ആരോഗ്യ മേഖല പ്രതിസന്ധികളെ അതിജീവിക്കും: മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട : കോവിഡ് വൈറസുകളുടെ വകഭേദവും, മറ്റ് വൈറസുകളും ആരോഗ്യ മേഖലയില്‍ സൃഷ്ടിച്ചിട്ടുള്ള ഭീഷണി തരണം ചെയ്യുമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ടൗണ്‍ഹാളിന് സമീപം രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കുട്ടികളുടെ പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.നാടിന്റെ വികസനത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായ കാഴ്ചപ്പാടാണ് സ്വീകരിച്ചിട്ടുള്ളത്. നാട്ടിലെ അഭ്യസ്ത വിദ്യരായവര്‍ക്ക് സ്വദേശത്ത് കൂടുതല്‍ ജോലി സാധ്യത ലഭ്യമാക്കാനുള്ള വലിയ ഇടപെടലാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച് ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസുമായി ചര്‍ച്ച ചെയ്തു. ജില്ലയിലെ ടൂറിസം സ്പോട്ടുകളെ ഉള്‍പ്പെടുത്തി വിശാലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ടൂറിസവുമായി ബന്ധപ്പെട്ട് തൊഴില്‍, വരുമാനം, കച്ചവടം തുടങ്ങിയ മേഖലയില്‍ ജില്ലയ്ക്ക് വലിയ സാധ്യതകളാണുള്ളത്. പത്തനംതിട്ടയില്‍ അബാന്‍ മേല്‍പ്പാലം, നഗരത്തിലെ കുടിവെള്ള പദ്ധതി, സ്റ്റേഡിയം, റോഡ് ഉള്‍പ്പെടെ വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പത്തനംതിട്ട നഗരസഭയുടെ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന റിഫ്രഷ്മെന്റ് സെന്റര്‍ പൊതുജനങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിനായുള്ള ഇടമാക്കി മാറ്റുന്നതിനും, ഇവിടെ മിതമായ നിരക്കില്‍ സിവില്‍ സപ്ലൈസ് ജനകീയ ഹോട്ടല്‍ ഒരുക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, നഗരസഭാ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അംബിക വേണു, ഇന്ദിര മണി, കൗണ്‍സിലര്‍ പി.കെ. അനീഷ്, പ്രൊഫ. ടി.കെ.ജി. നായര്‍, അഡ്വ.എ. സുരേഷ്‌കുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.