എംജി സര്‍വകലാശാലയില്‍ നിരാഹാര സമരം നടത്തുന്ന ഗവേഷക വിദ്യാര്‍ത്ഥി ദീപ പി മോഹന്‍ എത്രയും വേഗം നീതി ഉറപ്പാക്കണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി.
നവോത്ഥാന നായകനായി സ്വയം അവരോധിച്ച് പിണറായി വിജയന് നാടുഭരിക്കുമ്പോഴാണ് പിന്നാക്ക വിഭാഗത്തിലെ പെണ്‍കുട്ടിക്ക് നീതിക്കായി ദിവസങ്ങളോളം നിരാഹാരം കിടക്കേണ്ടി വന്നത്. നാനോ സയന്‍സില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ ദീപയ്ക്ക് കോടതി ഉത്തരവുണ്ടായിട്ടും ജാതിയുടെ പേരില്‍ ഗവേഷണത്തിന് സൗകര്യം ഒരുക്കുന്നില്ലെന്ന പരാതി ഗൗരവതരമാണ്. കേരളം വീണ്ടും ഇരുണ്ടയുഗത്തിലേക്ക് മടങ്ങുന്നു എന്നതിന്റെ സൂചനയാണ് ദീപ പി മോഹന്‍ നേരിടേണ്ടി വന്ന അനുഭവം. ആരോപണവിധേയരായ അധ്യാപകരെ സിപിഎം ബന്ധത്തിന്റെ പേരില്‍ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്.
തികഞ്ഞ മനുഷ്യാവകാശ ലംഘനവും വംശീയ അധിക്ഷേപവുമാണ് ദീപയുടെ വിഷയത്തിലുണ്ടായത്. ദീപയക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള അവസരം നല്‍കണം. സിപിഎമ്മിന്റെ ദലിത് സമീപനത്തിന് മറ്റൊരു ഉദാഹരണം കൂടിയാണ് ദീപയുടെത്. ദലിതരെ വേട്ടയാടുകയെന്നത് സിപിഎം നയമാണ്. എംജി സര്‍വകലാശാലയില്‍ ആഴ്ചകള്‍ക്ക് മുമ്പ് മറ്റൊരു ഇടതുസഹയാത്രികയെ എസ്എഫ് ഐ ജാതിപറഞ്ഞ് അധിക്ഷേപിച്ചിരുന്നു.ആദിവാസിയായ മധുവിനെ വിചാരണ നടത്തി കൊന്ന കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറി ആയി നിയമിച്ചതും സിപിഎം തന്നെയാണ്. ദളിത് വേട്ടയില്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.