എന്റെ ജില്ല മൊബൈല്‍ ആപ്പില്‍ അറിയാം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസിലെ വിവരങ്ങള്‍

Spread the love

post

എറണാകുളം: സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫീസുകളില്‍ ഫോണില്‍ ബന്ധപ്പെടാനും സജ്ജമാക്കിയ എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷന്‍ കൂടുതല്‍ ആളുകളിലേക്കും കൂടുതല്‍ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്നു. നിലവില്‍ 1265 ഓഫീസുകളിലെ വിവരങ്ങള്‍ ആപ്പില്‍ അറിയാനും ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും സാധിക്കും. ആപ്പിന്റെ ഗുണഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങള്‍ ജില്ല കളക്ടറുടെയും അസിസ്റ്റന്റ് കളക്ടറുടെയും നേതൃത്വത്തില്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. പെരുമാറ്റത്തിലും സേവനത്തിലും മികവു പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും ഏതെങ്കിലും ഓഫീസില്‍ ദുരനുഭവം നേരിട്ടാല്‍ മേലധികാരികളെ അറിയിക്കാനും എന്റെ ജില്ല ആപ്പ് വഴി സാധിക്കും.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും ഫോണിലും ഇ-മെയിലിലും ബന്ധപ്പെടാനും പ്രവര്‍ത്തനം വിലയിരുത്താനും പരാതി നല്‍കാനുമുള്ള സൗകര്യമാണ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ച എന്റെ ജില്ല ആപ്ലിക്കേഷനിലുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ആപ്ലിക്കേഷനില്‍ പ്രവേശിച്ചാലുടന്‍ ജില്ല തിരഞ്ഞെടുത്ത് മുന്നോട്ടു പോകാം.
റവന്യൂ, പോലീസ്, റോഡ് ട്രാന്‍സ്പോര്‍ട്ട്, ആരോഗ്യം, തദ്ദേശസ്വയംഭരണം, കെ.എസ്.ഇ.ബി, കൃഷി, പൊതുവിതരണം, രജിസ്ട്രേഷന്‍, മൃഗസംരക്ഷണം, ഫീഷറീസ്, വിദ്യാഭ്യാസം, വ്യവസായം, അക്ഷയ, കോളേജുകള്‍, ആശുപത്രികള്‍, പൊതുമരാമത്ത്, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, ട്രഷറി, ജലസേചനം, സാമൂഹ്യനീതി, അഗ്നിരക്ഷ, ടൂറിസം, കെ.എസ്.എഫ്.ഇ, കോടതികള്‍, ക്ഷീരവികസനം, എംപ്ലോയ്മെന്റ്്, വനം, എക്സൈസ്, ജി.എസ്.ടി, തുറമുഖം, ജന്‍ ഔഷധി സ്റ്റോറുകള്‍ തുടങ്ങിയവ ഇതിനകം ‘എന്റെ ജില്ല’യില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മറ്റ് പ്രധാന ജില്ലാ ഓഫീസുകളും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും കണ്ടെത്തുന്നതിന് പ്രത്യേക ഓപ്ഷനുകളുണ്ട്.
ജില്ല തിരഞ്ഞെടുത്ത ശേഷം വരുന്ന പേജില്‍ വകുപ്പ് അല്ലെങ്കില്‍ സ്ഥാപനം തിരഞ്ഞെടുക്കുമ്പോള്‍ വകുപ്പിനു കീഴിലുള്ള ഓഫീസുകളുടെ പട്ടിക തെളിയും. ഇവിടെ ആവശ്യമുള്ള ഓഫീസിന്റെ പേരില്‍ ക്ലിക്ക് ചെയ്യാം. ഒരു ഓഫീസ് തിരഞ്ഞെടുത്താല്‍ അവിടെ ലഭിക്കുന്ന സേവനങ്ങളുടെ പട്ടികയും വിവിധ ഓപ്ഷനുകളും തെളിയും. മേക്ക് എ കോള്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ആ ഓഫീസിലെ ഫോണ്‍ നമ്പരുകള്‍ കാണാം. ആപ്ലിക്കേഷനില്‍ നിന്ന് നേരിട്ട് കോള്‍ ചെയ്യാം. ലൊക്കേറ്റ് ഓണ്‍ മാപ്പ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഓഫീസ് എവിടെയെന്ന് ഗൂഗിള്‍ മാപ്പില്‍ കണ്ടെത്താം. റൈറ്റ് എ റിവ്യൂ എന്ന ഓപ്ഷനില്‍ ഫോണ്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് ഓഫീസിന്റെ പ്രവര്‍ത്തനം വിലയിരുത്താം. ഇവിടെ ഓഫീസുമായി ബന്ധപ്പെട്ട അനുഭവം എഴുതുകയും സ്റ്റാര്‍ റേറ്റിംഗ് നല്‍കുകയും ചെയ്യാം.
ഇ-മെയില്‍ അയയ്ക്കാനും അധിക വിവരങ്ങള്‍ ലഭിക്കാനുമുള്ള ഓപ്ഷനുകളും ആപ്ലിക്കേഷനിലുണ്ട്. ആപ്ലിക്കേഷനില്‍ പൊതുജനങ്ങള്‍ നല്‍കുന്ന റേറ്റിംഗും രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും എല്ലാവര്‍ക്കും കാണാം. ജില്ലയുടെ പ്രധാന പേജിലും വകുപ്പുകളുടെ പേജിലും ഓഫീസുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താനും സൗകര്യമുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *