സിപിഎമ്മിന്റെ സ്ത്രീ സംരക്ഷണവാദം വെറും തട്ടിപ്പാണെന്ന് അനുപമ വിഷയത്തിലൂടെ കേരള ജനതയ്ക്ക് ഒരിക്കല്‍ക്കൂടി ബോധ്യമായെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി.
ചോരക്കുഞ്ഞിനെ അതിന്റെ പെറ്റമ്മയില്‍ നിന്നും അകറ്റുകയും കുഞ്ഞിനെ തിരികെ കിട്ടാനുള്ള ആ അമ്മയുടെ ശ്രമങ്ങളെ അധികാരത്തിന്റെ എല്ലാവഴികളും ഉപയോഗിച്ച് തടസ്സപ്പെടുത്തിയതുമായ നടപടി സിപിഎമ്മിന്റെ കപടമുഖം വെളിവാക്കുന്നതാണ്. അനുപമയുടെ വിഷയത്തില്‍ കേരള ജനതയുടെ രോഷം ഉയര്‍ന്ന് വന്നില്ലായിരുന്നില്ലെങ്കില്‍ കുഞ്ഞിനെ തിരികെ കിട്ടാനുള്ള സാധ്യതകള്‍ സിപിഎം എന്നെന്നേക്കുമായി മുടക്കിയേനെ. സിപിഎമ്മിന്റെ പ്രതികൂല സമീപനവും രാഷ്ട്രീയ സ്വാധീനവും കൊണ്ടാണ് അനുപമയ്ക്ക് കുഞ്ഞിനെ നഷ്ടമായത്. പോലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനം സിപിഎമ്മിന്റെ സ്വാധീനത്തിന് വഴങ്ങാതെ നിഷ്പക്ഷമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അനുപമയ്ക്ക് കുഞ്ഞിനെ നേരത്തെ തന്നെ ലഭ്യമാകുമായിരുന്നു. ദത്ത് നടപടികള്‍ക്ക് വഞ്ചിയൂര്‍ കുടുംബക്കോടതി സ്റ്റേ പുറപ്പെടുവിച്ചത് സ്വാഗതാര്‍ഹമാണ്.
സിപിഎം പോളിറ്റ് ബ്യൂറോയിലേയും കേന്ദ്രകമ്മിറ്റിയിലേയും വനിതാ നേതാക്കള്‍ക്ക് ഇടപെട്ടിട്ടും അനുപമയ്ക്ക് നീതി ഉറപ്പാക്കുന്നത് അട്ടിമറിക്കാന്‍ കേരളാഘടകത്തിന് സ്വാധിച്ചു. കേരള മനഃസാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സിപിഎമ്മിനാണ്. വിവാദമായപ്പോള്‍ അതില്‍ നിന്നും തടിയൂരാനുള്ള പൊടിക്കൈകളാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്. ഇത് ഒട്ടും ആത്മാര്‍ത്ഥയില്ലാത്തതാണ്. അനുപമയുടെ കുഞ്ഞിനെ തട്ടിയെടുത്തവര്ക്കെതിരേയും തിരികെ നല്‍കുന്നതിന് തടസ്സം നിന്നവര്ക്കുമെതിരെയും സമഗ്രമായ അന്വേഷണം നടത്തി കേസെടുത്ത് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.കുഞ്ഞിനെ തട്ടിയെടുക്കാന്‍ ഒത്താശ ചെയ്ത ശിശുക്ഷേമ സമിതിയിലേയും പോലീസിലേയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.