ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർത്തോമാ ഇടവക വികാരിയും മാർത്തോമാ സഭ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന കൗൺസിൽ അംഗവുമായ റവ. ഈപ്പൻ വർഗീസിന് ഡോക്ടറേറ്റ് ലഭിച്ചു.
കൽക്കട്ടയിലെ പ്രശസ്തമായ സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും “അതിരുകളുടെ ഉല്ലംഘനം: മലബാർ മാർത്തോമാ സുറിയാനി ക്രിസ്ത്യാനി പ്രസംഗ സംഘവും കൊളോണിയൽ തിരുവിതാംകൂറിലെ തദ്ദേശീയ മിഷനറി പ്രസ്ഥാനങ്ങളും, 1888-1947 (“Transgressing the Boundaries: Malabar Mar Thoma Syrian Christian Evangelistic Association and the Indigenous Missionary Initiatives in Colonial Travancore, 1888-1947”) എന്ന തീസിസിനാണ്
ഡോക്ടറേറ്റ് (DTh) ലഭിച്ചത്.
മാർത്തോമാ സന്നദ്ധ സുവിശേഷ സംഘത്തിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ്, സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡണ്ട്. സൗത്ത് വെസ്റ്റ് സെന്റർ ‘ബി’ പ്രസിഡണ്ട് എന്നീ ചുമതലകളും നിർവഹിച്ചു വരുന്നു. ഒക്ടോബർ മാസം അറ്റ്ലാന്റയിൽ നടത്തിയ ഭദ്രാസന ഫാമിലി കോൺഫറൻസിൽ മുഖ്യ പ്രഭാഷകനായിരുന്ന അച്ചൻ ഒരു മികച്ച വാഗ്മിയാണ്. ഇമ്മാനുവേൽ ഇടവക വികാരിയായി 2021 മെയ് മാസം ചുമതലയേ ൽക്കുന്നതിനു മുമ്പ് കോട്ടയം മാർത്തോമാ വൈദിക സെമിനാരിയിൽ അദ്ധ്യാപകനായി സേവനമനുഷ്ടിച്ചു.
മുംബൈ ഭദ്രാസന കൗൺസിൽ അംഗമായും സൂററ്റ് സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ന്യൂഡൽഹി സെന്റ് ജോൺസ് സ്കൂൾ എന്നീ സ്കൂളുകളുടെ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്. ബാൻസ്വാരാ ശാലേം, ഡെറാഡൂൺ, ഗുർഗോൺ തുടങ്ങി വിവിധ ഇടവകകളുടെ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2003 ജൂലൈ 9 നു മാർത്തോമാ സഭയിൽ കശീശയായി ശുശ്രൂഷ ആരംഭിച്ച അച്ചൻ തിരുവല്ല മേപ്രാൽ സ്വദേശിയും പ്ലാമ്മൂട്ടിൽ വില്യമംഗലത്തു കുടുംബാംഗവുമാണ്. അച്ചന്റെ സഹധർമ്മിണി മേരി നീന വർഗീസ് കാർത്തികപ്പള്ളി കോട്ടയ്ക്കകത്ത് പറമ്പിൽ കുടുംബാംഗമാണ്. മക്കളായ റിബെക്കാ മേരി വർഗീസ്, എഫ്രയീം ഈപ്പൻ വർഗീസ്, ജോർജ് ഹാനോക്ക് വർഗീസ് എന്നിവർ വിദ്യാർത്ഥികളാണ്.
റിപ്പോർട്ട് : ജീമോൻ റാന്നി