പ്രതിസന്ധി നേരിടുന്ന കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി;റിപ്പോർട്ട് മുഖ്യമന്ത്രിക്ക്‌ നൽകും

Spread the love

പ്രതിസന്ധി നേരിടുന്ന കഴക്കൂട്ടം സൈനിക സ്കൂൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. സ്‌കൂളുമായി ബന്ധപ്പെട്ട റിപ്പോർട്ട് മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. സ്കൂളിൽ എത്തിയ മന്ത്രിയെ പ്രിൻസിപ്പലും ഉദ്യോഗസ്ഥരും പിടിഎ പ്രസിഡന്റ്റും ചേർന്ന് സ്വീകരിച്ചു.

സംസ്ഥാനത്തെ ഏക സൈനിക സ്കൂൾ ആയ കഴക്കൂട്ടം സൈനിക സ്കൂൾ കടുത്ത പ്രതിസന്ധിയിൽ ആണ്. ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ കഴിയാതെ സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്.

ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന വികെ കൃഷ്ണമേനോന്റെ ശ്രമഫലമായാണ് കഴക്കൂട്ടം സൈനിക സ്കൂൾ നിലവിൽ വന്നത്. സ്‌കൂളിനുള്ള കേന്ദ്ര സഹായം വർഷം ഒന്നേകാൽ കോടിക്ക്‌ താഴെയാണ്. കുട്ടികളുടെ ഫീസ് ആണ് പിന്നെയുള്ള വരുമാനം.1986-87 ൽ 7500 രൂപ ഫീസ് ഇന്ന് 79,000 രൂപ ആണ്. ലഭിച്ചു വന്നിരുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് നിലച്ചിരിക്കുകയാണ്.സ്കൂളിൽ പഠിക്കുന്ന 605 കുട്ടികളിൽ 67 % വും മലയാളികളാണ്.

ഭാവി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ധാരണപത്രം ഒപ്പുവെക്കണമെന്ന് സൈനിക സ്കൂൾ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ജീവനക്കാരുടെ പെൻഷൻ ബാധ്യത ഏറ്റെടുക്കുക, പാവപ്പെട്ട കുട്ടികൾക്കുള്ള സ്കോളർഷിപ് തുക കൂട്ടുക എന്നിവ അംഗീകരിച്ചാൽ സർക്കാരിന് വരുന്ന ചെലവ് പ്രതിവർഷം ആറു കോടി രൂപയാണ്. ഈ വർഷം ആറു കോടി രൂപ ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് സൈനിക സ്കൂൾ കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്നു മന്ത്രി അറിയിച്ചു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്‌കൂളിനെ സഹായിക്കാൻ സർക്കാർ തലത്തിൽ ചില നടപടികൾ ആരംഭിച്ചിരുന്നു. വിഷയം സർക്കാരിന്റെ സജീവ പരിഗണയിലാണ് എന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പ്രിൻസിപ്പൽ, അധ്യാപകർ, പി ടി എ ഭാരവാഹികൾ തുടങ്ങിയവരുമായി മന്ത്രി ചർച്ച നടത്തി. എം എൽ എ കടകമ്പള്ളി സുരേന്ദ്രനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *