തൃശൂർ : മാർച്ച് 30 മുതൽ ഏപ്രിൽ 26 വരെ നടക്കുന്ന ഹയർസെക്കന്ററി രണ്ടാം വർഷ പൊതുപരീക്ഷയ്ക്ക് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ല ഹയർസെക്കന്ററി കോർഡിനേറ്റർ വി എം കരീം അറിയിച്ചു. ജില്ലയിൽ 196 സെൻ്ററുകളിലായി 36,909 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 18263 പേർ പെൺകുട്ടികളും 18646 പേർ ആൺകുട്ടികളുമാണ്.
സ്കൂൾ ഗോയിങ്ങ് വിഭാഗത്തിൽ 16544 പെൺകുട്ടികളും 15270 ആൺകുട്ടികളും പരീക്ഷ എഴുതുന്നു. ഓപൺ സ്കൂൾ വിഭാഗത്തിൽ 1302 പെൺകുട്ടികളും 2089 ആൺകുട്ടികളും പ്രൈവറ്റ് വിഭാഗത്തിൽ 417 പെൺകുട്ടികളും 1287 ആൺകുട്ടികളും ഇത്തവണ പരീക്ഷ എഴുതുന്നു. പരീക്ഷക്ക് വേണ്ട ഉത്തരക്കടലാസുകൾ ഇതിനോടകം തന്നെ സ്കൂളുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഓരോ പരീക്ഷ സെൻ്ററിലും ഒരു ക്ലാസിന് ഒരു ഇൻവിജിലേറ്റർ എന്നതിന് പുറമെ രണ്ട് ഡെപ്യൂട്ടി ചീഫുമാരും ഒരു ചീഫും ഉണ്ടായിരിക്കും. ചോദ്യപേപ്പർ സംരക്ഷണത്തിനായി രാത്രികാല സംരക്ഷണ ജീവനക്കാരെ എല്ലാ സ്കൂളുകളിലും ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.