സംസ്ഥാനത്ത് ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഫെബ്രുവരി 18,19,20 തിയതികളിൽ തദ്ദേശ ദിനാഘോഷം സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വകുപ്പ് സംയോജനത്തിന് മുമ്പ് പഞ്ചായത്ത് ദിനാഘോഷവും മുനിസിപ്പൽ ദിനാഘോഷവുമൊക്കെ നടത്തിയിരുന്നു. വകുപ്പ് സംയോജനം യാഥാർത്ഥ്യമാകുന്ന സാഹചര്യത്തിൽ ഇനിമുതൽ തദ്ദേശ ദിനാഘോഷമാണ് സംഘടിപ്പിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ബൽവന്ത് റായ് മേത്തയുടെ ജൻമദിനമായ ഫെബ്രുവരി 19ന് തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം സംഘടിപ്പിക്കും. പുരസ്‌കാര വിതരണവും അന്ന് നടത്തും. തദ്ദേശ ദിനാഘോഷം ഗ്രാമ-നഗര സംവിധാനങ്ങൾ ഒന്നിച്ച് നടത്തുന്നതിനാൽ ത്രിതല പഞ്ചായത്ത് അസോസിയേഷനുകളെ കൂടാതെ മുനിസിപ്പൽ, മേയർ അസോസിയേഷനുകളും സംഘാടക സമിതിയുടെ ഭാഗമാകും. പഞ്ചായത്ത് സംവിധാനത്തിന് നൽകിയിരുന്ന സ്വരാജ് ട്രോഫി മുനിസിപ്പൽ കോർപ്പറേഷനും ഈ വർഷം മുതൽ നൽകും. തൊഴിലുറപ്പ് മേഖലയിൽ ഏർപ്പെടുത്തിയ മഹാത്മാ പുരസ്‌കാരം നഗരമേഖലയിലും നൽകുമെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശ ദിനാഘോഷത്തിന്റെ സംസ്ഥാന സംഘാടക സമിതി രൂപീകരണയോഗം ഫെബ്രുവരി 12ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരത്തെ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടക്കും.