ഒക്കലഹോമ :വീട്ടില്‍ വളര്‍ത്തുന്ന നായയുടെ കടിയേറ്റ് ഒക്കലഹോമയിലെ ഏഴു വയസ്സുകാരന് ദാരുണാന്ത്യം. ഒക്കലഹോമ നോര്‍ത്ത് ഈസ്റ്റ് കൈഫറിലായിരുന്നു സംഭവം. കഴിഞ്ഞ വാരാന്ത്യം നടന്ന സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്നലെയാണ് ഒക്കലഹോമ അധികൃതര്‍ വെളിപ്പെടുത്തിയത്.
ബുധനാഴ്ച രാത്രി 7.30തോടെ കുട്ടിയെ വീട്ടില്‍ നിന്നും കാണാതായി. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കുട്ടിയെ വീടിനു സമീപത്തുള്ള സ്ഥലത്തു കണ്ടെത്തി. അവിടെ രക്തത്തില്‍ കുളിച്ചു ശരീരമാസകലം കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവാണ് കുട്ടിയെ ആദ്യം കണ്ടെത്തിയത്.
മൂന്നാഴ്ച മുമ്പാണ് കോര്‍ഗി മിക്‌സ് ഇനത്തില്‍പ്പെട്ട നായയെ വീട്ടില്‍ കൊണ്ടുവന്നത്. എന്നാല്‍ ഒരിക്കല്‍പോലും നായ പ്രകോപിതയായിട്ടില്ല എന്നാണ് മരിച്ച കുട്ടിയുടെ മുത്തശ്ശി പറഞ്ഞത്. സ്റ്റേറ്റ് മെഡിക്കല്‍ എക്‌സാമിനര്‍മാര്‍ സംഭവത്തെ കുറിച്ചു അന്വേഷണമാരംഭിച്ചതായി ഷെറിഫ് ഓഫിസ് അറിയിച്ചു. കുട്ടി മരിച്ച സംഭവം ഹൃദയഭേദകമാണെന്ന് പിതാവ് പറഞ്ഞു. വീടിന്റെ വിളക്കായിരുന്ന മകനെന്നായിരുന്നു മാതാവ് പ്രതികരിച്ചത്. നായയെ പിന്നീട് അനിമല്‍ കണ്‍ട്രോള്‍ ഫെസിലിറ്റിയിലേക്ക് മാറ്റി. കുട്ടിയുടെ മരണത്തില്‍ ആരേയും ഇതുവരെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല