ദേശീയപാതാ വികസനത്തിന്റെ സ്ഥലമേറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് ഇതുവരെ നൽകിയത് 502 കോടി രൂപ. പൂർണ്ണമായും ഭൂമിയുടെ രേഖകളും മറ്റു തിരിച്ചറിയൽ രേഖകളും സമർപ്പിച്ച 726 പൊന്നുംവില കേസ്സുകളിൽ ഏകദേശം 300 ഭൂവുടമകൾക്കാണ് തുക ലഭിച്ചത്. ഇവരിൽ നിന്ന് 2021 ഒക്ടോബർ 22 വരെയുള്ള കാലയളവിൽ ഈ ഭൂവുടമകളിൽ നിന്നായി 20,000 ഹെക്ടർ ഭൂമി ഏറ്റെടുത്ത്, ഇതിന്റെ നഷ്ടപരിഹാര തുകയായ 502 കോടി രൂപ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്തു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിശ്ചിത സമയത്തിനുള്ളിൽ ഉടമസ്ഥാവകാശരേഖകൾ പൂർണ്ണമായും സമർപ്പിക്കാത്ത ഭൂവുടമകൾക്ക് അനുവദിച്ച് മാറ്റിവച്ചിട്ടുള്ള നഷ്ടപരിഹാര തുക നൽകുന്നതുമായി ബന്ധപ്പെട്ട് വില്ലേജാഫീസുകൾ കേന്ദ്രീകരിച്ച് അദാലത്തുകൾ സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ ആദ്യഘട്ടം ഒക്ടോബർ 18 മുതൽ 23 വരെയുളള ദിവസങ്ങളിലായി യൂണിറ്റ് നാലിന് കീഴിൽ വരുന്ന കടിക്കാട്, എടക്കഴിയൂർ, കടപ്പുറം, നാട്ടിക, പാപ്പിനിവട്ടം വില്ലേജുകളിൽ നടന്നു കഴിഞ്ഞു. രണ്ടാംഘട്ടമായി യൂണിറ്റ് മൂന്നിന് കീഴിൽ വരുന്ന ഏങ്ങണ്ടിയൂർ, പനങ്ങാട്, പെരിഞ്ഞനം, വലപ്പാട്, പുന്നയൂർ വില്ലേജുകളിലെ അദാലത്ത് ഒക്ടോബർ 25 മുതൽ 30 വരെയും, മൂന്നാം ഘട്ടമായി യൂണിറ്റ് ഒന്നിന് കീഴിൽ വരുന്ന മേത്തല, ലോകമലേശ്വരം, ചെന്ത്രാപ്പിന്നി തളിക്കുളം, ഒരുമനയൂർ വില്ലേജുകളുടെയും യൂണിറ്റ് രണ്ടിൽ വരുന്ന മണത്തല, വാടാനപ്പിള്ളി, കയ്പമംഗലം, ആല, കൂളിമുട്ടം എന്നീ വില്ലേജുകളുടെ അദാലത്തുകൾ നവംബർ 11 മുതൽ 16 വരെയുള്ള തീയതികളിലും അതാത് വില്ലേജാഫീസുകളിൽ ക്രമീകരിച്ചിട്ടുളളതായി സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
ഒക്ടോബർ 18ന് ആരംഭിച്ച ഒന്നാംഘട്ട അദാലത്തിൽ 2021 മാർച്ച് 22 വരെ 151 കക്ഷികൾ പൂർണ്ണമായും രേഖകൾ സമർപ്പിച്ചു. അദാലത്തുകൾ പ്രയോജനപ്പെടുത്തി കക്ഷികൾ പൂർണ്ണമായും രേഖകൾ സമർപ്പിക്കുന്നതോടെ ഇവർക്ക് ഡിസംബർ 31ഓടെ നഷ്ടപരിഹാരത്തുക വിതരണം പൂർത്തീകരിക്കുവാൻ സാധിക്കും. പൂർണ്ണമായും കുടിയൊഴിപ്പിക്കപ്പെടുന്ന 35 കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട് 1.05 കോടിയോളം രൂപ വിതരണം ചെയ്തിട്ടുണ്ട്. പൂർണ്ണമായും കുടിയൊഴിപ്പിക്കപ്പെടുന്ന വാണിജ്യസ്ഥാപനങ്ങളിലെ വാടകക്കാർക്കുളള പുനരധിവാസ പാക്കേജിനുളള നടപടികൾ ത്വരിതഗതിയിൽ നടക്കുകയാണ്. ഇനിയും രേഖകൾ ഹാജരാക്കാത്ത വാടകക്കാർ അടിയന്തിരമായി രേഖകൾ ഹാജരാക്കേണ്ടതാണെന്ന് പൊന്നുംവില സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ ടി. മുരളി അറിയിച്ചു.