തപാൽ സേവിങ്സ്, ഇൻഷുറൻസ് പദ്ധതികളിലുടെ സ്ത്രീ ശാക്തീകരണം; ക്യാമ്പയിന് തുടക്കമായി

Spread the love

കണ്ണൂർ: കണ്ണൂർ പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തപാൽ സേവിങ്സ്, ഇൻഷുറൻസ് പദ്ധതികളിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള രണ്ടാഴ്ചത്തെ ക്യാമ്പയിന് തുടക്കമായി. കണ്ണൂർ സിവിൽ സ്റ്റേഷൻ പോസ്റ്റ് ഓഫീസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പോസ്റ്റൽ വകുപ്പ് മാതൃകാപരമായ ക്യാമ്പയിനാണ് തുടക്കമിടുന്നതെന്നും സ്ത്രീകൾക്ക് നാളെ ആരുടെ മുന്നിലും കൈ നീട്ടേണ്ട അവസ്ഥ ഉണ്ടാകരുതെന്നും ഇത്തരം പദ്ധതികൾക്ക് മികച്ച സ്വീകാര്യത ജനകീയമായ പ്രചാരണങ്ങളിലൂടെ ലഭിക്കുമെന്നും അവർ പറഞ്ഞു.ഫെബ്രുവരി 21 മുതൽ മാർച്ച് എട്ട് വരെയാണ് ക്യാമ്പയിൻ. തപാൽ സേവിങ്സ്, ഇൻഷുറൻസ് പദ്ധതികളിലുടെ സ്ത്രീകളുടെ ജീവിത സുരക്ഷയും സാമ്പത്തിക സ്വയംപര്യാപ്തതയും ഉറപ്പാക്കുക എന്നതാണ് ക്യാമ്പയിനിന്റെ ഉദ്ദേശം. പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷൂറൻസ്, സേവിങ്സ് അക്കൗണ്ട്, 100 രൂപ മുതൽ എത്ര വലിയ തുകയും പ്രതിമാസ തവണകളായി നിക്ഷേപിക്കാവുന്ന റെക്കറിങ്ങ് ഡെപ്പോസിറ്റ് അക്കൗണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട്, 15 വർഷത്തേക്കുള്ള നിക്ഷേപ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സ്ഥിര നിക്ഷേപത്തിനുള്ള ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്, അഞ്ച് വർഷത്തേക്കുള്ള നിക്ഷേപ പദ്ധതി, മുതിർന്ന പൗരൻമാർക്കുള്ള സ്ഥിര നിക്ഷേപം തുടങ്ങിയവയാണ് വിവിധ പദ്ധതികൾ.ഉദ്യോഗസ്ഥകൾ, പ്രൊഫഷണൽസ്, വീട്ടമ്മമാർ, വിദ്യാർഥിനികൾ എന്നിവർക്ക് അനുയോജ്യമായ പദ്ധതികളാണ് ലഭ്യമാക്കുന്നത്. തപാൽ ജീവനക്കാർ, മഹിളാ പ്രധാൻ ഏജന്റുമാർ, പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് ഡയറക്ട് ഏജന്റുമാർ തുടങ്ങിയവർ മുഖേനയാണ് സേവനങ്ങൾ നൽകുക. കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *