എന്റെ പാടം എന്റെ പുസ്തകം: സ്ത്രീ ശാക്തീകരണ പദ്ധതിക്ക് വെള്ളാങ്ങല്ലൂരിൽ തുടക്കം

Spread the love

post

തൃശൂർ : കൃഷിയും വായനയും സംയോജിപ്പിച്ചുള്ള സ്ത്രീ ശാക്തീകരണപദ്ധതിയായ എന്റെ പാടം, എന്റെ പുസ്തകം പദ്ധതിക്ക് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം. സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ഈ രീതിയിൽ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വെള്ളാങ്ങല്ലൂർ പിസികെ ഓഡിറ്റോറിയത്തിൽ അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. എന്റെ പാടം എന്റെ പുസ്തകം അപൂർവമായ ഒരു പദ്ധതിയാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ദൈനംദിന ജീവിതത്തിനൊപ്പം വായനയും കൂടി കൊണ്ടുപോയാലാണ് ജീവിതം അർത്ഥപൂർണമാകൂ എന്നും വായനയിൽ നിന്നാണ് സാമൂഹിക മാറ്റങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബ്ലോക്കിൻ്റെ 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 3,30,O00 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പരിധിയിലുള്ള 22 അംഗീകൃത വായനശാലകളിൽ കൃഷിയിലും വായനയിലും താൽപ്പര്യമുള്ള 20 വനിതകളുടെ കൂട്ടായ്മകൾക്ക് വീട്ടുകൃഷിക്കാവശ്യമായ ഗ്രോബാഗ്, പച്ചക്കറിത്തൈകൾ, ജൈവവളം, ജൈവ കീടനാശിനി എന്നിവയും വായിക്കാനുള്ള പുസ്തകങ്ങളും പദ്ധതിയുടെ ഭാഗമായി നൽകും. മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കുന്ന പദ്ധതി വഴി ബ്ലോക്കതിർത്തിയിൽ 440 വീട്ടുമുറ്റക കൃഷിയും 440 വനിതാ വായനക്കാരുമാണ് സജ്ജമാകുന്നത്. ഓരോ വായനശാലയിലും കാർഷിക പുസ്തക കോർണർ തുടങ്ങുന്നതിന് 2,20,000 രൂപയും വകയിരുത്തിയിട്ടുണ്ട്. പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിലും മികവിനുള്ള അംഗീകാരം ലഭിച്ച പ്രതിഭകൾക്കുള്ള ആദരം ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ലത ചന്ദ്രനും നിർവഹിക്കും. സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ രമ രാഘവൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി എ മുഹമ്മദ് ഹാരിസ് റിപ്പോർട്ട് അവതരിപ്പിച്ചു..

Author

Leave a Reply

Your email address will not be published. Required fields are marked *