കണ്ണൂര്‍: ഏത് തൊഴിലിനും അതിന്റേതായ പവിത്രതയും മഹത്വവുമുണ്ടെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ പറഞ്ഞു. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് (കേരളം) വകുപ്പിന്റെ കീഴില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന നിയുക്തി തൊഴില്‍ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് തൊഴിലും ചെയ്യാനുള്ള സന്നദ്ധതയാണ് എല്ലാ ഉദ്യോഗാര്‍ത്ഥികളിലും ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷയായി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി.എം. പത്മജ, ചൊവ്വ എച്ച്.എസ്.എസ് ഹെഡ്മാസ്റ്റര്‍ കെ. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ആര്‍ രവികുമാര്‍ സ്വാഗതവും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് രമേശന്‍ കുനിയില്‍ നന്ദിയും പറഞ്ഞു.4750 ഉദ്യോഗാര്‍ത്ഥികളും 55 കമ്പനികളും ആണ് മേളയില്‍ രജിസ്റ്റര്‍ ചെയ്തത്. ആസ്റ്റര്‍ മിംസ്, വാസന്‍ ഐ കെയര്‍, ഐ ട്രസ്റ്റ് ഐ കെയര്‍, യുഎല്‍ടിഎസ്, ബിസിനസ് റിസര്‍ച്ച് ആന്‍ഡ് അനലിറ്റിക്‌സ് തുടങ്ങി വിവിധ പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുത്തു.മേളയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സ്റ്റാള്‍ മികച്ച പ്രതികരണം നേടി. അടുത്ത വ്യോമസേന റിക്രൂട്ട്മെന്റ് ഫെബ്രുവരി മധ്യത്തില്‍ നടക്കാനിരിക്കെയാണ് മലയാളിയായ കോര്‍പറല്‍ പികെ ഷെറിന്‍, സര്‍ജന്റുമാരായ ഡിജെ സിംഗ്, സുരേഷ് എന്നിവര്‍ യുവാക്കള്‍ക്ക് വ്യോമസേനയെക്കുറിച്ച് അവബോധവും മോട്ടിവേഷന്‍ ക്ലാസും നല്‍കിയത്. കൊച്ചി കാക്കനാട്ടെ 14 എയര്‍മെന്‍ സെലക്ഷന്‍ സെന്റര്‍, ഇന്ത്യന്‍ എയര്‍ഫോഴ്സ് കാക്കനാടിന്റെ നേതൃത്വത്തിലായിരുന്നു കാമ്പയിന്‍. വ്യോമസേനയുടെ റിക്രൂട്ട്മെന്റിനുള്ള യോഗ്യത, വ്യോമസേനാംഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍, തുടര്‍പഠനാവസരം, വിരമിച്ച ശേഷമുള്ള സെക്കന്റ് കരിയറിനുള്ള അവസരം എന്നിയെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കി.ജനുവരി എട്ടിന് കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ നടക്കുന്ന നിയുക്തി ജോബ് ഫെസ്റ്റിലും വ്യോമസേനയുടെ സാന്നിധ്യം ഉണ്ടാവും.