തോട്ടണ്ടി സംഭരണം ഉടൻ ആരംഭിക്കും; വില നിർണ്ണയ സമിതി യോഗം ഈയാഴ്ച

Spread the love

കേരളത്തിൽ ലഭ്യമായ നാടൻ തോട്ടണ്ടി നേരിട്ട് സംഭരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഉടനാരംഭിക്കും. ഒരാഴ്ചക്കുള്ളിൽ തോട്ടണ്ടിയുടെ വിലനിർണയ കമ്മിറ്റി യോഗം കൂടി വില നിർണയിക്കാനും തീരുമാനമായി.
തോട്ടണ്ടി സംഭരണവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന കാപ്പെക്സ്, കാഷ്യൂ കോർപ്പറേഷൻ, കാഷ്യൂ ബോർഡ് അധികൃതരുടെ യോഗമാണ് ഈ തീരുമാനമെടുത്തത്.
post

ക്യാപെക്സിനും കോർപ്പറേഷനും ആവശ്യമായ തോട്ടണ്ടി സംഭരിക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗതയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള തീരുമാനം കൈക്കൊണ്ടതിൻ്റെ ഭാഗമായി സംഭരണ സംവിധാനത്തിൻ്റെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യുന്നതിനായി രണ്ടാഴ്ചയിലൊരിക്കൽ കാഷ്യൂ പ്രിൻസിപ്പിൾ സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരും. കശുവണ്ടി തോട്ടമുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളുമായി ചർച്ച നടത്തി അടിയന്തിരമായി നാടൻ തോട്ടണ്ടി സംഭരിക്കുന്നതിനുള്ള നിർദേശവും ഉദ്യോഗസ്ഥർക്ക് നൽകി. തോട്ടണ്ടി സംഭരണവുമായി ബന്ധപ്പെട്ട് പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പണം ലഭ്യമാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാൻ കേരള ബാങ്കുമായി സഹകരിച്ച് പ്രത്യേക സംവിധാനം തുടങ്ങാൻ ഉദ്ദേശിക്കുന്നതായി മന്ത്രി യോഗത്തിൽ അറിയിച്ചു. സഹകരണ സംഘങ്ങളുമായുള്ള ഏകോപനം സുഗമമാക്കുന്നതിനായി സഹകരണ വകുപ്പ് സെക്രട്ടറിയുമായി വ്യവസായ വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറി ആശയവിനിമയം നടത്തും.

Author

Leave a Reply

Your email address will not be published. Required fields are marked *