ഗാര്‍ലന്റ് (ഡാളസ്) : ഡാളസ് കണ്‍വീനിയന്‍സ് സ്റ്റോറില്‍ 7:30 ന് നടന്ന വെടിവെപ്പില്‍ മൂന്നു കൗമാരപ്രായക്കാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഗാര്‍ലന്റ് പോലീസ് ചീഫ് ജെഫ് ബ്രയാന്‍ ഡിസം. 27 തിങ്കളാഴ്ച 4 മണിക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .
വെടിയുതിര്‍ത്തുവെന്ന് പറയപ്പെടുന്ന 14 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . പതിനാലുകാരനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ട്രക്കിന്റെ ഡ്രൈവറെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനത്തിന്റെ സഹകരണം അഭ്യര്‍ത്ഥിച്ചു .
പിക്കപ്പ് ട്രക്കില്‍ കണ്‍വീനിയന്‍സ് സ്റ്റോറിന്റെ മുന്‍പില്‍ എത്തിയ പതിനാലുകാരന്‍ വാതില്‍ തുറന്ന് 20 തവണ അകത്തേക്ക് വെടിയുതിര്‍ത്തു . കടയില്‍ ഉണ്ടായിരുന്ന പതിനാല് മുതല്‍ പതിനാറ് വയസ്സുവരെയുള്ള മൂന്നു പേരാണ് കൊല്ലപ്പെട്ടത് . കടയില്‍ ജോലിക്കാരനായിരുന്നു മറ്റൊരു പതിനഞ്ചു വയസ്സുകാരനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രീയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് .
മരിച്ച രണ്ടുപേര്‍ ഒരുമിച്ചാണ് സ്റ്റോറില്‍ എത്തിയതെന്നും കുടുംബാങ്ങള്‍ക്ക് വേണ്ടി ടാക്കോ വാങ്ങാനാണ് ഇവര്‍ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു .
ഇവാന്‍ നോയെല (15) സേവിന്‍ ഗോണ്‍സാലോസ് എന്നിവരുടെ പേരുകള്‍ പോലീസ് വെളിപ്പെടുത്തി . വെടിവച്ച കൗമാരപ്രായക്കാരനെക്കുറിച്ച് പോലീസ് കൂടുതല്‍ വെളിപ്പെടുത്തിയില്ലെങ്കിലും വീഡിയോ ചിത്രങ്ങള്‍ പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കി . പ്രതിയെ വെടിവെക്കുന്നതിന് പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ലെന്നും , അന്വേഷണം നടക്കുന്നുവെന്നും പോലീസ് ചീഫ് ജെഫ് പറഞ്ഞു .