പത്തനംതിട്ട: ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വികസനത്തിനായുള്ള 2021-22 വര്‍ഷത്തെ പട്ടികജാതി വികസന കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പു സാമ്പത്തിക വര്‍ഷം ഒരുകോടി എട്ടുലക്ഷത്തി ഇരുപതിനായിരം രൂപയുടെ (1,08,20,000) 12 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല പട്ടികജാതി പട്ടികവര്‍ഗ വികസന സമിതിയുടെ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. പട്ടിക വര്‍ഗ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ചുലക്ഷത്തി എഴുപത്തി അയ്യായിരത്തി ഇരുന്നൂറ്റി അന്‍പത് (5,75,250) രൂപയുടെ ആറ് പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കുന്നതിനും യോഗം അംഗീകാരം നല്‍കി.
ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പട്ടികജാതി പട്ടികവര്‍ഗ വികസന പദ്ധതികളുടെ അവലോകനവും നടന്നു. പട്ടികവര്‍ഗ വികസന കോര്‍പ്പസ് ഫണ്ട് പദ്ധതികളില്‍ ഉള്‍പ്പെടുത്തി സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരത്തിനായി 63.63 ലക്ഷം രൂപയുടെ രണ്ട് പദ്ധതികള്‍ ശുപാര്‍ശ ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനമായി. കൂടാതെ 2021-22 പട്ടികജാതി പട്ടികവര്‍ഗ വികസന പദ്ധതികള്‍ പുതിയ സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശപ്രകാരം വിശദമായി അവലോകനം ചെയ്യുകയും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തു