ഖാദി ബോര്‍ഡിലെ നിയമാനുസൃത ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നോണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ഗ്രാന്റ് ഇനത്തില്‍ അനുവദിക്കുക : ടി സിദ്ദിഖ്

Spread the love

തിരുവനനന്തപുരം: ഖാദി ബോര്‍ഡിലെ നിയമാനുസൃതം നിയമനം ലഭിച്ച ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നോണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ഗ്രാന്റ് ഇനത്തില്‍ അനുവദിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് എം.എല്‍.എ വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ബോര്‍ഡ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഖാദി വില്‍പന ശാലകളിലൂടെ ലഭിക്കുന്ന വിറ്റുവരവ് ഉല്‍പ്പാദന മേഖലയില്‍ പണി എടുക്കുന്ന തൊഴിലാളികള്‍ക്ക് വേതനം നല്‍കാനുള്ള തുക തികയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വികസന പദ്ധതികള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന ജോലിയെടുക്കുന്ന ബോര്‍ഡ് ജീവനകാര്‍ക്ക് ബോര്‍ഡ് രൂപീകൃതമായ 1957 മുതല്‍ ഇക്കഴിഞ്ഞ മാസം വരെ പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ നോണ്‍ പ്ലാന്‍ ഗ്രാന്റ് ഇനത്തിലാണ് ശമ്പളം നല്‍കി വരുന്നത്. എന്നാല്‍ 4-2-2022 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജീവനകാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ 9.5 ശതമാനം പലിശയോട് കൂടി പ്രവര്‍ത്തന മൂലധനവായ്പയാണ് അനുവദിച്ചിരിക്കുന്നത്. ഇത് ഖാദിയുടെ പൈതൃകത്തേയും ബോര്‍ഡിനേയും ആക്ഷേപിക്കുന്ന പ്രവര്‍ത്തനമാണ്.

അടിയന്തിരമായി പ്രസ്തുത ഉത്തരവ് പിന്‍വലിച്ച് നിയമാനുസൃതം നിയമിതരായ ജീവനകാര്‍ക്ക് ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും നോണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ഗ്രാന്റ് ഇനത്തില്‍ അനുവദിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. ബോര്‍ഡിന്റെ ഇത്തരം നടപടികള്‍ക്കെതിരെ ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ പ്രക്ഷോഭ പരിപാടികളും ആരംഭിച്ചിരിക്കുകയാണ്. അതിനാല്‍ വിഷയത്തില്‍ എത്രയും വേഗം ഇടപെടണെന്നും നിവേദനത്തില്‍ ടി സിദ്ധിഖ് എം.എല്‍.എ ആവശ്യപ്പെടുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *