ന്യൂജഴ്‌സി : ഫൊക്കാനയുടെ 2022 -2024 വര്‍ഷത്തെ ജനറല്‍ സെക്രട്ടറിയായി നര്‍ത്തകിയും കലാ- സംസ്‌കാരിക പ്രവര്‍ത്തകയുമായ ഡോ. കലാ ഷഹി മത്സരിക്കുന്നു. ലീല മാരേട്ട് നേതൃത്വം നല്‍കുന്ന ടീമില്‍ നിന്നാണ് ഡോ.കല മത്സരരംഗത്തുള്ളത്.
ഫൊക്കാനയുടെ ഇപ്പോഴത്തെ ഭരണ സമിതിയില്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിച്ചുവരുന്ന ഡോ.കല ഷഹിയുടെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ഫൊക്കാനയില്‍ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കാന്‍ കലയുടെ നേതൃത്വത്തിലുള്ള വിമന്‍സ് ഫോറത്തിനു കഴിഞ്ഞു. സ്ത്രീ ശാക്തീകരണത്തിലൂന്നിക്കൊണ്ട് കലയും മറ്റു വിമന്‍സ് ഫോറം പ്രവവര്‍ത്തകരും നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയുടെ ഇത്തവണത്തെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നായി മാറിയിരുന്നു.
ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവന്തപുരം കഴക്കൂട്ടത്തുള്ള മാജിക്ക് അക്കാദമിയിലെ ഭിന്ന ശേഷിയുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി രൂപം കൊണ്ട കരിസ്മ എന്ന പദ്ധതി ഏറ്റെടുത്തു കൊണ്ടാണ് കലയുടെ നേതൃത്വത്തിലുള്ള വിമന്‍സ് ഫോറം പ്രവര്‍ത്തനം ആരംഭിച്ചതു തന്നെ. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ളവരാണ് പ്രഫ.മുതുകാടിന്റെ സംരക്ഷണത്തില്‍ കഴിയുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍.
നൂറിലധികം വരുന്ന അവരുടെ അമ്മമാര്‍ക്ക് ഒരു വരുമാനത്തിനുള്ള പദ്ധതിയായിട്ടാണ് കരിസ്മ ആരംഭിച്ചത്. അതിനു വേണ്ട സാമ്പത്തിക ബാധ്യതകള്‍ ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഏറ്റെടുക്കുകയും ചെയ്തു. ജോര്‍ജി വര്‍ഗീസ് ടീം ചുമതലയേറ്റ ശേഷം ആദ്യത്തെ മെഗാ പദ്ധതിയായിരുന്നു ഇത്.
വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ആയി ഡോ. കല ഷഹി ചുമതലയേറ്റശേഷം ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പില്‍ വരുത്തിയത്. 150ല്‍പരം അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഫൊക്കാന വിമന്‍സ് ഫോറം നാഷനല്‍ കമ്മിറ്റിയായി വിപുലീകരിച്ചതാണ് മറ്റൊരു ചരിത്ര സംഭവം. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ വനിതാ നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഫൊക്കാന ഇന്റര്‍നാഷണല്‍ വിമന്‍സ് ഫോറവും രൂപീകരിച്ചു.
വാക്കിലും പ്രവര്‍ത്തിയിലും പൂര്‍ണമായും സത്യസന്ധത പുലര്‍ത്തുന്ന കല സ്വന്തം പേരിനെപ്പോലെ തന്നെ സ്വന്തം ജീവിതത്തിലും കലയുടെ മൂര്‍ത്തീഭാവമാണ്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ തന്റെ കര്‍ത്തവ്യങ്ങള്‍ നൂറു ശതമാനം നിറവേറ്റുമ്പോഴും വിവിധ നൃത്തകലകളുടെ പ്രോത്സാഹനത്തിനും അവതരണത്തിനും ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിയാണ്.
ഫൊക്കാനയുടെ ഫിലാഡല്‍ഫിയ, ആല്‍ബനി കണ്‍വന്‍ഷനുകളുടെ എന്റര്‍ടൈന്‍മെന്റ് കോര്‍ഡിനേറ്ററായും കേരള കള്‍ച്ചറല്‍ സൊസൈറ്റി പ്രോഗ്രാമിന്റെ കോര്‍ഡിനേറ്ററായും തിളങ്ങിയ കല കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്ടന്‍ എന്റര്‍ടൈന്‍മെന്റ് ചെയര്‍, തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ‘താങ്ങും തണലും’ എന്ന പദ്ധതി, സൊളൈസ് എന്നിവയ്ക്കു വേണ്ടി നിരവധി ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ക്കും കല നേതൃത്വം നല്‍കിയിട്ടുണ്ട്. അടുത്തയിടെ ഭാരത് യു.എസ്. എ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ വുമണ്‍ ഐക്കണ്‍ അവാര്‍ഡും കലയെ തേടി എത്തിയിരുന്നു