കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം കാലാവധി നീട്ടി

Spread the love

തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം വഴിയുള്ള ചികിത്സാ സഹായം 2022-23 വര്‍ഷം കൂടി നീട്ടി അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കാണ് അനുമതി നല്‍കിയത്. സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം വഴി ചികിത്സാ സഹായം ലഭ്യമാക്കുന്നതാണ്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഏറ്റെടുത്ത ശേഷം കാരുണ്യ ബെനവലന്റ് ഫണ്ട് വഴി 1,90,123 ക്ലൈമുകളില്‍ 109.66 കോടി രൂപയുടെ ചികിത്സയാണ് നല്‍കിയത്. നിലവില്‍ 198 സര്‍ക്കാര്‍ ആശുപത്രികളും 452 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 650 ആശുപത്രികള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. ഈ ആശുപത്രികളില്‍ നിന്നും കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേനയും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴിയും ചികിത്സാ സഹായം ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

കാസ്പ് പദ്ധതിയില്‍ അംഗങ്ങളായ എല്ലാവര്‍ക്കും ഈ ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് വര്‍ഷന്തോറും കാസ്പിലൂടെ ലഭിക്കുന്നത്. കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയുള്ളവരുമായ എ.പി.എല്‍./ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ചികിത്സ മുടങ്ങാതിരിക്കാനാണ് ധനവകുപ്പിന്റെ അനുമതിയോടെ കാരുണ്യ ബെനവലന്റ് ഫണ്ട് നീട്ടുന്നത്. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി, കാസ്പ് പദ്ധതിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ട്രാന്‍സാക്ഷന്‍ മാനേജ്മന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ച് മികച്ച പ്രവര്‍ത്തനം നടത്തിയതിന് ദേശീയ തലത്തില്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന ഒരു കുടുംബത്തിന് 2 ലക്ഷം രൂപയാണ് ചികിത്സാ ധനസഹായം ലഭിക്കുന്നത്. വൃക്ക മാറ്റിവയ്ക്കുന്നവര്‍ക്ക് 3 ലക്ഷം രൂപയും ലഭിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *