ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ‘വിമന്‍സ് ഡേ’ ആഘോഷങ്ങള്‍ ‘ബാലന്‍സ് ഫോര്‍ ബെറ്റര്‍’ എന്ന് നാമകരണം ചെയ്ത് നടത്തി. പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്സായ ഡോ. റോസ് വടകര, ഷൈനി തോമസ്, സ്വര്‍ണ്ണം ചിറമേല്‍ എന്നിവര്‍ ചേര്‍ന്ന് തിരിതെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
ഷിക്കാഗോ മലയാളി അസോസിയേഷന് വനിതകള്‍ക്ക് നല്കുന്ന പ്രധാന്യത്തിന്റെ ഭാഗമായിട്ടാണ് ഈ ഭരണസമിതിയുടെ എക്സിക്യൂട്ടീവിലും ബോര്‍ഡിലുമായി ഇത്രയധികം വനിതകളുള്ളതെന്നും വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്സിനെകൊണ്ടുതന്നെ വനിതാദിനം ഉദ്ഘാടനം ചെയ്യിച്ചതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജോഷി വള്ളിക്കളം ചൂണ്ടിക്കാട്ടി.
അമിത് ഹെല്‍ത്ത് ഹോളി ഫാമിലി ഹോസ്പിറ്റലിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ഷിജി അലക്സ് ഈവര്‍ഷത്തെ വനിതാദിനത്തിന്റെ പ്രമേയമായ ‘ബ്രേക്ക് ദി ബയസ്’ എന്ന വിഷയത്തെ ആസ്പദമാക്കി വനിതാ ദിന സന്ദേശം നല്കി. സ്ത്രീകള്‍ തന്നെ പ്രബുദ്ധരായി സ്വയം തീരുമാനമെടുത്ത് എങ്ങനെയാണ് മുന്നോട്ടുവരേണ്ടതെന്ന് സ്വന്തം ജീവിതത്തിലെ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി സംസാരിച്ചു.
ഷിക്കാഗോയിലും പരിസരങ്ങളിലുമുള്ള വനിതാ ഡോക്ടര്‍മാരെ ചടങ്ങില്‍ ആദരിച്ചു. വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്സായ ഡോ. റോസ് വടകര സ്വാഗതവും ഡോ. സ്വര്‍ണ്ണം ചിറമേല്‍ കൃതജ്ഞതിയും രേഖപ്പെടുത്തി. ജോയിന്റ് സെക്രട്ടറി ഡോ. സിബിള്‍ ഫിലിപ്പ് മീറ്റിംഗിന്റെ അവതാരകയായിരുന്നു. സെറാഫിന് ബിനോയി ഇന്ത്യന്‍ ദേശീയ ഗാനവും, അലോന ജോര്‍ജ് അമേരിക്കന്‍ ദേശീയ ഗാനവും ആലപിച്ചു.
വനിതകള്‍ക്കായി അന്നേദിവസം ‘പാചകറാണി’ മത്സരങ്ങള്‍ നടത്തി. വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫികളും നല്കി. തുടര്‍ന്ന് വനിതകള്‍ വിവിധങ്ങളായ കലാപരിപാടികള്‍ അവതരിപ്പിച്ചു. ശാന്തി ജയ്സണ്‍, മെര്ലിന് ജോസ്, ജോബ്മോന്‍ മാത്യു, ജസി തരിയത്ത് ആന്‍ഡ് ടീം എന്നിവരുടെ ഗാനങ്ങള്‍ ശ്രുതിമധുരമായിരുന്നു. സാറാ അനില്‍ കോര്‍ഡിനേറ്റ് ചെയ്ത് ഇരുപത്തഞ്ചിലധികം പേര് പങ്കെടുത്ത ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് നടത്തിയ ഇന്ത്യന്‍ ഫാഷന്‍ എക്സ്പ്രസ് ഡാന്‍സ് വളരെ ശ്രദ്ധേയമായി. സൂസന് ഏബ്രഹാം & മനാസി, ശ്രീദേവി പണ്ടാല & ടീം എന്നിവരുടെ ഡാന്‍സും പരിപാടികള്‍ക്ക് മാറ്റുകൂട്ടി.
അന്നേദിവസം നടത്തിയ റാഫിള്‍ ഡ്രോയില്‍ ഡോ. റോസ് വടകര സ്പോണ്സര് ചെയ്ത ഒന്നാം സമ്മാനമായ ആപ്പിള്‍ വാച്ച് ഡോ. ഏലിക്കുട്ടി ജോസഫ്, രണ്ടാം സമ്മാനമായ ബട്ടന് ഹൗസ് സ്പോണ്സര് ചെയ്ത സാരി ജിജോ പൂത്തറ, മൂന്നാം സമ്മാനമായ ഷിക്കാഗോ മലയാളി അസോസിയേഷന് സ്പോണ്സര് ചെയ്ത ജ്വല്ലറി ഡോ. സിയ പുതുമന എന്നിവര്‍ കരസ്ഥമാക്കി.
സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ്, ജോ. ട്രഷറര്‍ വിവീഷ് ജേക്കബ്, വിമന്‍സ് ഫോറം മെമ്പേഴ്സായ സൂസന് ചാക്കോ, സാറാ അനില്‍, ജൂബി വള്ളിക്കളം എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.