ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. ഡിസംബര്‍ 27 തിങ്കളാഴ്ച കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 5526 ആണെന്ന് തിങ്കളാഴ്ച ആല്‍ബനിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ഹോച്ചുല്‍ പറഞ്ഞു. ഈ വര്‍ഷം ജനുവരിക്കുശേഷം ഇത്രയും കോവിഡ് രോഗികളെ അധികം ഒരേ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതു ആദ്യമായാണെന്ന് ഗവര്‍ണ്ണര്‍ ചൂണ്ടികാട്ടി. 80% വര്‍ധനവാണ് തിങ്കളാഴ്ച മാത്രം ഉണ്ടായിരിക്കുന്നത്.
രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ആശുപത്രിയില്‍ കിടക്കകളുടെ സൗകര്യവും, സ്റ്റാഫംഗങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചതായും ഗവര്‍ണ്ണര്‍ അറിയിച്ചു. സംസ്ഥാനത്തെ ഷട്ട് ഡൗണിലേക്ക് കൊണ്ടുപോകുന്നതിന് ആഗ്രഹിക്കുന്നില്ല. സ്്ക്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. ഏതു സാഹചര്യത്തേയും അഭിമുഖീകരിക്കുവാന്‍ സംസ്ഥാനം സജ്ജമാണെന്നും ഗവര്‍ണ്ണര്‍ കൂട്ടിചേര്‍ത്തു.
ഡിസംബര്‍ മാസത്തിന്റെ രണ്ടു ആഴ്ചകളില്‍ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം രണ്ടിരട്ടിയില്‍ കൂടുതലാണെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. കുട്ടികള്‍ക്ക് കോവിഡ് ഉണ്ടാകുകയില്ലെന്ന പലരുടെയും ചിന്ത ശരിയല്ലെന്ന് സംസ്ഥാന ഹെല്‍ത്ത് കമ്മീഷ്ണര്‍ ഡോ.മേരി ബസ്സറ്റ് പറഞ്ഞു. ന്യൂയോര്‍ക്കിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രിസ്തുമസ്സിനോടനുബന്ധിച്ചു 50,000 ആയി ഉയര്‍ന്നിട്ടുണ്ടെന്നും കമ്മീഷ്ണര്‍ പറഞ്ഞു.