തിരുവനന്തപുരം : തപാല്‍വകുപ്പ് കുടുംബശ്രീ പ്രസ്ഥാനവുമായി കൈകോര്‍ത്താല്‍ തപാല്‍ സേവനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുമെന്ന് സംസ്ഥാനത്തെ പോസ്റ്റല്‍ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞു. പോസ്റ്റല്‍ സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്താനും സ്വകാര്യ കൊറിയര്‍ കമ്പനികളുടെ ചൂഷണം തടയാനും ഇതു സഹായിക്കും. പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റുമാരായി കുടുംബശ്രീ അംഗങ്ങളെ നിയോഗിക്കുന്ന കാര്യം
പരിഗണിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ചീഫ് പി.എം.ജി ഷൂലി ബര്മന്, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര് ജ്യോതിലാല്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്.
കാര്‍ഷിക ഉത്പന്നങ്ങളുടെ നീക്കം തപാല്‍വകുപ്പ് കെ.എസ്.ആര്.ടി.സിയുടെ സഹായത്തോടെ നടത്തുന്നത് സംബന്ധിച്ച് കൃഷി വകുപ്പുമായി കരാറില്‍ ഏര്‍പ്പെടുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കും. ഫാര്‍മസി മേഖലയില്‍ ലോജിസ്റ്റിക്സ് നടപ്പാക്കാന്‍ തപാല്‍ വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടു. പാഴ്സല്‍ നീക്കങ്ങള്‍ സുഗമമാക്കാന്‍ സംസ്ഥാനത്ത് പാഴ്സല്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് തപാല്‍ വകുപ്പിന് പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു.തപാല്‍ വകുപ്പുമായി ചേര്‍ന്ന് പാഴ്സല്‍ സര്‍വീസ് കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കെ.എസ്.ആര്.ടി.സി ചീഫ് ട്രാഫിക് ഓഫീസര്‍ സി. ഉദയകുമാര്‍ വ്യക്തമാക്കി. തപാല്‍ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിക്ക് കൈവശാവകാശ രേഖ ലഭ്യമാക്കാനുളള നടപടികള്‍ ത്വരിതപ്പെടുത്താമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ രഘുരാമനും ചര്‍ച്ചയില്‍ പങ്കെടുത്തു.