റബ്ബര്‍ നിയമം 1947 റദ്ദാക്കി റബ്ബര്‍ പ്രൊമോഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ബില്‍ 2022 എന്ന പേരില്‍ പുതിയ നിയമനിര്‍ണ്ണാത്തിന് തയ്യാറാകുന്ന കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നടപടി അങ്ങേയറ്റം കര്‍ഷകവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
നിലവിലത്തെ നിയമം റദ്ദാക്കുന്നതിന് പിന്നില്‍ വന്‍കിട ലോബിയെ സഹായിക്കാനുള്ള നീക്കം ഉണ്ട്. കര്‍ഷകര്‍ക്ക് സഹായകരമായ കൂടുതല്‍ വ്യവസ്ഥകള്‍ പുതിയ നിയമത്തിലും ഉണ്ടാകണം. സംസ്‌കരിക്കാത്ത കപ്പ് ലംപ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങളില്‍ കര്‍ഷകര്‍ക്ക് വലിയ ആശങ്കയുണ്ട്.ഇത് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.
റബ്ബറിന്റെ നിര്‍വചനം സംബന്ധിച്ച് അദ്ധ്യായം 1 ,2 (യു) എന്ന ഭാഗത്ത് ക്രൂഡ് റബ്ബര്‍ ഉള്‍പ്പെടെ എല്ലാ റബ്ബറും ഉള്‍പ്പെടുന്നു. സിന്തറ്റിക് റബ്ബര്‍, റിക്ളേയിം റബ്ബര്‍ മറ്റുരൂപങ്ങള്‍ എന്നതിനെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. പ്രകൃതിദത്ത റബ്ബര്‍ എന്ന് മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂ. സിന്തറ്റിക് റബ്ബര്‍ പ്രകൃതിദത്ത റബ്ബറിന്റെ എതിരാളിയാണ്, അതിനാല്‍ നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
റബ്ബറിന് ഏറ്റവും കുറഞ്ഞതും കൂടിയതുമായ വില നിശ്ചയിക്കാനുള്ള അധികാരം സംബന്ധിച്ച് വ്യക്തത കേന്ദ്രസര്‍ക്കാര്‍ വരുത്തണം. വില നിശ്ചയാധികാരം സര്‍ക്കാര്‍ ഏറ്റെടുത്താല്‍ അത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകും.നമ്മുടെ മൊത്തം റബ്ബര്‍ ഉപഭോഗത്തിന്റെ 40-50% ഇറക്കുമതിയാണ്. ഇറക്കുമതിയും ഇറക്കുമതി വിലയും നിയന്ത്രിക്കുന്നില്ലെങ്കില്‍, ആഭ്യന്തര റബ്ബറിന് ഏറ്റവും കുറഞ്ഞതും കൂടിയതുമായ വില നിശ്ചയിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സുധാകരന്‍ പറഞ്ഞു.
റബ്ബറിന് ഒരിക്കല്‍ മാത്രം രജിസ്ട്രേഷന്‍ മതിയെന്ന വ്യവസ്ഥ കള്ളക്കടത്തിനും പൂഴ്ത്തിവെപ്പിനും നികുതി ശോഷണത്തിനും കളമൊരുക്കും.ലൈസന്‍സ് പുതുക്കേണ്ട ആവശ്യമില്ലെന്ന് പറയുന്നതിനാല്‍ ബോര്‍ഡ് വിവിധ വ്യവസായങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും എങ്ങനെ ശേഖരിക്കും എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ആവശ്യമാണ്.ചെറുകിട കര്‍ഷകരെ രജിസ്ട്രേഷനില്‍ നിന്ന് ഒഴിവാക്കുന്നത് ഗുണകരമല്ല.റബ്ബര്‍ ബോര്‍ഡിന്റെ ഘടന കര്‍ഷകര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്ന തരത്തിലായിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.