കോവിഡും തൊഴിലില്ലായ്മയും വിസ്മരിച്ചു : കെ സുധാകരന്‍ എംപി

Spread the love

കോവിഡ് മഹാമാരിയുടെ പിടിയില്‍ പിടയുന്ന സാധാരണക്കാരായ ജനകോടികള്‍ക്ക് ആശ്വാസത്തിന്റെ ഒരു കിരണംപോലും കേന്ദ്രബജറ്റിലില്ലെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. രാജ്യം ഇപ്പോഴും കോവിഡിന്റെ പിടിയിലാണെന്ന വസ്തുത കേന്ദ്രഭരണാധികാരികള്‍ സൗകര്യപൂര്‍വം വിസ്മരിച്ചു.

കോവിഡ് മഹാമാരിയെ ജനങ്ങള്‍ അതിജീവിച്ചത് യുപിഎ സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയിലൂടെയും തൊഴിലുറപ്പ് പദ്ധതിയിലൂടെയുമാണ്. പാവപ്പെട്ടവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതികളെ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചത് അക്ഷന്തവ്യമായ വീഴ്ചയാണ്. രൂക്ഷമായ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ നടപടികളില്ല.

ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളെന്ന് ജവഹല്‍ലാല്‍ നെഹ്രു വിശേഷിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിറ്റഴിക്കല്‍ തുടരുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാരിന് വലിയ ലാഭവിഹിതം നല്കുന്ന എല്‍ഐസിയെ വില്പനയ്ക്കുവച്ചത് മറ്റൊരു ഷോക്കാണ്. ഇന്ത്യക്കാരുടെ ചോരയും നീരുംകൊണ്ട് കെട്ടിപ്പെടുത്ത എല്‍ഐസി വിദേശാധിപത്യത്തിനും കോര്‍പറേറ്റാധിപത്യത്തിനും വിട്ടുകൊടുക്കുകയാണ്. എല്‍ഐസിയുടെ ഇതുവരെയുള്ള നിക്ഷേപത്തിന്റെ 80 ശതമാനവും സര്‍ക്കാര്‍/ സാമൂഹ്യക്ഷേമ മേഖലകളിലാണ് ചെലവഴിച്ചത്. അതാണ് ഇനി അവസാനിക്കാന്‍ പോകുന്നത്.

ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരത്തിലും വിഭവസമാഹരണത്തിലുമുള്ള കൈകടത്തലായി മാറാം. ഡിജിറ്റല്‍ കറന്‍സി നടപ്പാക്കാന്‍ പാകത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പക്വമായോ എന്നതും ചിന്തിക്കേണ്ടതാണ്. സാമ്പത്തിക അന്തരത്തോടൊപ്പം ഡിജിറ്റല്‍ അന്തരവും രാജ്യത്തു വളര്‍ന്നു വരുകയാണെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

Author

Leave a Reply

Your email address will not be published. Required fields are marked *