ഇടുക്കി: ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിക്കുള്ള യാത്രയ്ക്ക് തടസം ഉണ്ടാകാതെ ബദല്‍ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കോവിഡ് പ്രതിരോധ-കാലവര്‍ഷ മുന്നൊരുക്ക അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയുടെ ചുമതലയുള്ള മന്ത്രിയായതിനു ശേഷം നടത്തിയ ആദ്യ അവലോകനയോഗമായിരുന്നു ഇന്നലെ ഓണ്‍ലൈനായി നടത്തിയത്.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ മുതല്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള കോവിഡ് പതിരോധ പവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. കോവിഡിന്റെ മൂന്നാം തരംഗം മുന്നില്‍ കണ്ട് വേണം നാം പ്രവര്‍ത്തിക്കാന്‍. ഈ സാഹചര്യത്തില്‍ കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ ജാഗ്രതയോടെ മുന്നോട്ട് കൊണ്ടുപോകണം. അവ കാലത്തമാസം കൂടാതെ നടപ്പിലാക്കണം. ആരോഗ്യ വകുപ്പിന്റെ സേവനം വളരെ പ്രധാനമാണ്. എംഎല്‍എ മാരുടെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യണം. കൂടാതെ ആയുര്‍വേദ ഹോമിയോ വകുപ്പുകളുടെ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആരംഭിക്കുമ്പോള്‍ നെറ്റ്വര്‍ക്കും വൈദ്യുതിയും ഉറപ്പ് വരുത്തണം. ജില്ലയില്‍ നിലവില്‍ ഓക്‌സിജന്‍ – ഐസിയു ബെഡ്ഡുകള്‍ക്കോ കോവിഡ് ബെഡ്ഡുകള്‍ക്കോ ക്ഷാമമില്ല. നേഴ്സുമാര്‍ക്ക് ജോലിക്കെത്താന്‍ വേണ്ട വാഹന സൗകര്യം ഏര്‍പ്പെടുത്തണം. ഓരോ പഞ്ചായത്തിലും മൂന്ന് വാഹനങ്ങള്‍ വീതവും ആംബുലന്‍സും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇത് ആവശ്യമെങ്കില്‍ വര്‍ദ്ധിപ്പിക്കും. കൂടാതെ കോവിഡ് വ്യാപനം കൂടിയ പഞ്ചായത്തുകള്‍ക്കായി പ്രത്യേക യോഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ചേരുന്നത് നല്ലതാണ്. ഒരാഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.15% ആണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ വഹിച്ച പങ്കാളിത്തം വളരെ വലുതാണ്.
മരുന്നും ജീവനക്കാരും ഉണ്ടെങ്കില്‍ കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിനേഷന്‍ നല്‍കാന്‍ ജില്ലാ പഞ്ചായത്ത് വാഹനം അനുവദിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് യോഗത്തെ അറിയിച്ചു. 41 മുന്‍ഗണനാ വിഭാഗങ്ങളില്‍ നിന്നായി ജില്ലയില്‍ 11427 പേരെ കണ്ടെത്തിയെങ്കിലും മുഴുവന്‍ ആളുകളും വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മുഗണനാ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുഴുവന്‍ വാക്‌സീന്‍ നല്‍കാനുള്ള മരുന്ന് ജില്ലയില്‍ സ്റ്റോക്കുണ്ടെന്നും ജില്ലാ കലക്ടര്‍ എച്ച ദിനേശന്‍ യോഗത്തെ അറിയിച്ചു. എ രാജ എം എല്‍ എ. ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍ പ്രിയ, മെഡിക്കല്‍ കോളേജ്, താലൂക്ക് ആശുപത്രി സൂപ്രണ്ടുമാര്‍, ദേശീയ പാത, പൊതുമരാമത്ത്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ സംബന്ധിച്ചു.