ശബരിമല ഹബ്: പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്ന് പരീക്ഷണ സര്‍വീസ് 22ന്

Spread the love

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി യുടെ പമ്പ സ്പെഷല്‍ സര്‍വീസുകളുടെ ഹബായി പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് മാറുന്നു. നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാനും ഭക്ഷണത്തിനും വിശ്രമത്തിനും തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പുതിയ ഹബ് പദ്ധതിയൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഭ്യര്‍ഥന പ്രകാരമാണ് പത്തനംതിട്ടയിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനെ ശബരിമല ഹബ് ആയി മാറ്റുന്നതിന് ഗതാഗത മന്ത്രി ആന്റണി രാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് പത്തനംതിട്ടവഴിയുള്ള പമ്പ സര്‍വീസുകള്‍ ഹബ് വരെ മാത്രമാകും ഉണ്ടാകുക. പത്തനംതിട്ട നഗരത്തിലൂടെ മറ്റു ജില്ലകളില്‍ നിന്ന് യാത്ര തുടങ്ങുന്നവര്‍ പമ്പ വരെയുള്ള യാത്രയ്ക്കായി ഒരു തവണ ടിക്കറ്റ് എടുത്താല്‍ മതിയാകും. അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് ചെയിന്‍ സര്‍വീസിലും യാത്ര ചെയ്യാം. പത്തനംതിട്ട സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്ന യാത്രക്കാരന്റെ ടിക്കറ്റിന് നാലു മണിക്കൂര്‍ വരെ വാലിഡിറ്റി ഉണ്ടാകും. അതായത് പത്തനംതിട്ടയിലെത്തി നാലു മണിക്കൂര്‍ വരെ ഭക്ഷണത്തിനും വിശ്രത്തിനും ശേഷം യാത്ര തുടരാമെന്ന് സാരം. ഇവിടെ നിന്ന് അഞ്ച് മിനിറ്റ് ഇടവേളയില്‍ പമ്പയിലേക്ക് ചെയിന്‍ സര്‍വീസ് ഉണ്ടാകും. ഈ ബസുകള്‍ ഇടയ്ക്ക് ഭക്ഷണത്തിനായി ഒരിടത്തും നിര്‍ത്തുകയില്ല.നവംബര്‍ 22 ന് പരീക്ഷണ സര്‍വീസ് നടത്തും. ആദ്യഘട്ടത്തില്‍ ചെയിന്‍ സര്‍വീസിനായി 50 ബസുകള്‍ ലഭ്യമായിട്ടുണ്ട്. തിരക്ക് കൂടുന്നതിന് അനുസരിച്ച് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കും. കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ടെര്‍മിനലില്‍ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനും ബാഗുകള്‍ സൂക്ഷിക്കാനുള്ള സൗകര്യവും ഉണ്ടാകും. പത്തനംതിട്ട നഗരസഭയുമായി സഹകരിച്ച് ബയോശുചി മുറികളും, കുടുംബശ്രീയുമായി സഹകരിച്ച് കാന്റീന്‍ സംവിധാനവും ഒരുക്കും. സമീപ ക്ഷേത്രങ്ങളുമായി ബന്ധിപ്പിച്ച് ദര്‍ശനത്തിനായി സര്‍ക്കുലര്‍ സര്‍വീസും ആരംഭിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *