തുടര്‍ച്ചയായി നാലാം തവണയും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആര്‍.ചന്ദ്രശേഖരന് ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
ഐഎന്‍ടിയുസിയുടെ മഹാഭൂരിപക്ഷം വരുന്ന പ്രവര്‍ത്തകരും ആര്‍.ചന്ദ്രശേഖരനില്‍ അര്‍പ്പിച്ച വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ് കടുത്ത വെല്ലുവിളികളെ അതിജീവിച്ച് അദ്ദേഹത്തിന് ഐക്യകണ്‌ഠേനയുള്ള വിജയം നേടാനായത്. തൊഴിലാളിവര്‍ഗ താല്‍പ്പര്യം സംരക്ഷിക്കുന്നതിലും അവരുടെ
അവകാശപോരാട്ടങ്ങളിലും തൊഴിലാളികളുടെ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നതിലും ആര്‍.ചന്ദ്രശേഖരന്‍ എന്ന നേതാവ് കാട്ടിയിട്ടുള്ള ആത്മാര്‍ത്ഥയാണ് ഈ തിളക്കമാര്‍ന്ന വിജയത്തിന് പിന്നില്‍. ചന്ദ്രശേഖരനെതിരെ നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളും രാഷ്ട്രീയമണ്ഡലത്തില്‍ ആഞ്ഞടിക്കുമ്പോഴും അതിനെ അതിജീവിക്കാനും അവയെ നിഷ്പ്രഭമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞത് തൊഴിലാളിവര്‍ഗം ചന്ദ്രശേഖരനില്‍ അര്‍പ്പിച്ച അകമറ്റ വിശ്വാസമാണ്.
ഐഎന്‍ടിയുസി സംസ്ഥാന പദവയില്‍ വീണ്ടും എത്തുന്ന ആര്‍.ചന്ദ്രശേഖരന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും കെപിസിസിയുടെ ഭാഗത്ത് നിന്നുമുണ്ടാകും. കേരളത്തിലെ വിവിധ തൊഴിലിടങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രതിബിംബമായി ഐഎന്‍ടിയുസി ഉണ്ടെങ്കിലും നാം ഇനിയും കടന്ന് ചെല്ലേണ്ട ഒരുപിടിമേഖലകള്‍ക്കൂടി ബാക്കിയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ആര്‍.ചന്ദ്രശേഖരനെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. അത്തരം മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി കഴിവുള്ള നേതൃത്വത്തെ ചുമതലപ്പെടുത്തി ആ വിടവും നികത്തി തൊഴില്‍രംഗത്ത് ഐഎന്‍ടിയുസിയുടെ സമ്പൂര്‍ണ്ണ മേധാവിത്വം നിലനിര്‍ത്താന്‍ താങ്കളുടെ കീഴിലുള്ള പുതിയ നേതൃത്വത്തിന് കഴിയട്ടെയെന്ന് പ്രത്യാശിക്കുന്നു.