തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദ്ദീപ് സിംഗ് പുരിയുമായി സംസ്ഥാനത്തെ വികസന പ്രശ്നങ്ങളും മറ്റ് വിഷയങ്ങളും ചർച്ച ചെയ്തു. കേരളം ഇപ്പോൾ നേരിടുന്ന പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്ത് അടൽ മിഷൻ ഫോർ റെജുവെനേഷൻ ആന്റ് അർബൻ ട്രാൻസ്ഫോർമേഷൻ – അമൃത് പദ്ധതി നടപ്പിലാക്കാനുള്ള സമയം നീട്ടി നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പ്രധാൻമന്ത്രി ആവാസ് യോജന(അർബൻ) പി.എം.എ.ഐ(യു) പദ്ധതിയിൽ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര അനുമതി ആവശ്യമാണ്. ദീൻദയാൽ അന്ത്യോദയ യോജന(ഡി.ഡി.എ.വൈ) – നാഷണൽ അർബൻ ലൈവ്ലിഹുഡ് മിഷൻ (എൻ.യു.എൽ.എം) സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായുള്ള സ്വയംതൊഴിൽ വായ്പയുടെ പലിശ നിരക്കിൽ ഇളവ് നൽകണമെന്നും ഫിനാൻസ് കമ്മീഷന്റെ ഭാഗമായുള്ള ഫണ്ട് ലഭ്യമാക്കാനുള്ള നിലപാട് സ്വീകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
കോഴിക്കോട് നിർമ്മിക്കുന്ന വേസ്റ്റ് ടു എനർജി പ്ലാന്റിന് ആവശ്യമുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നൽകുവാനുള്ള പ്രൊപ്പോസൽ കേന്ദ്ര സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ഖരമാലിന്യ സംസ്ക്കരണത്തിനുള്ള ഫണ്ടും ആവശ്യപ്പെട്ടു. ഈ വിഷയങ്ങളിൽ അടിയന്തിര നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളെ ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ പൈസ പോർട്ടലിൽ ഉൾപ്പെടുത്താനുള്ള നടപടി ക്രമങ്ങളെക്കുറിച്ചും ചർച്ച നടത്തി.
ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രാലയവുമായും മന്ത്രി ഗോവിന്ദൻ മാസ്റ്റർ ചർച്ച നടത്തി. ചർച്ചയിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് നിലവിൽ നൽകുന്ന വേതനം 291 രൂപയിൽ നിന്നും വർദ്ധിപ്പിച്ച് നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന തൊഴിൽ ദിനങ്ങൾ വർഷത്തിൽ 150 ദിവസമായി ഉയർത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ മറ്റൊരു പ്രധാന ആവശ്യം.
പൊതുകെട്ടിടങ്ങൾക്ക് ചുറ്റുമതിൽ നിർമ്മിക്കുന്നതിനുള്ള ധനസഹായം ലഭ്യമാക്കണമെന്നും ഗ്രാമപഞ്ചായത്തുകളിൽ മത്സ്യകൃഷി ചെയ്യുന്നതിന് പാട്ടത്തിനെടുത്ത സ്വകാര്യഭൂമിയിൽ നഴ്സറികൾ സ്ഥാപിക്കാനുള്ള വ്യവസ്ഥ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺകൗശൽ യോജന പദ്ധതിയുടെ കീഴിൽ നിർദ്ധനരായ കുട്ടികൾക്ക് സംവരണം കണക്കാക്കാതെ പ്രവേശനം നൽകുന്നതിനുള്ള അനുമതി നൽകണമെന്നും പദ്ധതി വഴി പരിശീലനം നേടിയ ഉദ്യോഗാർത്ഥികൾക്ക് ഫോറിൻ റിക്രൂട്ട്മെന്റ് മെക്കാനിസത്തിന് പരിഗണന നൽകണമെന്ന വിഷയവും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രധാന മന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിലുള്ള അപാകതകൾ പരിഹരിക്കണമെന്നും പ്രധാനമന്ത്രി കിസാൻ സിഞ്ചൈ യോജന (പി.എം.കെ.എസ്.വൈ) നീർത്തട വികസന സ്കീമിന്റെ സമയപരിധി നീട്ടിനൽകണമെന്നും 2022 – 23 വാർഷിക പദ്ധതിയിൽ ഇ ഗ്രാം സ്വരാജ് പേർട്ടലിൽ ജോയിന്റ് വെഞ്ച്വർ പ്രോജക്ടുകൾ ഉൾപ്പെടുത്തുന്നതിനും പ്രാദേശിക മേഖലയിൽ ജൽജീവൻ മിഷൻ നടപ്പിലാക്കാനുമുള്ള ആവശ്യങ്ങൾ കേന്ദ്ര ഗ്രാമ വികസന, പഞ്ചായത്തു വകുപ്പു സെക്രട്ടറിമാരുടെ ശ്രദ്ധയിൽ പെടുത്തി.
ചർച്ചയിലെ കാര്യങ്ങൾ പരിഗണിച്ച് അനുഭാവപൂർണ്ണമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി. രാജ്യസഭാ എം.പി. ഡോ. വി. ശിവദാസനും ചർച്ചയിൽ പങ്കാളിയായി.