചെയര്‍മാന്‍ നോട്ടില്‍ കുറിച്ച പ്രകാരം, ജി.എന്‍.എയില്‍ നിന്നും ഹിമാചല്‍ കരാറിനെക്കാള്‍ 385 മില്യണ്‍ യൂണിറ്റ് നോണ്‍ സോളാര്‍ സമയങ്ങളില്‍ ലഭിക്കുമെന്നുണ്ട്. പീക്ക് സമയമായ വൈകിട്ട് 6:30 മുതല്‍ രാത്രി 10:30 വരെ ഹിമാചല്‍ നല്‍കുന്ന ശരാശരി വൈദ്യുതി ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജി.എന്‍.എ നല്‍കുന്ന 500 മെഗാവാട്ടിലും നന്നേ കുറവുമാണ്. കൂടാതെ ഹിമാചല്‍ കരാര്‍ റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ച ഉയര്‍ന്ന താരിഫായ 10 രൂപയ്ക്കും അംഗീകരിച്ച നിരക്കിനും മുകളിലായതു കൊണ്ടും അധിക ബാധ്യത സംസ്ഥാന സര്‍ക്കാരിന് മുകളില്‍ വരുമെന്നും ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജി.എന്‍.എയില്‍ നിന്നും പകല്‍ സമയത്ത് ലഭിക്കുന്ന അധിക വൈദ്യുതിയിലൂടെ കേരളത്തിലെ ജലവൈദ്യുതി ഉല്‍പാദനം വേനല്‍ക്കാലത്തേക്ക് ക്രമീകരിക്കാന്‍ സാധിക്കും. മേല്‍പറഞ്ഞ എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമാണ് തീരുമാനം എടുത്തത്.

മുഖ്യമന്ത്രി അനധികൃതമായി ഫയലില്‍ ഇടപെട്ടുവെന്നും വൈദ്യുതി മന്ത്രിയെ മറികടന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഫയലുകള്‍ നിയന്ത്രിക്കുന്നുവെന്നും അങ്ങ് ആരോപിച്ചല്ലോ. സര്‍ക്കാരിന്റെ ഫയല്‍ നീക്കം സംബന്ധിച്ച വിവരങ്ങള്‍ അങ്ങേയ്ക്ക് നേരിട്ട് ലഭിക്കില്ലെന്നിരിക്കെ ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്? അങ്ങ് പറയുന്ന ഫയല്‍ മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി വൈദ്യുതി മന്ത്രി അയച്ചതാണ്. അല്ലാതെ മുഖ്യമന്ത്രി വിളിപ്പിച്ചതല്ല. മുഖ്യമന്ത്രിയുടെ മുന്നില്‍ തീരുമാനത്തിനെത്തിയ ഒരു ഫയലില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത കൂടി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുകയാണ് ചെയ്തത്.

ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഫയലുകളില്‍ ഒരു പരിശോധനയും നടത്താതെ ഒപ്പിടാനല്ല ജനങ്ങള്‍ ഈ സര്‍ക്കാരിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ടാണ് ഫയല്‍ പരിശോധിച്ചതും കൃത്യമായ തീരുമാനം എടുത്തതും. ഉദ്യോഗസ്ഥര്‍ കൊണ്ടു വരുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്നത് ഞങ്ങളുടെ ശൈലിയല്ല.

ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ച് ജനങ്ങളുടെ പണം കൊള്ളയടിക്കലാണ് സര്‍ക്കാരിന്റെ നീക്കമെന്ന് അങ്ങ് ആരോപിക്കുന്നു. സോളാര്‍ സമയത്തിന് പുറത്തും പീക്ക് അവറിലും ഉയര്‍ന്ന നിരക്കില്‍ കുറവ് വൈദ്യുതി നല്‍കുന്ന കരാറിന് വേണ്ടി അങ്ങ് എന്തിനാണ് കുട പിടിക്കുന്നതെന്ന് മനസിലാകുന്നില്ല. കെ.എസ്.ഇ.ബി എതിര്‍ത്തിട്ടും മുഖ്യമന്ത്രി തീരുമാനം എടുത്തെന്നാണ് അങ്ങ് പറഞ്ഞത്. സര്‍ക്കാരിന്റെ തീരുമാനത്തിന് വിട്ട ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചപ്പോള്‍ മാത്രമാണ് തീരുമാനം അറിയിച്ചത്.

25 വര്‍ഷത്തേക്ക് 4.29 രൂപ നിരക്കില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ദീര്‍ഘകാല കരാര്‍ എട്ട് വര്‍ഷത്തെ ഉപയോഗത്തിന് ശേഷം റദ്ദാക്കുകയും പിന്നീട് എട്ട് മുതല്‍ 14 രൂപ വരെ നിരക്കില്‍ സ്വകാര്യ ഏജന്‍സികളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കുട പിടിക്കുകയും ചെയ്ത മുഖ്യമന്ത്രിയായിരുന്നു അങ്ങ്. അങ്ങ് എടുത്തതു പോലെ ജനദ്രോഹപരമായ ഒരു നടപടിയും ഈ സര്‍ക്കാര്‍ കൈക്കൊള്ളില്ല. ജനങ്ങള്‍ക്കു മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന ഒരു തീരുമാനവും ഈ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും വിനയപൂര്‍വം അങ്ങയെ അറിയിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *