ഒര്‍ലാന്‍ഡോ (ഫ്ളോറിഡ): ഒര്‍ലാന്‍ഡോ സെന്റ് എഫ്രേം യാക്കോബായ സുറിയാനിപ്പള്ളിയില്‍, കാലം ചെയ്ത മുന്‍ പാത്രിയര്‍ക്കീസ് മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ ബാവായുടെ ഓര്‍മയാചരണം ഏപ്രില്‍ 27 നു (ഞായര്‍) ആഘോഷിക്കുന്നു.
രാവിലെ 11 നു പ്രഭാതപ്രാര്‍ഥനയെത്തുടര്‍ന്നു വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന ധൂപപ്രാര്‍ത്ഥന നേര്‍ച്ചവിളമ്പു എന്നിവ ആഘോഷത്തിന്റെ ഭാഗമായിരിക്കും.
1931 – ല്‍ ഇറാഖിലെ മൊസൂളില്‍ ജനിച്ച പരിശുദ്ധ പിതാവ് ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നു ദൈവവഴിയിലേക്കു തിരിയുകയും പതിനഞ്ചാം വയസില്‍ ശെമ്മാശനായും ഇരുപത്തിയൊന്നാം വയസില്‍ സന്യാസം സ്വീകരിച്ചു റമ്പാനായും അഭിഷേകം ചെയ്യപ്പെട്ടു . 1955 ല്‍ പൂര്‍ണ ശെമ്മാശനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സെക്രട്ടറി സംഘത്തിലേക്ക് ക്ഷണിക്കപ്പെട്ടു.1957 ല്‍ പരിശുദ്ധ യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായാല്‍ കശീശ്ശാ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹം അമേരിക്കയില്‍ ഉപരിപഠനത്തിനും ഗവേഷണത്തിനായി പുറപ്പെട്ടു .1961 ല്‍ പരിശുദ്ധ യാക്കോബ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവായാല്‍ സാഖാ മോര്‍ സേവേറിയോസ് എന്ന പേരില്‍ മൊസൂളിലെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട അദ്ദേഹം 1964 ല്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവായോടൊപ്പം ഭാരതം സന്ദര്‍ശനം നടത്തി.
അന്ത്യോഖ്യ മലങ്കര ബന്ധത്തിന്റെ തെളിവായി മൈലാപ്പൂരില്‍നിന്നും ഉറഹായിലേക്കു മാറ്റപ്പെട്ട പരിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പുകള്‍ മൊസൂളിലെ സെന്റ് തോമസ് ദേവാലയ പുനരുദ്ധാരണസമയത്തു കണ്ടെടുത്തത് തന്റെ ജീവിതത്തിലെ അവിസ്മരണീയ സംഭവമായി പരിശുദ്ധ പിതാവ് കണക്കാക്കിയിരുന്നു.
1980 ല്‍ പരിശുദ്ധ യാക്കൂബ് തൃതീയന്‍ ബാവ കാലം ചെയ്തതിനെത്തുടര്‍ന്നു പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിലെ 122-ാമത്തെ പാത്രിയര്‍ക്കീസ് ആയി അദ്ദേഹം വാഴിക്കപ്പെട്ടു. നിരവധി പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം ധാരാളം പട്ടക്കാരെയും മേല്‍പ്പട്ടക്കാരെയും വാഴിക്കുകയും ഭദ്രാസനങ്ങളുടെ വളര്‍ച്ചക്ക് വേണ്ടതെല്ലാം ചെയ്യുകയും ചെയ്തു.
മറ്റു സഭാവിഭാഗങ്ങളുമായി ദൃഢമായ ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹം പലതവണ ഭാരതത്തില്‍ ശ്ലൈഹീക സന്ദര്‍ശനം നടത്തുകയും ഹൃദ്യമായ പെരുമാറ്റംകൊണ്ടു എല്ലാവരുടെയും സ്നേഹാദരവുകള്‍ പിടിച്ചുപറ്റുകയും ചെയ്തു.
2014 മാര്‍ച്ച് 21 നു ജര്‍മനിയില്‍ കാലംചെയ്ത അദ്ദേഹത്തെ ഡമാസ്‌കസിലുള്ള പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലുള്ള ദേവാലയത്തില്‍ കബറടക്കി.
വിവരങ്ങള്‍ക്ക് : ഫാ .പോള്‍ പറമ്പത് (വികാരി) 6103574883 , ബിജോയ് ചെറിയാന്‍ (ട്രസ്റ്റി) 4072320248, എന്‍.സി .മാത്യു (സെക്രട്ടറി) 4076019792.