മൂന്നു പേരെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം ; 42 വര്‍ഷത്തിന് ശേഷം നിരപരാധിയാണെന്ന് കണ്ടെത്തി മോചനം.
മിസ്സോറി : കന്‍സാസ് സിറ്റിയിലെ ഒരു വീട്ടില്‍ അതിക്രമിച്ച് കയറി ഷെറി ബ്ളാക്ക് (22), ലാറി ഇന്‍ഗ്രാം (22), ജോണ്‍ വാക്കര്‍ (20) എന്നിവരെ വെടിവച്ചു കൊന്ന കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരുന്ന കെവിന് സ്ട്രിക്ക് ലാന്‍ഡിനെ 42 വര്‍ഷത്തിന് ശേഷം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചു .
നവം.23 ചൊവ്വാഴ്ച മിസ്സോറി ജഡ്ജിയാണ് സ്റ്റേറ്റ് കസ്റ്റഡിയില്‍ നിന്നും ഇയാളെ അടിയന്തിരമായി മോചിപ്പിക്കുന്നതിന് ഉത്തരവിട്ടത് .
1978 ഏപ്രില്‍ 28 നായിരുന്നു സംഭവം , പ്രതി 3 പേരെ വെടിവച്ചു കൊല്ലുകയും നാലാമതൊരു സ്ത്രീയെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ 1979 ജൂണിലാണ് ഇയാള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത് . 50 വര്‍ഷത്തിന് ശേഷം മാത്രമേ പരോളിന് അപേക്ഷിക്കാന്‍ പോലും അര്‍ഹതയുള്ളൂ എന്നും കോടതി വിധിച്ചിരുന്നു .
ദൃക്സാക്ഷികളുടെ മൊഴിയല്ല ഡി.എന്‍.എ ടെസ്റ്റുകളുടെ ഫലമാണ് പ്രതി കുറ്റക്കാരനാണോ എന്ന് നിശ്ചയിക്കുന്നതെന്ന മിഡ്വെസ്റ് ഇന്നസെന്‍സ് പ്രോജക്ടിന്റെ വാദഗതി അംഗീകരിച്ചു കൊണ്ടും മറ്റു തെളിവുകളുടെ അപര്യാപ്തതയുമാണ് ജഡ്ജിയുടെ വിധിക്ക് അടിസ്ഥാനം .
അന്നത്തെ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റുവെങ്കിലും മരിച്ചതുപോലെ അഭിനയിച്ചത് കൊണ്ട് രക്ഷപ്പെട്ട സിന്ധ്യഡഗ്ലസിനെ കൊണ്ട് സ്ട്രിക്ക് ലാന്‍ഡിനെ ലൈനപ്പില്‍ നിന്നും നിര്‍ബന്ധിച്ചു പ്രതിയാക്കുകയായിരുന്നെന്നും പിന്നീട് ഇവര്‍ തന്നെ തന്റെ തീരുമാനം തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തു .